തീവ്രമായ നെഞ്ചുവേദന സ്ത്രീകള്‍ക്കുണ്ടാവില്ല; തളര്‍ച്ച, ഓക്കാനം തുടങ്ങിയവയാവാം ലക്ഷണങ്ങള്‍

ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ പുരുഷന്മാരെ മാത്രം ബാധിക്കുന്നവയാണ് എന്ന തെറ്റിദ്ധാരണ പൊതുവെ വ്യാപകമാണ്. എന്നാല്‍ യാതൊരടിസ്ഥാനവുമില്ലാത്ത തെറ്റിദ്ധാരണമാത്രമാണിത്. കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ് (സി.വി.ഡി) എന്ന് വിളിക്കപ്പെടുന്ന ഹൃദയസംബന്ധമായ രോഗാവസ്ഥകള്‍ മൂലം പ്രതിവര്‍ഷം ഇന്ത്യയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ നാല്‍പ്പത് ശതമാനത്തിനടുത്ത് സ്ത്രീകളാണെന്നാണ് പറയപ്പെടുന്നത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഇതിനെപ്പറ്റി സൂചിപ്പിക്കുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് ഹൃദയരോഗങ്ങളുടെ ഭീഷണിയില്‍ നിന്ന് സ്ത്രീകള്‍ മുക്തരല്ല എന്നര്‍ത്ഥം.
എന്തുകൊണ്ട് സ്ത്രീകളില്‍ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുന്നു?
നിരവധി കാരണങ്ങള്‍ സ്ത്രീകളില്‍ ഹൃദ്രോഗത്തിന്റെ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുന്നതിനിടയാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ നോക്കാം...
1) രോഗനിര്‍ണ്ണയത്തിലെ കാലതാമസം: ഹൃദയാഘാതം പോലുള്ള രോഗാവസ്ഥകള്‍ സ്ത്രീകള്‍ക്ക് വരില്ല എന്ന തെറ്റിദ്ധാരണ പലപ്പോഴും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും ചികിത്സതേടാന്‍ വൈകുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ പുരുഷന്മാരെ അപേക്ഷിച്ച് തീവ്രമായ നെഞ്ചുവേദന സ്ത്രീകളില്‍ കുറവായാണ് കാണാറുള്ളത്. പകരം അമിതവിയര്‍പ്പ്, തളര്‍ച്ച, ശ്വാസതടസ്സം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ഇതും ഗൗരവം കുറയാനും ചികിത്സ വൈകാനും കാരണമാകാറുണ്ട്.
2) പ്രമേഹവും അമിത രക്തസമ്മര്‍ദവും: ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യ എന്ന് പറയാറുണ്ട്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇന്ത്യയിലെ സ്ത്രീകളില്‍ മധ്യവയസ്സാകുമ്പോള്‍ തന്നെ ധാരാളമായി കാണപ്പെടുന്നു. ഇത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.
3) ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമ സാഹചര്യങ്ങളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയാക്കാറുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍.ഡി.എല്ലിന്റെ വര്‍ദ്ധനവും നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്.ഡി.എല്ലിന്റെ കുറവുമാണ് ഇതിന് പ്രധാനകാരണങ്ങള്‍.
4) സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങള്‍: നമ്മുടെ നാട്ടില്‍ പൊതുവെ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തേക്കാളുപരിയായി കുടുംബത്തിലെ മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാലും അത് തുറന്ന് പറയാനും ഉചിതമായ സമയത്ത് ചികിത്സ തേടാനും ഇവര്‍ മടികാണിക്കുന്നു. ഇത് രോഗം നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കാതെ വരുന്നതിന് കാരണമായി മാറാറുണ്ട്. മാത്രമല്ല ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടാകുന്ന അമിതജോലി ഭാരവും, വിവിധ തരത്തിലുള്ള മാനസികസംഘര്‍ഷവുമെല്ലാം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയാക്കുന്നതാണ്.
5) വ്യായാമത്തിന്റെയും പോഷകാഹാരത്തിന്റെയും കുറവ്: ജീവിതശൈലിയിലുണ്ടായ മാറ്റം സ്ത്രീകളുടെ ഹൃദയാരോഗ്യകാര്യത്തിലും പ്രതിഫലിക്കുന്നുണ്ട്. വീട്ടിലുള്‍പ്പെടെയുള്ള ജോലികള്‍ക്ക് യന്ത്രവത്കൃത സംവിധാനങ്ങള്‍ വ്യാപകമായതോടെ ശാരീരികമായ അധ്വാനത്തിനുള്ള സാധ്യത തീരെ കുറഞ്ഞതും, കൊഴുപ്പ് നിറഞ്ഞ ഭക്ഷണരീതിയും, ജങ്ക് ഫുഡ് സംസ്‌കാരവും വ്യാപകമായതും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന പൊതുവായ ഘടകങ്ങളാണ്.
6)പുകവലിയും മദ്യപാനവും: മുന്‍കാലങ്ങളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകളുടേയും മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടേയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം സ്വാഭാവികമായും ഹൃദയരോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.
എങ്ങനെ പ്രതിരോധിക്കാം?
ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാല്‍ ഹൃദ്രോഗസാധ്യതയും സങ്കീര്‍ണ്ണതകളും ഒരു പരിധിവരെ തടയാന്‍ സാധിക്കും.
1) നേരത്തെയുള്ള പരിശോധനകളും പതിവായ ഹെല്‍ത്ത് ചെക്കപ്പും: ഹൃദ്രോഗസംബന്ധമായ കുടുംബപശ്ചാത്തലമുള്ളവര്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണം. പ്രമേഹനില, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയവ ചെക്ക് ചെയ്ത് ആരോഗ്യകരമായ അവസ്ഥയുണ്ടെന്ന് ഉറപ്പാക്കണം. ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ നിര്‍ദേശം സ്വീകരിക്കണം.
2) ആരോഗ്യകരമായ ഭക്ഷണശീലം: കൊഴുപ്പ് നിറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളും, ചുവന്ന മാംസവും ജങ്ക്ഫുഡ് സംസ്‌കാരവുമെല്ലാം ഉപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരാം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഉപ്പിന്റെയും മധുരത്തിന്റെയും അമിത ഉപയോഗം നിയന്ത്രിക്കുക.
3)ശാരീരികാധ്വാനം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. നടത്തം, യോഗ, സൈക്ലിങ് തുടങ്ങിയവയൊക്കെ സ്വീകരിക്കാവുന്നതാണ്.
4) മാനസികസമ്മര്‍ദം ലഘൂകരിക്കുക: മാനസികസമ്മര്‍ദം ഹൃദയസംബന്ധമായ രോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണ്. ഇവ ലഘൂകരിക്കാന്‍ ധ്യാനം, ശ്വസന വ്യായാമങ്ങള്‍, വ്യായാമം തുടങ്ങിയവ പതിവാക്കാം. ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കുക, സന്തോഷം നല്‍കുന്ന പരിപാടികള്‍ ആസ്വദിക്കുക, ആരോഗ്യകരമായ സൗഹൃദങ്ങള്‍ സജീവമാക്കുക തുടങ്ങിയ രീതികള്‍ അവലംബിക്കാവുന്നതാണ്.
5) പുകവലി ഒഴിവാക്കുക: പുകവലിശീലം പൂര്‍ണ്ണമായും ഒഴിവാക്കുക. മദ്യപാനശീലമുള്ളവര്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.
ചിട്ടയായ ജീവിതശൈലി തുടരുകയാണെങ്കില്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല.
Content Highlights: Raising awareness of heart disease in women