കുട്ടിക്ക് മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുണ്ടോ? തിരിച്ചറിയാം കുട്ടികളിലെ വിഷാദരോഗം

മാനസികാരോഗ്യ പ്രശ്‌നങ്ങളിലെ ജലദോഷമെന്നാണ് വിഷാദരോഗത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന സര്‍വസാധാരണമായ മാനസികാരോഗ്യപ്രശ്‌നമാണിത്. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് അത് ആളുകളുടെ നിത്യജീവിതത്തെ ബാധിക്കുന്നതെന്നു മാത്രം. സ്ത്രീകളില്‍ 20 ശതമാനം ആളുകളിലും പുരുഷന്മാരില്‍ 10 ശതമാനം പേരിലും ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിഷാദരോഗം ബാധിക്കാറുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. 2016 ല്‍ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി നടത്തിയ ഒരു പഠനത്തില്‍ മലയാളികളില്‍ 12.43 ശതമാനം ആളുകള്‍ക്ക് ചികിത്സ ആവശ്യമുള്ള തരം ഒരു മാനസികാര്ഗ്യപ്രശ്‌നമെങ്കിലുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുപോലെ ഒന്‍പത് ശമാനം പേര്‍ക്ക് ചികിത്സ ആവശ്യമുള്ള തരം വിഷാദരോഗമുണ്ടെന്നും കണ്ടെത്തിയിരുന്നു. കോവിഡിന്റെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലോകത്തെങ്ങും വിഷാദരോഗത്തിന്റെ തോതില്‍ 25 ശതമാനം വളര്‍ച്ചയുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും ഇന്ന് വിഷാദരോഗത്തിന്റെ തോത് ഏറുന്നുണ്ട്. കൃത്യമായി കണ്ടെത്തിയാല്‍ വളരെവേഗം ഭേദമാക്കി അവരെ സാധാരണജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും അവര്‍ക്ക് അവരുടെ കുട്ടിക്കാലം തിരിച്ചുനല്‍കാനും കഴിയും.
കുട്ടികളില്‍ വിഷാദരോഗം തിരിച്ചറിയാം
താഴെ പറയുന്ന പത്ത് ക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായി നീണ്ടുനിന്നാല്‍ ആ കുട്ടിക്ക് വിഷാദരോഗമുണ്ടെന്ന് കരുതാം.
1. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സങ്കടഭാവം, അല്ലെങ്കില്‍ ദേഷ്യം. നിസ്സാര കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുക, ശബ്ദങ്ങളോട് അസഹിഷ്ണുത കാണിക്കുക, ദേഷ്യപ്പെട്ട് ചീത്ത വാക്കുകള്‍ ഉപയോഗിക്കുക, നിമിഷ നേരത്തേക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന അക്രമസ്വഭാവം എന്നിവ.
2. മുന്‍പ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങളൊന്നും ചെയ്യാന്‍ താല്‍പര്യമില്ലാതാവുക. കൂട്ടുകാരോടൊപ്പം സമയം ചെലവഴിച്ചിരുന്നത്, കളിച്ചിരുന്നത്, ഇഷ്ടപ്പെട്ട ഹോബികള്‍ ഉപേക്ഷിക്കുക.. എന്നിങ്ങനെ
3. അകാരണമായ ക്ഷീണം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ കഠിനാധ്വാനമോ ഒന്നുമില്ലാതെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അത്രയും അവശത.
4. ഉറക്കക്കുറവ്. സാധാരണ ഉറക്കം ഉണരുന്ന സമയത്തേക്കാള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും ഉണരുക, രാത്രി എത്രവൈകിയാലും ഉറക്കം വരാതിരിക്കുക.. എന്നിങ്ങനെ
5. ഭക്ഷണത്തോട് വിരക്തി
6. ഏകാഗ്രതക്കുറവ്. പഠനത്തില്‍ പിന്നോക്കം പോവുക.
7. ചിന്തയുടെയും പ്രവര്‍ത്തിയുടെയും വേഗതയിലുണ്ടാവുന്ന വ്യത്യാസം. വേഗത കുറയുന്നു.
