തലച്ചോറില്‍ കയറുന്ന അമീബ: പൂളിലും പുഴയിലും കുളിക്കുന്നവര്‍ ശ്രദ്ധിക്കുക

മരണത്തിന് ഇടയാക്കുന്ന അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യമേഖല ജാഗ്രതയിലാണ്. കോഴിക്കോട്ട് സ്വദേശിയായ 12-കാരനില്‍ രോഗം കണ്ടെത്തിയതോടെ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തലച്ചോറിലെത്തുന്നത് ഇങ്ങനെ
നെഗ്ലെറിയ ഫൈലേറി എന്ന അമീബയാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന് കാരണമാകുന്നത്. പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലുമെല്ലാം ഇതിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. വെള്ളം കുടിക്കുന്നതുകൊണ്ടല്ല രോഗം ബാധിക്കുന്നത്. വെള്ളം മൂക്കിലെത്തിയാല്‍ അമീബ ശരീരത്തിലേക്ക് കയറും. തലച്ചോറിലെത്തി കോശങ്ങള്‍ നശിപ്പിച്ച് നീര്‍ക്കെട്ടുണ്ടാക്കും. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
ലക്ഷണങ്ങള്‍
പനി, തലവേദന, നീര്‍ക്കെട്ട്, ഛര്‍ദി എന്നിവയായിരിക്കും തുടക്കത്തിലെ ലക്ഷണങ്ങള്‍. രോഗാണുബാധയുണ്ടായി ഒന്‍പതുദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടേക്കാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അപസ്മാരം, ഓര്‍മക്കുറവ് എന്നിവയും സംഭവിക്കാം. പലപ്പോഴും രോഗം സ്ഥിരീകരിക്കുന്നത് വൈകിയായതിനാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.
അമീബിക് മസ്തിഷ്‌കജ്വരം രണ്ടുരീതിയിലുണ്ട്. പെട്ടെന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സഫലൈറ്റിസ്, മെല്ലെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക്‌സ എന്‍സഫലൈറ്റിസ് എന്നിവയാണിവ.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
* സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന ജലസ്രോതസ്സുകളിലെല്ലാം രോഗകാരിയായ അമീബയുടെ സാന്നിധ്യമുണ്ടാകാം.
* യാത്രപോകുമ്പോള്‍ കുളത്തിലോ പുഴയിലോ പൂളുകളിലോ കുളിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
* അഴുക്കുവെള്ളമുപയോഗിച്ച് വായും മുഖവും കഴുകാതിരിക്കാം.
* കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളിലേക്ക് ഇറങ്ങുന്നത് ശ്രദ്ധിച്ചുവേണം.
* ജലസ്രോതസ്സുകള്‍ ക്ലോറിനേഷന്‍ ചെയ്ത് വൃത്തിയായി സൂക്ഷിക്കണം.
* രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടുംവൈകാതെ വൈദ്യസഹായം തേടണം.
Content Highlights: reasons behind amoebic dysentery