അകാലനരയെ അകറ്റിനിര്‍ത്താം; ജീവിതശൈലിയിലെ ചെറിയ ചില മാറ്റങ്ങള്‍ മാത്രം മതി

പ്രതീകാത്മക ചിത്രം /എഐ
പ്രതീകാത്മക ചിത്രം /എഐ

പ്രായം കൂടുമ്പോള്‍ തലമുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ന് പ്രായത്തെ തീരെ വകവയ്ക്കാതെയാണ് പലപ്പോഴും കടന്നുവരുന്നത്. പലവിധ കാരണങ്ങളാല്‍ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മുപ്പതുകളും ആവുമ്പോഴേക്കു തന്നെ പലരുടെയും തല വെളുത്തു തുടങ്ങുന്നു. ഈ അകാലനര ആത്മവിശ്വാസക്കുറവു വരെയുള്ള പ്രശ്‌നങ്ങള്‍ ആളുകളില്‍ ഉണ്ടാക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

മെലനോസൈറ്റുകള്‍ ഉത്പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വര്‍ണ്ണവസ്തുവാണ് മനുഷ്യന്റെ മുടിയുടെ നിറത്തിന് കാരണം. മനുഷ്യരിലെ രോമകൂപങ്ങളില്‍ യൂമെലാനിന്‍, ഫിയോമെലാനിന്‍ എന്നിങ്ങനെ രണ്ടുതരം മെലാനിനുകള്‍ അടങ്ങിയിരിക്കുന്നു. മുടിയുടെ നിറത്തിലുള്ള വൈവിധ്യം പ്രധാനമായും കറുപ്പ്-തവിട്ടു നിറത്തിലുള്ള യൂമെലാനിന്‍, ചുവപ്പ്-തവിട്ടു നിറത്തിലുള്ള ഫിയോമെലാനിന്‍ എന്നിവയുടെ അളവില്‍ നിന്നും അനുപാതത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്.

രോമകൂപങ്ങളിലെ മെലനോസൈറ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവുന്നതാണ് മുടിക്ക് നിറം നഷ്ടപ്പെടാന്‍ കാരണമാവുന്നത്. ജനിതക ഘടകങ്ങള്‍, അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍ ഏല്‍ക്കുന്നത്, വായുമലിനീകരണം, പുകവലി, വൈകാരിക സമ്മര്‍ദ്ദം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയ്ക്ക് മെലാനിന്‍ എന്ന പിഗ്മെന്റിനെ സ്വാധീനിക്കാനാകും.

രാസവസ്തുക്കള്‍ അടങ്ങിയ ഹെയര്‍ ഡൈകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് പോലുള്ളവ), ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്, തൈറോയ്ഡ് പോലുള്ളവ), ഹൈപ്പോതൈറോയിഡിസം പോലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ അകാലനരയുടെ മറ്റ് പ്രധാന കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ കുറഞ്ഞ അളവ് അകാലനരയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അകാലനര തടയാനുള്ള വഴികള്‍

  • പുകവലി നിര്‍ത്തുക, കാരണം പുകവലിയും വേപ്പിങ്ങും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് ത്വരിതപ്പെടുത്തുകയും മെലാനിന്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.
  • പ്രോട്ടീന്‍ അടങ്ങിയതും സമീകൃതവുമായ ആഹാരം കഴിക്കുക. ബി 12-നായി മത്സ്യം, മുട്ട, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും ഫോളേറ്റിനായി ചീര, കെയ്ല്‍ പോലുള്ള ഇലക്കറികളും കടല പോലുള്ള പയര്‍വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • ബെറിപ്പഴങ്ങള്‍, നട്‌സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, കാരണം ഇവയില്‍ മുടിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • വിട്ടുമാറാത്ത സമ്മര്‍ദ്ദം നര ഉള്‍പ്പെടെയുള്ള വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നു. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കുക. സമ്മര്‍ദ്ദം കുറയ്ക്കാനായി ദിവസവും വ്യായാമം ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യാം.

(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനു മുമ്പ് ആരോഗ്യവിദഗ്ദന്റെ നിർദേശം തേടുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: understand the causes of premature greying and learn effective prevention and treatment strategies. Discover how diet, lifestyle, and stress management can impact hair health.