രാവിലെ ഉണരാന്‍ ഫോണില്‍ നാലും അഞ്ചും അലാറം വെക്കുന്നവരാണോ നിങ്ങള്‍?

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ഏഴുമണിക്കായിരിക്കും എഴുന്നേൽക്കേണ്ടത്. എങ്കിലും ആറര മുതല്‍ പലസമയങ്ങളിലായി ഫോണില്‍ അലാറം വെക്കാറുണ്ടോ? ഫോണില്‍ ചുരുങ്ങിയത് അഞ്ച് അലാറമുണ്ടാവും. അഞ്ചര മുതല്‍ തുടങ്ങും. ഓരോ തവണ അലാറമടിക്കുമ്പോഴും, അത് ഓഫ് ചെയ്ത് വീണ്ടും കുറച്ചുനേരം കൂടി മൂടിപ്പുതച്ചു കിടന്നുറങ്ങും. ഇങ്ങനെയുള്ള ആളാണോ നിങ്ങള്‍? ഇങ്ങനെ ചെയ്യുന്നത് എണീക്കുമ്പോള്‍ തന്നെ നിങ്ങളെ മുഷിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധനും ടിക്ടോക് ഉപയോക്താവുമായ ജോര്‍ഡന്‍ ബ്രസ് പറയുന്നു. 

''ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. എന്നാല്‍ ഇങ്ങനെ ഒരുപാട് അലാറങ്ങള്‍ സെറ്റ് ചെയ്യുമ്പോള്‍, അത് മാനസികസമ്മര്‍ദം കൂട്ടും''. 

ഉറക്കത്തിന്റെ അവസാനഘട്ടത്തിനെ 'റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്' എന്നാണ് പറയുന്നത്. ഈ ഘട്ടത്തിലാണ് നമ്മുടെ ഉള്ളിലെ ക്രിയാത്മകതയും ഓര്‍മകളുമൊക്കെ ഉണരുന്നത്. അപ്പോള്‍ ഉറക്കമുണരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. രാവിലെ അടുപ്പിച്ച്, പല സമയങ്ങളിലുള്ള അലാറം കേട്ടുണരുന്നത് ഈ അവസാനഘട്ടത്തിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് ആളുകളില്‍ മൂഡ് സ്വിങ്‌സ്, ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടാക്കാം. മാത്രമല്ല ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും. 

ഓരോ തവണ അലാറം ഓഫ് ചെയ്യുമ്പോഴും, ഇത് വല്ലാതെ സമ്മര്‍ദത്തിലാക്കും. ഇങ്ങനെ തുടര്‍ച്ചയായി വരുമ്പോള്‍ വിഷാദത്തിലേക്കും മറ്റും നയിക്കുമെന്നും ജോര്‍ഡന്‍ പറയുന്നു. അതുകൊണ്ട് ഒരു അലാറം മാത്രം വെച്ചാല്‍ മതി. ആ അലാറമടിക്കുമ്പോള്‍ ഓഫാക്കി വീണ്ടും കിടക്കുന്നതിനുപകരം, അപ്പോള്‍ തന്നെ എണീറ്റാല്‍ അതാണേറ്റവും ആരോഗ്യകരം.
 

Content Highlights: sleep and setting multiple alarm