പൂച്ചയുടെയോ കുറുക്കന്റെയോ പോലെയാവണോ? കണ്ണിന്റെ ആകൃതി മൃഗത്തിന്റേതുപോലെയാക്കാം...

ഈയടുത്ത ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ട്രെൻഡായൊരു കോസ്‌മെറ്റിക് സർജറിയാണ് ഫോക്‌സ് ഐ സർജറി. ഇത് ഫോക്‌സ് ഐ ലിഫ്റ്റ്, കാറ്റ് ഐ ലിഫ്റ്റ് എന്നും അറിയപ്പെടുന്നു. ഇത് കൂടുതൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് ബ്രസീലിയൻ ഫാഷൻ ഇൻഫ്‌ളുവൻസറായ ഡ്യൂട്ര ജൂനിയർ മരിച്ചശേഷമാണ്.
ഫോക്‌സ് ഐ ശസ്ത്രക്രിയ ചെയ്തശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ നേരത്തെ സംസാരിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കുശേഷം മുഖത്ത് അണുബാധയുണ്ടായി. നീർവീക്കം, ചതവ്, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തു. അതിനുപിന്നാലെയാണ് അവർ മരിച്ചത്. എന്നാൽ, ശസ്ത്രക്രിയ മൂലമാണോ അവർ മരിച്ചതെന്ന് വ്യക്തമല്ല.
പക്ഷേ അതോടുകൂടി ഫോക്‌സ് ഐ സർജറിയെക്കുറിച്ച് കൂടുതൽ ആളുകൾ അന്വേഷിക്കാൻ തുടങ്ങി. കണ്ണുകളുടെ പുറം കോണുകൾ ഉയർത്തി നീട്ടുന്ന ഒരു സൗന്ദര്യവർദ്ധക പ്രക്രിയയാണ് ഫോക്‌സ്-ഐ സർജറി. കണ്ണിന്റെ കോണുകൾ ഉയർത്തി, പൂച്ചയുടെയോ അല്ലെങ്കിൽ കുറുക്കന്റെയോ പോലെയാക്കുകയാണ് ചെയ്യുന്നത്. പുരികത്തിന്റെ വശങ്ങളും കവിളും ഉയർത്തുകയും ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കുള്ളിലാണ് അതിന്റെ പൂർണഫലം അറിയുക. ഒരു വ്യക്തിയുടെ മുഖത്തിന്റെ ആകൃതിക്കനുസരിച്ചാണ് ഇത് എങ്ങനെ വേണമെന്ന് സർജൻ തീരുമാനിക്കുന്നത്. മുഖത്തിന്റെ ആകൃതി തന്നെ മാറുമെന്നതിനാലാണ് വിദേശത്തും മറ്റും ആളുകൾക്ക് ഇത് കൂടുതൽ പ്രിയങ്കരമാവുന്നത്.
ശസ്ത്രക്രിയയ്ക്കുശേഷം
വീക്കവും നീരുമുണ്ടാവാനിടയുണ്ട്. ചെറിയ അസ്വസ്ഥതകളും വേദനയും ചിലർക്ക് ഉണ്ടായേക്കാം. ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ ചർമം ചുവന്നിരിക്കുന്നതും സാധാരണയാണ്.
അപകടസാധ്യതകൾ
- ശസ്ത്രക്രിയയ്ക്കുശേഷം വീക്കം സാധാരണമാണ്. അണുബാധയുണ്ടാവാവും സാധ്യതയേറെ. അതിനുശേഷം ചെറുതായി തോന്നുന്ന അസ്വസ്ഥത പോലും കൃത്യമായി ഡോക്ടറെ അറിയിക്കണം.
- അലർജിയുണ്ടാവാനിടയുണ്ട്. വളരെ അപൂർവമായി ചിലർക്ക് രൂപവൈകൃതം സംഭവിച്ചേക്കാം. ബ്ലീഡിങ്ങും ചർമത്തിൽ ചുളിവുകളോ മടക്കുകളോ ഉണ്ടാക്കോം. അണുബാധയ്ക്കും സാധ്യതയേറെയാണ്.
ശ്രദ്ധിക്കേണ്ടവ
ശസ്ത്രക്രിയ ചെയ്തശേഷം നല്ല പരിചരണം ആവശ്യമാണ്. എപ്പോഴും ആ ഭാഗം അണുവിമുക്തമാക്കി വെക്കണം. ഇത് ചെയ്യുന്നതിനുമുമ്പ് ശരിയായ പരിശോധന ആവശ്യമാണ്. പ്രമേഹം പോലുള്ളവ ഇല്ലെന്ന് ഉറപ്പാക്കണം. എന്തിനോടെങ്കിലും അലർജിയുള്ളവരും ശസ്ത്രക്രിയയ്ക്കുമുമ്പ് ഡോക്ടറോട് അത് കൃത്യമായി പറയണം.
ശസ്ത്രക്രിയയ്ക്കുശേഷം ആ ഭാഗത്ത് തൊടുന്നതും ചൊറിയുന്നതുമെല്ലാം ഒഴിവാക്കണം. അതിനുശേഷം പനിയോ അണുബാധയോ ശ്വാസംമുട്ടലോ ഉണ്ടാവുന്നുവെങ്കിൽ കൃത്യമായി ഡോക്ടറെ കാണിക്കുകയും വേണം.
നിർദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുക. ഉണങ്ങിയെന്ന് തോന്നിയാലും കൃത്യമായ ഡോസ് ഒഴിവാക്കരുത്. നനവ് തട്ടാതെ സൂക്ഷിക്കണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Curious about Fox Eye Surgery? Learn about the procedure, potential risks like infection and swelling