8. കൗമാരക്കാരായ കുട്ടികളില്‍ ഒരു സ്ഥലത്ത് അടങ്ങിയിരിക്കാന്‍ കഴിയാത്ത അവസ്ഥ, എപ്പോഴും അസ്വസ്ഥരാവുക, ശ്രദ്ധക്കുറവ് എന്നിവയൊക്കെ വരാം.
9. നിരാശയും പ്രതീക്ഷയില്ലായ്മ, കുറ്റബോധം, ഒറ്റപ്പെട്ടെന്ന തോന്നലും
10. മരിക്കണമെന്ന ചിന്തയും ആത്മഹത്യാ പ്രവണതയും.
കാരണങ്ങള്‍
ചികിത്സിക്കപ്പെടാത്ത വിഷാദരോഗം പലപ്പോഴും ആത്മഹത്യകളിലേക്ക് നയിക്കാം. തലച്ചോറിലെ സെറാട്ടോണിന്‍, ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ വിഷാദരോഗത്തിന് പിന്നിലെ കാരണമാണ്.
ജനിതഘടകങ്ങളും വിഷാദത്തിന് കാരണമാകാറുണ്ട്. പാരമ്പര്യമായും വിഷാദരോഗം വരാം. അത്തരം പാരമ്പര്യഘടകങ്ങളുള്ളവര്‍ ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തന്നെ വിഷാദരോഗത്തിലേക്ക് വീഴാം.
ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം എന്നിവയും വിഷാദരോഗത്തിലേക്ക് പാരമ്പര്യ സാധ്യതയുള്ള കുട്ടികളെ തള്ളിവിടുന്നവയാണ്. കുടുംബത്തിലെ താളപ്പിഴകളും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളുമെല്ലാം കുട്ടികളെ വിഷാദരോഗികളാക്കാം.
പരിഹാരം
വിഷാദരോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ കുട്ടികള്‍ക്ക് വേഗം ചികിത്‌സ ലഭ്യമാക്കണം. മരുന്നുകളോടൊപ്പം ബിഹേവിയറല്‍ തെറാപ്പിയും ഗുണം ചെയ്യും. ഒരുപാട് കാലം മരുന്നു നല്‍കേണ്ടിവരുമോയെന്ന് കരുതി കുട്ടികളുടെ ചികിത്സ മുടക്കുന്നവരുണ്ട്. എന്നാല്‍ ആദ്യമായി വിഷാദരോഗത്തിന് ചികിത്സ തേടുന്ന ഒരാള്‍ക്ക് ഒന്‍പത് മാസമാണ് മരുന്നും മറ്റ് ചികിത്സകളും വേണ്ടിവരുക. പിന്നീട് മരുന്നിന്റെ അളവ് കുറച്ച് സാമൂഹിക അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള അവസരമൊരുക്കി, വീണ്ടും വിഷാദരോഗത്തിലേക്ക് വീഴാതിരിക്കാനുള്ള പരിശീലനങ്ങള്‍ നല്‍കി പതിയെ മരുന്ന് നിര്‍ത്തുകയും ചെയ്യാം.
ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്താതിരിക്കാന്‍ മുതിര്‍ന്നവര്‍, പ്രത്യേകിച്ച് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. പഴയതുപോലെ കളിക്കാനും കൂട്ടുകൂടാനുമെല്ലാം അവര്‍ക്ക് പ്രോത്സാഹനം നല്‍കണം. തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കാനും അത്തരം പ്രശ്‌നങ്ങളിലേക്ക് കുട്ടികളെ വലിച്ചിഴക്കാതിരിക്കാനും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
കുടുംബാന്തരീക്ഷം ടോക്‌സിക്കായി മാറാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അത്തരം അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമൊരുക്കാന്‍ അധ്യാപകരും മറ്റ് ഉത്തരവാദിത്തപ്പെട്ട നിയമസംവിധാനങ്ങളും ശ്രദ്ധിക്കണം.
തയ്യാറാക്കിയത്- റോസ് മരിയ വിന്‍സെന്റ്
കടപ്പാട്- ഡോ. അരുണ്‍ ബി. നായര്‍
പ്രൊഫ. സൈക്യാട്രി
മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം
Content Highlights: signs and symptoms of depression in children and treatment