സംഗീത ഉപകരണങ്ങള്‍ വായിച്ചോളൂ; പ്രായമാകുമ്പോള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിക്കും നല്ലതാണ്

സംഗീതഉപകരണം വായിക്കുകയോ പാട്ടുപാടുകയോ ചെയ്യുന്നത് പ്രായമാകുമ്പോള്‍ തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനം. ഓര്‍മ നിലനിര്‍ത്താനും വാര്‍ധക്യത്തിലും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുണ്ടാകാനും സംഗീതം പരിശീലിക്കുന്നത് ഉത്തമമാര്‍ഗമാണെന്നാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിലാണ് വിവരമുള്ളത്. തലച്ചോറിന്റെ ആരോഗ്യത്തിനായി സംഗീതം ജീവിതശൈലിയുടെ ഭാഗമാക്കണമെന്നാണ് പഠനത്തില്‍ പറയുന്നത്.
40-നും 68-നും ഇടയില്‍ പ്രായമുള്ള, സംഗീതം പരിശീലിച്ചവരും അല്ലാത്തവരുമായ 1100 പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇങ്ങനെയൊരു അനുമാനത്തില്‍ ഗവേഷകരെത്തിയത്. തലച്ചോറിന് എങ്ങനെയാണ് പ്രായമാകുന്നത്, ആളുകളില്‍ എങ്ങനെയാണ് ഡിമെന്‍ഷ്യ വളരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു പഠനലക്ഷ്യം. പിയാനോ അല്ലെങ്കില്‍ കീബോര്‍ഡ് വായിക്കുന്നതായിരുന്നു പഠനത്തിന്റെ ഭാഗമായവരിലെ പ്രധാനവിനോദം.
ഹ്രസ്വകാല ഓര്‍മ, ദീര്‍ഘകാലഓര്‍മ, പ്രശ്നപരിഹാരം എന്നിങ്ങനെയുള്ള മസ്തിഷ്‌ക പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. പ്രായമായിട്ടും സംഗീതം ശീലമാക്കുന്നവരില്‍ അതിന്റേതായ ഗുണം കാണുന്നു. അക്കങ്ങള്‍ ഓര്‍ത്തുവെക്കാനുള്ള ശേഷിയും ഇത്തരക്കാര്‍ക്ക് കൂടുതലാണ്.
'നമ്മുടെ തലച്ചോറ് മറ്റെന്തിനെയും പോലെ ഒരു പേശിയാണ്, അതിനും വ്യായാമം ചെയ്യേണ്ടതുണ്ട്, സംഗീതം പഠിക്കുന്നത് ഒരു പുതിയ ഭാഷ പഠിക്കുന്നത് പോലെയാണ്, അത് വെല്ലുവിളി നിറഞ്ഞതാണ്.'- സംഘം പറയുന്നു.
Content Highlights: playing a musical instrument or singing could help keep the brain healthy in older age