സണ്‍സ്‌ക്രീന്‍ ശീലമാക്കാം, ആഹാരവും വെള്ളവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനം

മുഖക്കുരുവും പാടും അകറ്റാനും തിളങ്ങുന്ന ചര്‍മം നിലനിര്‍ത്താനും കൃത്യമായ ചര്‍മപരിപാലനം ശീലമാക്കാം. വരണ്ട ചര്‍മം, സാധാരണ ചര്‍മം, എണ്ണമയമുള്ള ചര്‍മം ഇങ്ങനെ ചര്‍മം മൂന്നുതരത്തിലാണുള്ളത്. ഓരോന്നിനും അനുയോജ്യമായ ചര്‍മസംരക്ഷണ മാര്‍ഗങ്ങളുണ്ട്.
- ചര്‍മത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അത് പരിഹരിക്കാന്‍ ചര്‍മസംരക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്താനും ചര്‍മ രോഗ വിദഗ്ധന്റെ സഹായം തേടണം.
- മോയിസ്ചറൈസര്‍ പുരട്ടി ചര്‍മത്തിലെ ഈര്‍പ്പം എപ്പോഴും നിലനിര്‍ത്താം.
- ഓരോ ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും അതിലടങ്ങിയ ചേരുവകളെ തിരിച്ചറിഞ്ഞ് വിഷാംശം ഉള്ള വസ്തുക്കളോ പരിസ്ഥിതിക്ക് ദോഷകരമായേക്കാവുന്നവയോ ഇല്ലെന്ന് ഉറപ്പുവരുത്തണം.
- സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് ശീലമാക്കുക. മുഖത്തും കഴുത്തിലും കൈകള്‍ക്കുപുറകിലും അങ്ങനെ വെയിലേല്‍ക്കാനിടയുള്ള ഭാഗത്തെല്ലാം പുരട്ടുന്നത് നല്ലതാണ്.
- എസ്.പി.എഫ് 30 ക്ക് മുകളിലുള്ള സണ്‍സ്‌ക്രീനുകളാണ് നിര്‍ദേശിക്കാറുള്ളത്.
- സണ്‍സ്‌ക്രീന്‍ പാക്കറ്റുകളില്‍ കാണുന്ന UV-A, PA+++ എന്നിങ്ങനെയുള്ള എഴുത്തുകള്‍ ഓരോ ബ്രോഡ്സ്പെക്ട്രത്തില്‍നിന്നും സണ്‍സ്‌ക്രീന്‍ നല്‍കുന്ന സംരക്ഷണത്തെ സൂചിപ്പിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മിപോലുള്ളവയില്‍ നിന്നും സംരക്ഷണമേകുന്നവയാണ് അത്. ഇത്തരത്തിലുള്ള സണ്‍സ്‌ക്രീനായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
- വെയിലത്ത് പുറത്തുപോകുമ്പോള്‍ സംരക്ഷണം നല്‍കാനുള്ള ഒരു മാര്‍ഗം മാത്രമാണ് സണ്‍സ്‌ക്രീനുകള്‍. എന്നാല്‍ സൂര്യാഘാതമോ, വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകളോ ഒഴിവാക്കാന്‍ വേറെയും കാര്യങ്ങള്‍ ശ്രദ്ധിക്കണം. തണലില്‍ നടക്കാന്‍ ശ്രമിക്കുക. ഉച്ചസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക. വെയിലത്ത് പുറത്തുപോകുമ്പോള്‍ ദേഹം മുഴുവനും മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കുടചൂടുക.
- ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്സ്ഫോളിയേറ്റിങ് ക്രീമുകള്‍ ഉപയോഗിക്കാ. പ്രൊസീജിയറുകളും, പീലുകളും ചെയ്യാം.
- പ്രത്യേകിച്ച് ചര്‍മരോഗങ്ങളൊന്നും ഇല്ലാത്ത ആളുകള്‍ സണ്‍സ്‌ക്രീനും മോയിസ്ചറൈസറുമടങ്ങുന്ന ചര്‍മസംരക്ഷണംമാത്രം ശീലമാക്കുന്നതാണ് നല്ലത്. വിപണിയില്‍ കാണുന്ന എല്ലാ സാധനങ്ങളും മുഖത്ത് പരീക്ഷിക്കുന്നതിനുമുന്നേ പലവട്ടം ആലോചിക്കണം.
- പകലും രാത്രിയും ചര്‍മസംരക്ഷണരീതികള്‍ ചെയ്യുന്നത് നല്ലതാണ്. മുഖക്കുരുവോ കരിവാളിപ്പോ ഉണ്ടാകുമ്പോള്‍ ആക്ടീവ്സ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. നൈസിനമൈഡ്, ഹായ്ലൂറോണിക് ആസിഡ്, റെറ്റിനോള്‍ എന്നിങ്ങനെയുള്ള പദാര്‍ഥങ്ങള്‍ ഇത്തരത്തിലുള്ള ചര്‍മപ്രശ്‌നം പരിഹരിക്കാറുണ്ട്.
- ആഹാരവും വെള്ളവും ചര്‍മത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി വെക്കുന്നതും പോഷകാഹാരങ്ങള്‍ കഴിക്കുന്നതും കൃത്യമായ ആഹാരക്രമങ്ങള്‍ പാലിക്കുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും ചര്‍മത്തില്‍ പ്രതിഫലിക്കും.
(കടപ്പാട്
ഡോ. സൗമ്യ ജഗദീശന്‍
അഡീഷണല്‍ പ്രൊഫസര്‍
ചര്‍മ രോഗ വിഭാഗം, അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി)
Content Highlights: skincare during summer sunscreen drink water