കണ്ണിനും കഴുത്തിനും സ്‌ട്രെസ് കുറയ്ക്കാം, ഡിജിറ്റല്‍ സ്‌ക്രീന്‍ ടൈം ഇങ്ങനെ മാറ്റാം

പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

ഓരോ ദിവസവും നാം കൂടുതല്‍ കൂടുതല്‍ ഡിജിറ്റലാവുകയാണ്. സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പും ഡെസ്‌ക്ടോപ്പും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ജീവതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പഠനത്തിനും ജോലിക്കും വിനോദത്തിനുമെല്ലാം ഇവ കൂടിയേതീരു. ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗം ഒരുതരം ലഹരിയാണ്. ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രയാസങ്ങള്‍ അറിയണമെന്നില്ല. പതിയെ കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കക്കുറവുമെല്ലാം നമ്മെ കീഴടക്കും. ഇതിനെ മറികടക്കാന്‍ എന്താണൊരു വഴി. കണ്ണിനും കഴുത്തിനും പ്രയാസമില്ലാതെ സ്‌ക്രീന്‍ ടൈം ആസ്വദിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം
ഡിജിറ്റല്‍ സ്‌ക്രീന്‍ ടൈം ഏറ്റവുമധികം പണികൊടുക്കുന്നത് കണ്ണുകള്‍ക്കാണ്. സ്‌ക്രീനിലേക്ക് ഇമചിമ്മാതെ ഒരുപാട് നേരം ഇരിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതുമൂലം കണ്ണിനും കാഴ്ചയ്ക്കും പ്രയാസം നേരിടുന്നു. ഇത്തരം അസ്വസ്ഥതകളെ പൊതുവെ പറയുന്ന പേരാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. ഈര്‍പ്പം നഷ്ടമാകല്‍, കണ്ണിന് ചുറ്റും വേദന, കാഴ്ച മങ്ങല്‍, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍.

മറികടക്കാം ഇങ്ങനെ
മൊബൈല്‍ ഫോണ്‍ കണ്ണില്‍നിന്നും പരമാവധി പരമാവധി അകലത്തിൽ വയ്ക്കുന്നതാണ് നല്ലത്. മുറിയിലെ വെളിച്ചത്തിന് അനുസരിച്ച് മൊബൈല്‍ ഫോണിലെ ബ്രൈറ്റ്‌നസ് ക്രമീകരിക്കാം. കണ്ണിന്റെ അതേ നിരപ്പില്‍തന്നെ ഫോണ്‍ ക്രമീകരിക്കണം.

  • ആവശ്യമുള്ള സമയത്തുമാത്രം മൊബൈല്‍ ഫോണ്‍ തുറന്നാല്‍ മതി. വെറുതേ ഫോണില്‍ നോക്കിയിരിക്കുന്നതും ആപ്പുകള്‍ തുറക്കുന്നതും ഒഴിവാക്കുക.
  • ആവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകള്‍ സൈലന്റ് ആക്കിയിടാം.
  •  പ്രധാനപ്പെട്ട ജോലികള്‍ തുടങ്ങുമ്പോള്‍ നെറ്റ് ഓഫ് ചെയ്തിടാം.

സ്‌ക്രീനും കഴുത്തുവേദനയും
സിനിമ കണ്ടും റീല്‍സും വീഡിയോസും ആസ്വദിച്ചും മണിക്കൂറുകളോളം ഒരേ പൊസിഷനില്‍ ഇരിക്കുന്നത് കഴുത്തിന് പ്രയാസമുണ്ടാക്കാറുണ്ട്. നാമറിയാതെ കഴുത്ത് വളഞ്ഞ് താഴ്ന്നുവരും. തല താഴുമ്പോള്‍ ഭാരം മുഴുവന്‍ നട്ടെല്ലിന് താങ്ങേണ്ടിവരും. അവിടെയുള്ള പേശികള്‍ വലിയുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ടെക്‌സ്റ്റ് നെക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു.

ദീര്‍ഘനേരം കുനിഞ്ഞിരുന്ന് സംസാരിക്കരുത്. ഇടയ്ക്ക് കഴുത്ത് താഴേക്കും മുകളിലേക്കും ചലിപ്പിക്കാം. ഫോണില്‍ നിന്ന് പുറത്തുവരുന്ന ചൂട് തള്ളവിരലിനെയും സമീപമുള്ള ചര്‍മത്തെയും ബാധിച്ചേക്കാം. തളളവിരലില്‍ കടുത്ത വേദന, നീര്, ചുവപ്പ്, ചൂട് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

മൊബൈല്‍ഫോണില്‍ ഏറെനേരം ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാം. മെസ്സേജുകള്‍ പരമാവധി ഓഡിയോ ആയി അയക്കാം. ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ്, സ്‌ക്രീനില്‍ എഴുതാന്‍ സഹായിക്കുന്ന പേന എന്നീ സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അത് ഉപയോഗപ്പെടുത്താം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Combat digital eye strain & neck pain. Learn simple tips to adjust your screen time, protect your eyes, and prevent discomfort from excessive gadget use