മാതാപിതാക്കളുടെ വഴക്കുകള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ?

പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം എത്രത്തോളം ആരോഗ്യകരമാണ് എന്നത് അവരുടെ മക്കളുടെ മാനസികാരോഗ്യത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാനഘടകമാണ്. കുടുംബത്തിനകത്ത് സുരക്ഷിതത്വവും ആത്മവിശ്വാസവും അനുഭവപ്പെടേണ്ടത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും സാമൂഹികമായ വളര്‍ച്ചയ്ക്കും അനിവാര്യവുമാണ്.

ദമ്പതികള്‍ക്കിടയിലെ വഴക്കുകള്‍ എന്നത് ഏറെക്കുറെ സ്വാഭാവികം തന്നെയാണ്. അവ കുട്ടികളെ സാരമായി ബാധിക്കുക, അവ അടിക്കടി നടക്കുകയോ ഏറെ കഠിനമാവുകയോ, വേണ്ടുംവിധം പരിഹരിക്കപ്പെടാതെ പോവുകയോ ചെയ്യുമ്പോഴാണ്. വഴക്കുകള്‍ കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിലാകുന്നതും കൂടുതല്‍ പ്രശ്‌നമാകാം. ഇത്തരം വിഷയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് അവരില്‍ എത്രത്തോളം അച്ചടക്കം നിര്‍ബന്ധമാക്കണം, സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും ആരു ചെയ്യണം, എത്ര സമയത്തേക്ക് ഫോണും കമ്പ്യൂട്ടറും അനുവദിക്കണം തുടങ്ങിയവ. മറുവശത്ത്, ഒരു വഴക്കിനും പോകാത്ത, എന്നാല്‍ സ്‌നേഹ, വൈകാരിക വായ്പുകള്‍ ഒരിക്കലും കാണിക്കാത്ത, പരസ്പരം മിണ്ടുകയേ ചെയ്യാത്ത മാതാപിതാക്കളും കുട്ടികളെ പ്രതികൂലമായി ബാധിക്കാം.

കുട്ടികളിലേക്കു പടരുന്നത്
1. മാതാപിതാക്കളുടെ വഴക്കുകള്‍ കുട്ടികളില്‍ ദോഷം ചെലുത്തുന്നതിന് പല വഴികള്‍ ഉണ്ട്. പങ്കാളിയുമായി സദാ വഴക്കടിച്ചുകൊണ്ടിരിക്കുന്നവര്‍ മക്കളോടും അക്രമാസക്തമായും, ശത്രുതാമനോഭാവത്തോടെയും, അവരുടെ വികാരങ്ങള്‍ക്ക് ഒട്ടും പരിഗണന കൊടുക്കാതെയും പെരുമാറാം. സമയം മൊത്തവും വഴക്കിനായി മാറ്റിവെച്ചവര്‍ക്ക് കുട്ടികളുമായി സമയം ചെലവിടാനുള്ള ഊര്‍ജ്ജമോ നേരമോ ശ്രദ്ധയോ ബാക്കിയുണ്ടായേക്കില്ല. മനസ്സില്‍ കുമിയുന്ന ദേഷ്യവും ദുഃഖവുമൊക്കെ അവര്‍ കുട്ടികള്‍ക്കുമേല്‍ പുറത്തെടുക്കുകയും കുട്ടിയെ അമിതമായി ശിക്ഷിക്കുകയും ചെയ്യാം.
 
2. താന്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികള്‍ക്ക് പരസ്പരം കടുത്ത വെറുപ്പാണ് എന്ന തിരിച്ചറിവും, ഏറ്റവും നല്ലവരെന്ന് കുട്ടി വിശ്വസിക്കുന്നവര്‍ അന്യോന്യം ഉപദ്രവിക്കുന്നതു കാണുന്നതും കുട്ടിയെ വേദനിപ്പിച്ചേക്കാം.
ഒരാളോട് ഇത്രയധികം വെറുപ്പും ഉപദ്രവവും കാണിക്കുന്ന ഒരാള്‍ തന്നോട് നല്ല രീതിയില്‍ പെരുമാറുമോ, തന്നെ സ്‌നേഹിക്കുമോ എന്നൊക്കെയുള്ള സംശയങ്ങളും അവര്‍ പരസ്പരം സ്‌നേഹിക്കുന്നത് ഇങ്ങനെ അവസാനിപ്പിച്ചെങ്കില്‍ ഒരുനാള്‍ തന്നെ സ്‌നേഹിക്കുന്നതും ഇതുപോലെ അവസാനിപ്പിച്ചേക്കുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളും കുട്ടിയില്‍ നിറയാം.

3. പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ താനാണ് എന്ന് മാതാപിതാക്കള്‍ വിചാരിച്ചേക്കുമോ, അതിന്റെ പേരില്‍ അവര്‍ തന്നെ തള്ളിക്കളഞ്ഞേക്കുമോ, തന്നെ പുറത്താക്കുമോ എന്നൊക്കെയുള്ള ആശങ്കകളും കുട്ടിക്കു തോന്നാം. ഇതൊക്കെ അവരില്‍ ദേഷ്യവും സങ്കടവും ഭീതിയും ഉളവാക്കാം. കുടുംബബന്ധങ്ങളെപ്പറ്റിയുള്ള അവരുടെ സങ്കല്പം താറുമാറാവുകയും വ്യക്തികള്‍ തമ്മില്‍ വഴക്കുകള്‍ സ്വാഭാവികം മാത്രമാണ് എന്ന ധാരണ അവരില്‍ രൂപപ്പെടുകയും ചെയ്യാം.

4. സ്വന്തം വിഷമങ്ങള്‍ പറഞ്ഞുതീര്‍ക്കാനോ കുട്ടിയെ തന്റെ പക്ഷത്തു നിര്‍ത്താനോ വേണ്ടി അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ കുട്ടിയെ വിശദമായി കേള്‍പ്പിക്കുകയോ കുട്ടിയുടെ സഹാനുഭൂതി തേടുകയോ പങ്കാളിയില്‍നിന്നു കിട്ടാത്ത സ്‌നേഹം കുട്ടിയില്‍നിന്നു പിടിച്ചുപറ്റാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് കുട്ടിയില്‍ നിസ്സഹായതയും ദുര്‍ബലതയും സംഭ്രമവും ജനിപ്പിക്കാം. കുട്ടികള്‍ ഉപദേശങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും താങ്ങിനും തണലിനും ഒക്കെ മാതാപിതാക്കളെ ആശ്രയിക്കുന്നവര്‍ ആകുമ്പോള്‍ അവര്‍ തിരിച്ച് അവരുടെ വിഷമങ്ങള്‍ തങ്ങളോടു പറയാന്‍ തുടങ്ങുന്നത് അവര്‍ക്ക് ആശയക്കുഴപ്പവും അസ്വസ്ഥതയും സൃഷ്ടിക്കാം.

5. വഴക്ക് തന്നെക്കൊണ്ടു താങ്ങാനാവുന്നതിലും തീവ്രമാണ്, അല്ലെങ്കില്‍ താന്‍ മൂലമാണ് എന്നൊക്കെ അനുമാനിക്കുന്ന കുട്ടികളെയും, തന്നെക്കൊണ്ട് ഇത് അവസാനിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമോ ലജ്ജയോ കുറ്റബോധമോ പേറുന്നവരെയും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കാം. ഇത്തരം വഴക്കുകളെ എങ്ങനെ നേരിടണം എന്ന പാടവം സിദ്ധിച്ചിട്ടില്ലാത്ത ഒന്നുമുതല്‍ അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കാം. മറുവശത്ത്, വര്‍ഷങ്ങളായി ഇത്തരം വഴക്കുകള്‍ കണ്ടുകണ്ടു തഴമ്പിച്ച കൗമാരക്കാരെയും ഈ വഴക്കുകള്‍ വലിയ രീതിയില്‍ ബാധിക്കാം.

കുട്ടികളില്‍ ഉളവാകുന്ന പ്രത്യാഘാതങ്ങള്‍
1. ഉറക്കക്കുറവ്, പിടിവാശി, എല്ലാവരില്‍നിന്നും ഉള്‍വലിയുക, അമിതമായ പേടി, ലജ്ജ, ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ തുടങ്ങിയവ ഇത്തരം കുട്ടികളില്‍ സാധാരണമാണ്.

2. ശ്രദ്ധക്കുറവും വിഷാദവും മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള എപ്പോഴുമുള്ള ആധിയും മൂലം അവര്‍ പഠനത്തില്‍ പിന്നാക്കം പോകാം. വളര്‍ച്ച അല്പം മുരടിക്കുക, തളര്‍ച്ച, വയറിനു ബുദ്ധിമുട്ട്, തലവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും ഇവരില്‍ സ്ഥിരമായുണ്ടാവാം. മാനസികസംഘര്‍ഷവും ഉറക്കമില്ലായ്മയും അവരുടെ തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയുമാകാം. 

