പ്രമേഹം തടയുന്നതിൽ പേശികൾക്കെന്തുപങ്ക്?

വർഷത്തിൽ ഒരിക്കൽ തിരക്കുപിടിച്ച് നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഹെൽത്ത് ചെക്കപ്പ്. ഈ പരിശോധനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് HbA1c. കഴിഞ്ഞ 3-4 മാസങ്ങളിലെ ശരീരത്തിലെ ശരാശരി ഗ്ലൂക്കോസ് അളവ് കണക്കാക്കാനാണ് ഈ ടെസ്റ്റ് സഹായിക്കുന്നത്. ഇതിലൂടെ ഒരാൾ പ്രീ-ഡയബറ്റിക് അല്ലെങ്കിൽ ഡയബറ്റിക് അവസ്ഥയിലാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.
രോഗങ്ങൾ വരുന്ന വഴി
നമ്മുടെ ആഹാരരീതി, ഉറക്കം, ജോലി, മാനസിക സമ്മർദ്ദം എന്നിവയിലുണ്ടാകുന്ന താളപ്പിഴകളാണ് പലപ്പോഴും രോഗങ്ങളിലേക്ക് നയിക്കുന്നത്. വർധിച്ചുവരുന്ന പ്രമേഹരോഗത്തെയും ഡയാലിസിസ് പ്രശ്‌നങ്ങളെയും പറ്റി നമ്മൾ ദിവസവും കേൾക്കാറുണ്ട്. എന്നാൽ പ്രീ-ഡയബറ്റിക് അവസ്ഥയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ജീവിതം എങ്ങനെ ആരോഗ്യകരമാക്കാമെന്നും നോക്കാം.
രോഗത്തിന്റെ പുരോഗതി തടയാൻ
പ്രീ-ഡയബറ്റിസ് എന്നത് ടൈപ്പ്-2 പ്രമേഹത്തിന്റെ മുന്നോടിയാണ്. എന്നാൽ പ്രീ-ഡയബറ്റിസ് ഉള്ള എല്ലാവർക്കും പ്രമേഹം വരണമെന്നില്ല. ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റങ്ങൾ വരുത്തിയാൽ രോഗത്തിന്റെ പുരോഗതി തടയാൻ സാധിക്കും.
രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്ന ഇൻസുലിൻ എന്ന ഹോർമോൺ ഫലപ്രദമായി പ്രവർത്തിക്കാതിരിക്കുമ്പോഴാണ് ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത്. ഇതിന് പരിഹാരമായി ശരീരത്തിലെ പേശികളുടെ (Muscles) അളവ് വർധിപ്പിക്കുക വളരെ പ്രധാനമാണ്.
പേശികളും പ്രമേഹവും തമ്മിൽ
രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യാൻ സഹായിക്കുന്നത് നമ്മുടെ ശരീരത്തിലെ പേശികളാണ്. പേശികളുടെ അളവ് വർധിപ്പിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടി, ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. നിങ്ങൾ വിശ്രമിക്കുമ്പോൾ പോലും പേശികൾ അധികമുള്ള ഗ്ലൂക്കോസിനെ ഊർജത്തിനായി ഉപയോഗിക്കുന്നു.
ഒരു മുതിർന്ന വ്യക്തിക്ക് ആവശ്യമായ പേശീബലം ഉണ്ടായിരിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസവും 1 മണിക്കൂർ വ്യായാമം, ചിട്ടയായ ആഹാരം, കൃത്യമായ ഉറക്കം എന്നിവ നിങ്ങളെ ജീവിതശൈലി രോഗങ്ങളിൽ നിന്ന് അകറ്റിനിർത്തും.
ആയുർവേദ ജീവിതശൈലി
ശരീരത്തിലെ പേശികളുടെ ആരോഗ്യം നിലനിർത്താൻ ആയുർവേദ ജീവിതശൈലികൾ സഹായിക്കുന്നു:
ചികിത്സകൾ: അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി, മാംസക്കിഴി എന്നിവ ശരീരത്തിലെ പേശീബലം വർധിപ്പിക്കാനും രക്തസഞ്ചാരം സുഗമമാക്കാനും ഉത്തമമാണ്.
രസായന ഔഷധങ്ങൾ: അശ്വഗന്ധ രസായനം, അജമാംസ രസായനം, ബ്രഹ്‌മ രസായനം, ത്രിഫല ചൂർണ്ണം എന്നിവ ശരീരത്തിന് വളരെ നല്ലതാണ്.
പഞ്ചകർമ്മങ്ങൾ : വർഷത്തിലൊരിക്കലെങ്കിലും വാമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷണം തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾ ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും. ഒപ്പം യോഗ ശീലമാക്കുന്നതും രോഗമുക്തിക്ക് സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: HbA1c test is crucial for early detection of pre-diabetic conditions., Muscles act as a primary sink for excess blood glucose., Increasing muscle mass improves insulin sensitivity., Ayurvedic treatments like Abhyangam and Rasayana medicines support muscle health., Regular exercise, sleep, and Panchakarma are vital for diabetes prevention.