സ്ലീപ് ഡിവോഴ്‌സോ സ്‌കാന്‍ഡിനേവിയന്‍ ഉറക്കമോ മികച്ചത്? ഒന്നു പരീക്ഷിച്ചാലോ?

ദിവസംമുഴുവന്‍ ഒന്നിച്ച് ചെലവഴിച്ച ശേഷം പങ്കാളികള്‍ ഉറങ്ങാനായി വ്യത്യസ്തമുറികളിലേക്കോ വ്യത്യസ്ത ബെഡുകളിലേക്കോ പോകുന്ന സ്ലീപ് ഡിവോഴ്‌സ് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ദമ്പതിമാര്‍ക്ക് നല്ല ഉറക്കം കിട്ടാനും അവര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സ്ലീപ് ഡിവോഴ്‌സ് നല്ല രീതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. പരസ്പരം ശല്യപ്പെടുത്താതെ നിലവാരമുള്ള ഉറക്കം ഉറപ്പാക്കുകയാണ് ഈ രീതിയുടെ ഗുണം. ഇന്ത്യയാണ് സ്ലീപ് ഡിവോഴ്‌സില്‍ മുമ്പിലെന്ന് 2025-ല്‍ റെസ്‌മെഡ് നടത്തിയ ആഗോള സ്ലീപ് സര്‍വേയില്‍ പറയുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രന്‍ഡായിക്കൊണ്ടിരിക്കുന്നത് സ്‌കാന്‍ഡിനേവിയന്‍ ഉറക്കരീതിയാണ്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ ഉറക്കശീലമാണിത്. ഒന്നിച്ചുറങ്ങുന്ന ദമ്പതിമാര്‍ വെവ്വേറെ പുതപ്പുകള്‍ ഉപയോഗിക്കുന്നതാണ് ഈ രീതി. ഒരു പുതപ്പിനുള്ളില്‍ കിടന്നുറങ്ങുമ്പോഴുള്ള സ്വാതന്ത്ര്യക്കുറവ് പരിഹരിക്കാം, രണ്ടുപേര്‍ക്കും തങ്ങളുടെ ഇഷ്ടത്തിനൊത്ത് പുതപ്പ് കൈകാര്യം ചെയ്യാം.
പാതിരാത്രിയില്‍ ഉറക്കത്തിനിടെ പുതപ്പിനായി അടിപിടി കൂടേണ്ടതില്ല. പുതപ്പിന്റെ അറ്റംപിടിച്ച് ശരീരത്തെ വളച്ചുവെച്ച് ഉറങ്ങേണ്ടതുമില്ല. ഇഷ്ടമുള്ള ആകൃതിയില്‍ സ്വന്തം പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടാം. ചൂടും തണുപ്പും ഒരുപോലെ ഇഷ്ടപ്പെടുന്നവരായിരിക്കില്ല പലപ്പോഴും പങ്കാളികള്‍. അതുകൊണ്ടുതന്നെ ആവശ്യമുണ്ടെങ്കില്‍ മാത്രം പുതച്ചാല്‍ മതിയെന്ന സൗകര്യവുമുണ്ട്.
വ്യത്യസ്ത ബെഡുകളിലോ മുറികളിലോ ഉറങ്ങുമ്പോള്‍ പങ്കാളികളെ പരസ്പരം മിസ്സ് ചെയ്യുന്നവരുണ്ട്. ആ ഒറ്റക്കാരണം കൊണ്ടുമാത്രം അവര്‍ക്ക് നല്ലരീതിയില്‍ ഉറങ്ങാന്‍ പറ്റാറുമില്ല. പങ്കാളികള്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചുകിടക്കുന്നത് ദീര്‍ഘായുസ്സ് കൊണ്ടുവരുമെന്ന് അടുത്തിടെ പഠനങ്ങളും പുറത്തുവന്നിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ സ്ലീപ് ഡിവോഴ്‌സിനേക്കാള്‍ നല്ലത് സ്‌കാന്‍ഡിനേവിയന്‍ ഉറക്കംതന്നെയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
നന്നായി ഉറങ്ങുന്നവരാണ് നല്ല ഊര്‍ജ്ജമുള്ളവര്‍ എന്നത് സത്യമാണ്. ശരീരത്തെയും മനസ്സിനെയും ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ നല്ല ഉറക്കം പ്രധാനം തന്നെ. വിവിധ അവയവങ്ങള്‍ ചെറിയ തകരാറുകളെ പരിഹരിക്കുന്നതും വിശ്രമിക്കുന്നതുമെല്ലാം നമ്മള്‍ ഉറങ്ങുന്ന സമയത്താണല്ലോ. അതുകൊണ്ട് ഏത് രീതി പരീക്ഷിച്ചാലും ശരി ദിവസേന ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക.
Content Highlights: sleep divorce or scandinavian sleep, which is better