3. നല്ല വ്യക്തിബന്ധങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഒരു മാതൃക കുട്ടികള്‍ പഠിച്ചെടുക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. അതിനാല്‍ത്തന്നെ അവര്‍ക്കിടയിലെ വഴക്കുകള്‍ നിത്യം കാണുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും പ്രേമപങ്കാളികളോടും ഉള്ള ബന്ധം വഴക്കു നിറഞ്ഞതാകാന്‍ സാദ്ധ്യത കൂടുന്നുണ്ട്. മുതിര്‍ന്നുകഴിഞ്ഞ് അവര്‍ സ്വന്തം ജീവിതപങ്കാളികളോട് വഴക്കിടാനുള്ള സാദ്ധ്യതയും കൂടുന്നുണ്ട്.

4. മാതാപിതാക്കളോടു തോന്നുന്ന അമര്‍ഷം കുട്ടി സഹോദരങ്ങളിലേക്കു വഴിതിരിച്ചുവിടുന്നതും, മാതാപിതാക്കളില്‍ ഒരാള്‍ക്കെതിരെ സഹോദരങ്ങള്‍ ഒരു ടീമാകുന്നതും ഇത്തരം കുടുംബങ്ങളില്‍ പതിവാണ്. ചിലപ്പോള്‍ സഹോദരങ്ങള്‍ പരസ്പരം വേണ്ടതിലും കൂടുതല്‍ സ്‌നേഹമോ അല്ലെങ്കില്‍ അകല്‍ച്ചയോ താല്പര്യക്കുറവോ കാണിക്കാനും വഴിയൊരുക്കാം.

5. മനക്ലേശത്തിന് ആശ്വാസം തേടി അവര്‍ ലഹരിയുപയോഗവും തെറ്റായ ലൈംഗികബന്ധങ്ങളും പോലുള്ള മാര്‍ഗ്ഗങ്ങളിലേക്കു നീങ്ങാം. അക്രമസ്വഭാവം, ആത്മഹത്യാ പ്രവണത, കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന എന്നിവയും കണ്ടേക്കാം. 

മാതാപിതാക്കളുടെ വഴക്കുകള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന് അതിശക്തമായ തെളിവുകളുണ്ട്. ഇതിന്റെ ഭാഗമായാണ് മനോരോഗങ്ങളുടെ ഏറ്റവും പുതിയ നിര്‍വചനങ്ങളില്‍ ഒന്നായ ഡി.എസ്.എം. ഫൈവില്‍ Child Affected by Parental Relationship Distress (CAPRD) എന്ന ഒരു അവസ്ഥയിലേക്ക് മാതാപിതാക്കളുടെ വഴക്കുകളെയും അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്‍ പുതുതായി ഉള്‍പ്പെടുത്തപ്പെടുത്തിയത്. 

പ്രതിരോധവും പരിഹാരവും
മാതാപിതാക്കള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെയും വൈകാരികമായ പക്വതയോടെയും പരിഹരിക്കുന്നതു കാണുന്നതും, പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളെപ്പറ്റി കുട്ടികള്‍ക്ക് അവര്‍ വ്യക്തമായി വിശദീകരിച്ചുകൊടുക്കുന്നതും കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികമായ കഴിവുകളും മെച്ചപ്പെടുത്തും.

