ഇനി വേദന സഹിക്കേണ്ട, സ്പോണ്ടിലോസിസ് നേരത്തേ കണ്ടെത്താം, ചികിത്സ തേടാം

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

നട്ടെല്ലിനെ ബാധിക്കുന്ന പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് സ്പോണ്ടിലോസിസ്. ജീവിതശൈലി മാറിയതോടെ ഈ രോഗാവസ്ഥ വ്യാപകമായിട്ടുണ്ട്. നട്ടെല്ലിലെ അസ്ഥികൾക്കും ഇതിനിടയിലുള്ള ഡിസ്‌കുകൾക്കും ലിഗമെന്റുകൾക്കും ഉണ്ടാകുന്ന തേയ്മാനം പ്രധാനമായും സ്പോണ്ടിലോസിസിന് കാരണമാകുന്നു.

സെർവിക്കൽ സ്‌പോണ്ടിലോസിസ്

കഴുത്തിന്റെ ഭാഗത്ത് (Cervical Spine) ഉണ്ടാകുന്ന തേയ്മാനമാണ് സെർവിക്കൽ സ്‌പോണ്ടിലോസിസിന് പ്രധാന കാരണം. വ്യാപകമായി കാണപ്പെടുന്ന സ്‌പോണ്ടിലോസിസ് രോഗാവസ്ഥയും ഇതാണ്. ജോലിയുടെ ഭാഗമായി ഒരേ പൊസിഷനിൽ ദീർഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമെല്ലാം ഇതിലേക്ക് നയിക്കാം.

ലംബാർ സ്‌പോണ്ടിലോസിസ്

നട്ടെല്ലിന്റെ കീഴ്ഭാഗത്താണ് ഇത് പ്രധാനമായും കാണപ്പെടുക. പുറംഭാഗത്ത് താഴെയായി വേദന അനുഭവപ്പെടുക, കാലിലേക്ക് വേദന വ്യാപിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

തൊറാസിക് സ്‌പോണ്ടിലോസിസ്

വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന സ്‌പോണ്ടിലോസിസ് രോഗാവസ്ഥയാണിത്. നട്ടെല്ലിന്റെ മധ്യഭാഗത്ത് സംഭവിക്കുന്ന തേയ്മാനമാണ് ഇതിന് പ്രധാന കാരണം.

ആങ്കിലോസിങ്ങ് സ്‌പോണ്ടിലോസിസ്

ഇത് ഒരു ഓട്ടോ ഇമ്യൂൺ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഈ രോഗാവസ്ഥയിൽ നട്ടെല്ലിന് കട്ടി കൂടുകയും വളയാതെ പോവുകയും ചെയ്യുന്നു. പൊതുവെ യുവാക്കളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.

സ്ഥിരമായ കഴുത്തുവേദന അല്ലെങ്കിൽ പിൻഭാഗത്തുള്ള വേദന, രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തും ചുറ്റുമുള്ള ഭാഗങ്ങളും ഉറച്ചതുപോലെ അനുഭവപ്പെടുക, കൈ-കാൽ മരവിപ്പ്, തലവേദന (സെർവിക്കൽ കേസുകളിൽ) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വാഹനമോടിക്കുമ്പോൾ

  • ഡ്രൈവിങ് സീറ്റിൽ നേരേയിരിക്കുക.
  • ഹെഡ്റെസ്റ്റ് തലയ്ക്ക് സപ്പോർട്ട് വരുന്നവിധത്തിലായിരിക്കണം.
  • സ്റ്റിയറിങ് വീലിലേക്ക് ആഞ്ഞിരിക്കരുത്.
  • ദീർഘദൂരം വാഹനം ഓടിക്കേണ്ടിവരുമ്പോൾ ഇടയ്ക്ക് വിശ്രമിക്കാം.

കാരണങ്ങൾ

സ്‌പോണ്ടിലോസിസിന് കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. പൊതുവെ 40 വയസ്സിന് മുകളിലുള്ളവരിലാണ് രോഗം പ്രധാനമായും കാണപ്പെടുന്നത്. പ്രായം വർധിക്കുന്നതിനനുസരിച്ച് രോഗസാധ്യതയും കൂടും. വളഞ്ഞ് മടങ്ങി ഇരിക്കുന്നതും വേദനയ്ക്ക് കാരണമാകാം.

