ഒരുനേരം മാത്രം ആഹാരം, രാവിലെ അഞ്ചുമണിക്കുള്ള ഉറക്കം; ആരോഗ്യരഹസ്യങ്ങൾ വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ പിറന്നാളിനോടനുബന്ധിച്ചാണ് 'കിങ്' എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയിൽനിന്നുള്ള ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 'തു മിൽ ജായേ' എന്ന പാട്ടിൽ ദീപിക പദുകോണിനൊപ്പമുള്ള കെമിസ്ട്രി ആരാധകരെ ആകർഷിച്ചു. അതിനൊപ്പം തന്നെ അവർക്ക് കൗതുകമായത് ഷാരൂഖിന്റെ ടോൺഡ് ബോഡിയാണ്. എങ്ങനെയാണ് 60-കളിലും ബോളിവുഡിന്റെ ബാദ്ഷാ തന്റെ ശരീരം ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതെന്നാണ് പലരും ചിന്തിക്കുന്നത്.

താൻ സാധാരണയായി ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ എന്ന് ഷാരൂഖ് പറയുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും, ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും അര മണിക്കൂർ മാത്രമാണ് അദ്ദേഹം ജിമ്മിൽ ചെലവഴിക്കുന്നത്.

''ഞാൻ പുലർച്ചെ അഞ്ച് മണിക്കാണ് ഉറങ്ങാൻ പോകുന്നത്. ഷൂട്ടിങ് ഉണ്ടെങ്കിൽ ഒമ്പത് അല്ലെങ്കിൽ പത്ത് മണിയോടെ ഞാൻ ഉണരും. എന്നാൽ ഷൂട്ടിങ് കഴിഞ്ഞ് പുലർച്ചെ രണ്ട് മണിക്ക് വീട്ടിലെത്തിയാൽ, കുളിച്ച് വ്യായാമം ചെയ്ത ശേഷമാണ് ഞാൻ ഉറങ്ങാൻ പോകുന്നത്'', മുമ്പ് 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നാലോ അഞ്ചോ മണിക്കൂറാണ് താൻ ഉറങ്ങാറുള്ളതെന്നും അദ്ദേഹം പറയുന്നു.

മറ്റൊരു അഭിമുഖത്തിൽ തന്റെ ഇഷ്ടഭക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഡയറ്റ് എടുക്കുമ്പോൾ ഇടയ്ക്ക് 'ചീറ്റ് മീൽ' ഉണ്ടാവാറുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയതിങ്ങനെ, ''എനിക്ക് ഫാൻസി ഫുഡിനോട് താത്പര്യമില്ല. ലളിതമായ പരമ്പരാഗതഭക്ഷണത്തോടാണ് ഇഷ്ടം. എന്നാൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിൽ പോകുമ്പോൾ ബിരിയാണി, ലസ്സി, നെയ്യ് ചേർത്ത വിഭവങ്ങൾ തുടങ്ങി വിളമ്പുന്നതെല്ലാം കഴിക്കും''.

അടിസ്ഥാനപരമായി ലളിതമായ ഭക്ഷണത്തോടാണ് സ്വാഭാവികമായും താത്പര്യം. ഇടനേരങ്ങളിലെ ലഘുഭക്ഷണങ്ങളോ മറ്റോ കഴിക്കാറില്ല. അമിതമായി അലങ്കരിച്ച വിഭവങ്ങളും കിങ് ഖാൻ കഴിക്കാറില്ല.

മുളപ്പിച്ച ധാന്യങ്ങൾ, ഗ്രിൽ ചെയ്ത ചിക്കൻ, ബ്രൊക്കോളി, ഇടയ്ക്കിടെ അല്പം പരിപ്പ് കറി എന്നിവയാണ് സാധാരണയായി തന്റെ ഭക്ഷണത്തിലുള്ളതെന്ന് സൂപ്പർതാരം കൂട്ടിച്ചേർത്തു. ''കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ മാറ്റങ്ങളൊന്നുമില്ലാതെ ദിവസവും ഇത്തരത്തിലുള്ള ഭക്ഷണമാണ് ഞാൻ കഴിച്ചുകൊണ്ടിരിക്കുന്നത്'', അദ്ദേഹം പറഞ്ഞു. അതിനൊപ്പം ജോലിയോടുള്ള ആവേശമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം തുറന്നുപറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shah Rukh Khan eats only one meal a day by personal choice., He works out for just 30 minutes daily, even after late-night shoots., He sleeps for only 4 to 5 hours, usually going to bed at 5 AM., Prefers simple, traditional food over fancy dishes and avoids snacking.