ഉറങ്ങുംമുമ്പ് മസ്കാര റിമൂവ് ചെയ്യാൻ മടിയാണോ? കണ്ണിന് പണി കിട്ടും!

ചിത്രം: Freepik
ചിത്രം: Freepik

ദിവസവും മസ്കാര ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. കൺപീലികളെ വിടർത്തി മനോഹരമാക്കി വെയ്ക്കുന്നതിൽ മസ്കാരയുടെ പങ്ക് ചെറുതല്ല. ക്ഷീണിച്ചെത്തുന്ന ചില ദിവസങ്ങളിൽ അത് റിമൂവ് ചെയ്യുക എന്നത് അല്പം പ്രയാസകരമായ ജോലിയാണ്. എന്നാൽ ഒരു ദിവസമല്ലേ എന്ന് കരുതി മസ്കാര മാറ്റാതെ ഉറങ്ങുന്നത് അത്ര വലിയ കുഴപ്പമാണോ? നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, ഇത് കണ്ണിന് നീറ്റലുണ്ടാക്കാനും കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കാനും കാരണമായേക്കാം.

രാത്രിയിൽ മസ്കാര നീക്കം ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? ന്യൂയോർക്കിലെ പ്രശസ്ത നേത്രരോഗ വിദഗ്ധയായ ഡോ. ജെന്നിഫർ സായ് ജനുവരി 15-ന് പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. കണ്ണിലെ മേക്കപ്പ് ശരിയായി നീക്കം ചെയ്തില്ലെങ്കിൽ മസ്കാരയുടെ ചെറിയ തരികൾ കൺപോളകൾക്ക് താഴെ അടിഞ്ഞുകൂടുന്ന ദൃശ്യങ്ങൾ അവർ വീഡിയോയിൽ പങ്കുവെച്ചിരുന്നു.

ഈ തരികൾ കൺപോളകൾക്കുള്ളിൽ കട്ടിയുള്ള അവശിഷ്ടങ്ങളായി മാറുകയും ഓരോ തവണ കണ്ണ് ചിമ്മുമ്പോഴും കണ്ണിന്റെ ഉപരിതലത്തിൽ ഉരസുകയും ചെയ്യുന്നു. കാലക്രമേണ, ഈ ഘർഷണം കണ്ണിന് അസ്വസ്ഥത, ചുവപ്പ്, അല്ലെങ്കിൽ കോർണിയയിൽ പോറലുകൾ എന്നിവയ്ക്ക് കാരണമാകും.

"നിങ്ങൾ മസ്കാര മാറ്റാതെയാണോ രാത്രി ഉറങ്ങുന്നത്? എങ്കിൽ കൺപോളകൾക്ക് താഴെ ഒന്ന് നോക്കൂ. മസ്കാരയുടെ പിഗ്മെന്റ്, കൺപോളകൾക്ക് താഴെ ചെറിയ കട്ടകളായി രൂപപ്പെടുന്നു. കണ്ണ് ചിമ്മുമ്പോൾ ഈ മുഴകൾ കോർണിയയിൽ പോറലുകൾ ഉണ്ടാക്കുകയും കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു."

കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ എല്ലാ രാത്രിയിലും മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അവർ ഊന്നിപ്പറയുന്നു. കൺപീലികൾ 'ഡബിൾ ക്ലെൻസിംഗ്' ചെയ്യാനും, എളുപ്പത്തിൽ കഴുകിക്കളയാൻ ബുദ്ധിമുട്ടുള്ള വാട്ടർപ്രൂഫ് മസ്കാരകൾ പരമാവധി ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. സാധാരണ മസ്കാരയ്ക്ക് പകരമായി 'ട്യൂബിംഗ് മസ്കാര' ഉപയോഗിക്കുന്നത് നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു.

 ദീർഘകാലാടിസ്ഥാനത്തിൽ മസ്കാര മാറ്റാതെ ഉറങ്ങുന്നത്, കണ്ണിനെ സാരമായി ബാധിക്കാം. കണ്ണുകളുടെ ആരോഗ്യത്തിന് രാത്രികാലങ്ങളിലെ മേക്കപ്പ് റിമൂവൽ വളരെ പ്രധാനമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sleeping with mascara on can cause eye irritation, corneal damage, and build-up. Learn why removing it nightly is crucial for healthy eyes.