ചുരുണ്ടമുടി നിവരുന്നുണ്ടോ? പ്രസവാനന്തരം മുടിയുടെ ഘടനയും മാറുമെന്ന് കണ്ടെത്തൽ

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ഒരു കുഞ്ഞ് ജനിക്കുന്നത് ജീവിതത്തിലെ ഏറ്റവും കൗതുകകരമായ അനുഭവമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാതൃവാത്സല്യം ആവോളം ഉള്ളിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പലപ്പോഴും സാധിച്ചെന്നുവരില്ല. ഹോർമോണുകളുടെ താളം തെറ്റലും ദുർബലമായ ശരീരവും ക്ഷീണവും തുടങ്ങി ശാരീരികമായും മാനസികമായും വൈകാരികമായും നിങ്ങളിലെ മറ്റൊരാളുമായി മല്ലിട്ടുകൊണ്ടിരിക്കുകയാകും ഓരോ അമ്മയും. ഈ മാറ്റത്തിനൊപ്പം നിങ്ങളുടെ മുടിയുടെ സ്വഭാവവും മാറും.

പ്രസവശേഷമുള്ള മാസങ്ങളിൽ പല സ്ത്രീകൾക്കും കാര്യമായ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. ഇത് ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമാണ്. എന്നാൽ പലപ്പോഴും മുടിയുടെ അളവ് മാത്രമല്ല, അതിൻെറ ഘടനയും മാറുന്നുവെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ചുരുണ്ടമുടിയുള്ളവരുടെ മുടി നിവരുകയും അല്ലെങ്കിൽ നേരെ തിരിച്ചും സംഭവിക്കാം. അങ്ങനെ നിങ്ങളുടെ മുടിയുടെ ജന്മനായുള്ള സ്വഭാവം തന്നെ അപ്രത്യക്ഷമാകും. ചുരുക്കിപറഞ്ഞാൽ മാതൃത്വം നിങ്ങളെ പൂർണ്ണമായും മറ്റൊരാളാക്കി മാറ്റുന്നു.

ഗർഭകാലത്ത്, മുടിക്ക് കട്ടി കൂടുകയും തിളക്കവും ഉളളും തോന്നിപ്പിക്കുകയും ചെയ്യും. ഇത് ഈസ്ട്രജന്റെ അളവ് കൂടുമ്പോൾ മുടിയുടെ സ്വഭാവിക വളർച്ച നീണ്ടുപോകുന്നതും മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ കുഞ്ഞ് ജനിച്ച് മൂലയൂട്ടലും ഹോർമോൺ വ്യതിയാനവും സംഭവിക്കുമ്പോൾ, ശരീരം അതുമായി പൊരുത്തപ്പെടുകയും മുടിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. മുടി സ്വാഭാവികമായി അനാജെൻ, കാറ്റജെൻ, ടെലോജെൻ എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഹോർമോൺ വ്യതിയാനങ്ങൾ മുടികൊഴിച്ചിലിന് കാരണമാകുക മാത്രമല്ല, രോമകൂപങ്ങളുടെ ആകൃതിയെ വരെ സ്വാധീനിക്കുമെന്നും പറയപ്പെടുന്നു. അതുമൂലം പുതിയ മുടിയിഴകൾ വളരുന്ന രീതി വ്യത്യസപ്പെടുകയും ചെയ്യും. ഇത് മുടിയുടെ ചുരുളുകളുടെ രീതി, കട്ടി എന്നിവയിൽ മാറ്റം വരുത്തിയേക്കാം.

പ്രസവാനന്തരം മുടിയുടെ ഘടനാപരമായ മാറ്റങ്ങൾ ഹോർമോണുകളുമായി മാത്രം ബന്ധപ്പെട്ടതല്ല, മറിച്ച് അവ നിങ്ങളുടെ ശരീരം കടന്നുപോകുന്ന ശാരീരികവും വൈകാരികവുമായ സമ്മർദ്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികൾ, കുഞ്ഞിനെ പരിപാലിക്കൽ, ക്ഷീണം,എന്നിവയെല്ലാം ഇതിലൊരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിനോടൊപ്പം, പലപ്പോഴും മതിയായ അളവിൽ പോഷകം കിട്ടാതാകുമ്പോൾ ശരീരം നേരിയ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും.

അതിലൊന്നാണ് മുടിയിലെ മാറ്റങ്ങൾ. ഒരിക്കൽ പട്ടുപോലെ മൃദുവായിരുന്ന മുടി പെട്ടെന്ന് പരുക്കനായി മാറിയേക്കാം, ചുരുളുകൾ അയയുകയോ മുറുകുകയോ ചെയ്യാം. ഈ മുടിയിലെ മാറ്റങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. മിക്ക കേസുകളിലും, പ്രസവത്തിനു ശേഷമുള്ള മുടിയിലെ മാറ്റങ്ങൾ താൽക്കാലികമായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പ്രസവശേഷം 6 മുതൽ 12 മാസങ്ങൾക്കുള്ളിൽ ഹോർമോണുകൾ സ്ഥിരത കൈവരിക്കുകയും മുടിയുടെ വളർച്ച സാധാരണ നിലയിലാവുകയും ചെയ്തുകഴിഞ്ഞാൽ, മുടികൊഴിച്ചിലിന്റെയും ഘടനാപരമായ മാറ്റങ്ങളുടെയും തോത് സാധാരണയായി പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തൽ. ചുരുക്കം ചിലരിൽ ഈ മാറ്റം സ്ഥിരമായിത്തന്നെ തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പലർക്കും രൂപത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ മാനസിക സമ്മർദ്ദവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചേക്കാം. ശരീരത്തിലെ ഇത്തരം മാറ്റങ്ങൾ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും വരാം. എന്നിരുന്നാലും, പ്രസവാനന്തര മുടിയിലെ മാറ്റങ്ങൾ സാധാരണവും താൽക്കാലികവുമാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. ഈ യാഥാർഥ്യം ഉൾക്കൊള്ളുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

പരിഹാരങ്ങൾ

  • പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക.
  • ഗർഭകാലത്തെപ്പോലെ തന്നെ പ്രസവശേഷവും അയണും കാൽസ്യവും പോലുള്ള സപ്ലിമെന്റുകൾ കഴിക്കുക.
  • സ്‌ട്രെയ്‌റ്റനിങ്, കളറിങ്, പെർമിങ് പോലുള്ള കഠിനമായ രാസവസ്തുക്കൾ അടങ്ങിയ ചികിത്സകൾ ഒഴിവാക്കുക. ഇവ ദുർബലമായ മുടിയിഴകളെ കൂടുതൽ ദുർബലമാക്കും.
  • മുടിയുടെ വളർച്ചയെ സഹായിക്കുന്ന സെറങ്ങൾ, ഹെയർ മാസ്കുകൾ എന്നിവ ഉപയോഗിക്കുക.
  • മുടിയെ ശ്രദ്ധയോടെ പരിചരിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Understand postpartum hair loss, texture changes and tips for healthy hair after pregnancy.