യുവതികളിൽ സ്തനാർബുദം കൂടുന്നുവോ? കാരണമെന്ത്? അറിയാം ചില കാര്യങ്ങൾ

#ഡോ.ഷൗഫീജ് പി.എം
ഫോട്ടോ: freepik
ഫോട്ടോ: freepik

സ്തനാർബുദം സാധാരണയായി 50 വയസിനുമുകളിലുള്ള സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്ന് കരുതപ്പെടുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി 40 വയസിനു താഴെയുള്ള യുവതികളിലും രോഗം വർദ്ധിച്ചു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ തന്നെ ചില കേന്ദ്രങ്ങളിൽ, രജിസ്റ്റർ ചെയ്യുന്ന സ്തനാർബുദങ്ങളുടെ ഏകദേശം 30 ശതമാനം യുവതികളിലാണ് കണ്ടെത്തുന്നത്.

കാരണമെന്ത്?
ഒരൊറ്റ കാരണം കൊണ്ടാണ് ചെറുപ്പക്കാരിൽ ഈ അസുഖം കൂടുന്നത് എന്ന് പറയാൻ ബുദ്ധിമുട്ട് ആണ്. പലപ്പോഴും പല കാരണങ്ങളുടെയും ഒരു സമ്മിശ്രപ്രതികരണം ആയിട്ടാണ് ഇതിനെ വ്യാഖ്യാനിക്കാൻ കഴിയുക.

ജനിതകകാരണങ്ങൾ: കുടുംബത്തിൽ സ്തനാർബുദം അല്ലെങ്കിൽ അണ്ഡശയ കാൻസർ ബാധിച്ചവർ ഉണ്ടെങ്കിൽ രോഗസാധ്യത വർധിക്കും.
ജീവിതശൈലി: അമിതവണ്ണം, വ്യായാമക്കുറവ്, ഫാസ്റ്റ് ഫുഡ്, പുകവലി, മദ്യം എന്നിവയും അപകടകാരികളാണ്.
പ്രജനനശൈലി: വൈകിയുള്ള വിവാഹം, പ്രസവം വൈകുന്നത്, മുലയൂട്ടുന്നത് കുറയുന്നത് തുടങ്ങിയവയും കാരണമായി വരുന്നു.
പരിസ്ഥിതി: മലിനീകരണം, റേഡിയേഷൻ, ചില രാസപദാർത്ഥങ്ങൾ എന്നിവയും അപകടസാധ്യത കൂട്ടുന്നു.

രോഗത്തിന്റെ പ്രത്യേകത
കൂടുതലായും ആക്രമണ സ്വഭാവമുള്ള ട്യൂമറുകൾ (അഗ്രസീവ് കാൻസർ) ആണ് യുവതികളിൽ കാണാറുള്ളത്. പലരും വൈകിയ സ്റ്റേജിലാണ് ചികിത്സയ്ക്ക് എത്തുന്നത്. യുവതികളിൽ ബ്രെസ്റ്റ് ടിഷ്യൂ കൂടുതൽ ഡെൻസിറ്റി ഉള്ളതിനാൽ മാമോഗ്രാം വഴി നേരത്തെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകും.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

  • തടിപ്പ് അനുഭവപ്പെടുന്നത്. (പലപ്പോഴും മുലപ്പാൽ നൽകുന്ന കാലത്തുണ്ടാകുന്ന തടിപ്പുകൾ മുലപ്പാൽ കട്ടി പിടിച്ചതായി കരുതി അവഗണിക്കാറാണ് പതിവ്. പിന്നീടത് കാൻസർ ആവുന്ന കേസുകൾ കൂടുതലാണ്)
  • സ്തനങ്ങളുടെ വലുപ്പത്തിലോ ആകൃതിയിലോ ഉണ്ടാകുന്ന മാറ്റം
  • മുലപ്പാൽ ചോര കലർന്ന് വരുന്നത്, അല്ലെങ്കിൽ മുലക്കണ്ണിൽ വേദന.
  • കക്ഷത്തിലെ തടിപ്പ്/മുഴ

എന്തുചെയ്യാം?

  • സ്വയം പരിശോധന (breast self-examination) മാസത്തിലൊരിക്കൽ ചെയ്യുന്നത് ശീലമാക്കുക.
  • ആരോഗ്യകരമായ ജീവിതശൈലി: ശരിയായ ഭക്ഷണം, സ്ഥിരമായ വ്യായാമം, അമിതവണ്ണം ഒഴിവാക്കൽ.
  • കുഞ്ഞുങ്ങൾക്ക് പരമാവധി കാലം മുലപ്പാൽ നൽകുന്നത് ഒരു പക്ഷെ സ്തനാർബുദം തടയാൻ സഹായകമായേക്കാം.
  • കുടുംബത്തിൽ കാൻസർ ചരിത്രമുണ്ടെങ്കിൽ, genetic counselling / testing ചെയ്യുന്നത് ഉപകാരപ്രദമാണ്.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ് ലേഖകൻ)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover why breast cancer is increasing in young women. Learn about genetic, lifestyle, reproductive, and environmental factors and key symptoms