ജീവിതശൈലിയിലെ മാറ്റങ്ങൾ സ്പോണ്ടിലോസിസിന് കാരണമായേക്കാം. ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സ്‌പോണ്ടിലോസിസിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

വ്യായാമക്കുറവും അമിതവണ്ണവുമാണ് മറ്റൊരു പ്രശ്നം. ജനിതകപരമായ തകരാറുകളും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ആങ്കിലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് ഓട്ടോ ഇമ്യൂൺ സംബന്ധമായ പ്രശ്‌നങ്ങളും കാരണമാണ്.

രോഗനിർണ്ണയം

ഡോക്ടറുടെ പരിശോധനയാണ് രോഗനിർണ്ണയത്തിന്റെ പ്രാരംഭഘട്ടം. സ്‌പോണ്ടിലോസിസ് സംശയിക്കുകയാണെങ്കിൽ എക്‌സ്-റെ, എം.ആർ.ഐ. സ്‌കാനിങ്, സി.ടി. സ്‌കാനിങ് എന്നിവ നിർദ്ദേശിക്കും. ഇതിന് പുറമെ ചില ഘട്ടങ്ങളിൽ രക്ത പരിശോധനയും ആവശ്യമായി വരാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
  • ദീർഘനേരം മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കാതിരിക്കുക.
  • തലയ്ക്ക് സമാന്തരമായി മൊബൈൽഫോൺ പിടിച്ചുപയോഗിക്കുക.
  • ഉറങ്ങുമ്പോൾ ശരിയായ തലയിണ തെരഞ്ഞെടുക്കണം.
  • നടുനിവർത്തി നേരെ ഇരിക്കുക.
  • ദീർഘനേരം ഒറ്റ ഇരിപ്പിരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക.
  • ശരീരഭാരം നിയന്ത്രിക്കണം.
  • നീന്തൽ, സൈക്ലിങ് പോലുള്ള വ്യായാമങ്ങൾ ശീലമാക്കാം.
  • സന്ധികളുടെ വഴക്കം മെച്ചപ്പെടുത്തുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യാം.

ചികിത്സ

അതിവേഗം രോഗനിർണ്ണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഏത്ര നേരത്തേ ചികിത്സ തുടങ്ങുന്നുവോ അത്രയും ഫലപ്രാപ്തി വർധിക്കും. വേദന കുറയ്ക്കുന്ന മരുന്നുകളും, മസിൽ റിലാക്‌സന്റുകളും, ചില സന്ദർഭങ്ങളിൽ അണുബാധ നിയന്ത്രിക്കാനുള്ള മരുന്നുകളും ആവശ്യമായി വരും. ചില ഘട്ടങ്ങളിൽ എപ്പിഡ്യൂറൽ സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും നിർദ്ദേശിക്കപ്പെടുന്നു.

ഫിസിയോതെറാപ്പി മറ്റൊരു പ്രധാന ചികിത്സാരീതിയാണ്. കഴുത്തും പിൻവശവും ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ, പോസ്റ്റർ കറക്ഷൻ, സ്ട്രച്ചിങ് വ്യായാമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. ജീവിത ശൈലിയിൽ ആവശ്യമായ മാറ്റങ്ങളും വേണ്ടി വരും. രോഗാവസ്ഥ സങ്കീർണ്ണമാണെങ്കിൽ ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായേക്കാം.

കടപ്പാട്: ഡോ. ആര്യാ പ്രകാശൻ

(ജനറൽ പ്രാക്ടീഷണർ, നീതി ഹോസ്പിറ്റൽ, ചെറുവറ്റ, കോഴിക്കോട്)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Comprehensive overview of cervical, lumbar, thoracic, and ankylosing spondylosis., Expert diagnosis methods including MRI and CT scans., Treatment strategies involving medication, physiotherapy, and lifestyle corrections., Actionable 2026 tips for posture, driving, and daily exercise to prevent spinal degeneration.