  • അഭിപ്രായവ്യത്യാസങ്ങളോ വഴക്കുകളോ ഉള്ള ദമ്പതിമാര്‍ക്ക് കൗണ്‍സലിംഗ് ലഭ്യമാക്കുക.
  • സ്‌കൂളില്‍ പെരുമാറ്റപ്രശ്‌നങ്ങള്‍ കാണിക്കുകയോ പഠനത്തില്‍ പിന്നാക്കം പോവുകയോ ചെയ്യുന്ന കുട്ടികളുടെ വീട്ടില്‍ വഴക്കു പതിവാണോ എന്നന്വേഷിക്കുകയും പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യാം.
  • അഭിപ്രായവ്യത്യാസങ്ങള്‍ ശാന്തതയോടെ ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുക. താനാണു ശരി എന്നു സ്ഥാപിക്കുന്നതിനല്ല, പ്രശ്‌നം പരിഹരിക്കുന്നതിനാകണം മുന്‍ഗണന കൊടുക്കേണ്ടത്. 
  • കുട്ടിയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കുട്ടിയുടെ മുമ്പില്‍വെച്ച് ചര്‍ച്ച ചെയ്യാതിരിക്കുക.
  • പങ്കാളി പ്രകോപിപ്പിച്ചാലും കുട്ടികളുടെ മുമ്പില്‍ വച്ച് മറുപടി കൊടുക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യില്ല എന്നു നിശ്ചയിക്കുക. പങ്കാളിയില്‍നിന്നുള്ള നേരിയ അപമാനങ്ങള്‍ സഹിക്കുന്നതാണ് കുട്ടികളുടെ ആരോഗ്യം ചീത്തയാക്കുന്നതിലും നല്ലത് എന്നോര്‍ക്കുക. സ്ഥിരമായി ഇങ്ങിനെ ചെയ്യുമ്പോള്‍ പങ്കാളിക്കും കാര്യം പിടികിട്ടുകയും അവരും അഭിപ്രായ വ്യത്യാസങ്ങള്‍ സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങുകയും ചെയ്യാം.
  • വഴക്കിന് അവര്‍ ഒരു കാരണമല്ല, അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അവരോടു നല്ല സ്‌നേഹമുണ്ട്, അവരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടില്ല എന്നൊക്കെ കുട്ടികളെ ഓര്‍മിപ്പിക്കുക. ഇത്തരം ചെറുവഴക്കുകള്‍ വീടുകളില്‍ സാധാരണമാണ്, നേരിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ ഇപ്പോഴും പരസ്പരം സ്‌നേഹിക്കുന്നുണ്ട്, പ്രശ്‌നങ്ങള്‍ തങ്ങള്‍ പരിഹരിക്കാന്‍ പോവുകയാണ്, എല്ലാം ഇനിയും നല്ലതിലേക്ക് തിരിച്ചുവരും എന്നൊക്കെ അറിയിക്കുക.

വിവാഹമോചനം
കുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവരുടെ എല്ലാമാണ്. വൈകാരികമായും ശാരീരികമായും കുട്ടികള്‍ പൂര്‍ണമായും അവരില്‍ ആശ്രിതരാണ്. അതുകൊണ്ടുതന്നെ, അതില്‍ ഒരാളുടെ സ്‌നേഹമോ ശ്രദ്ധയോ പ്രോത്സാഹനമോ നഷ്ടപ്പെടുന്നത് കുട്ടിക്ക് ഏറെ ഹാനികരമായേക്കാം. വ്യക്തിപരമായി ഏറെ ക്ലേശകരവും ദുഃഖകരവുമായ ഒരു സന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് കുട്ടികളുടെ ആവശ്യങ്ങളും വികാരങ്ങളും പരിഗണിക്കുക അത്ര എളുപ്പമാവുകയുമില്ല.

അച്ഛനമ്മമാര്‍ വേര്‍പിരിയുന്നത് കുട്ടികളെ എത്രത്തോളം ബാധിക്കും എന്നതു നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകം, അവര്‍ തമ്മില്‍ എന്തുമാത്രം വഴക്ക് വിവാഹമോചനം നടക്കുന്ന കാലയളവിലും അതിനു മുമ്പും  ശേഷവും നടക്കുന്നുണ്ട് എന്നതാണ്. 

കുട്ടികകളുടെ മാസസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങള്‍
1. അച്ഛനമ്മമാര്‍ തമ്മില്‍ തുടരുന്ന വഴക്കുകള്‍ വിശേഷിച്ചു അവ കുട്ടികളെ സംബന്ധിച്ചുള്ള വിഷയങ്ങളെ പറ്റിയാണെങ്കില്‍. 
2. കുട്ടികളെ തുടര്‍ന്നും ശ്രദ്ധയോടെ നോക്കാനുള്ള കഴിവ് കുറഞ്ഞു പോകുന്നത്. 
3. കുട്ടികളെ പരിഗണിക്കാന്‍ സമയമോ ആരോഗ്യമോ മാനസികാവസ്ഥയോ ഇല്ലാതെ പോകുന്നത്. 
4. കുടുംബം പല മാറ്റങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നത് ഉദാഹരണത്തിന് മാതാപിതാക്കളുടെ വിവാഹമോചനം, അവരുടെ പുനര്‍വിവാഹം പിന്നീടും വിവാഹമോചനം... അങ്ങനെയുള്ള മാറ്റങ്ങള്‍ കുട്ടികളെ കാര്യമായി ബാധിക്കും. 

കുട്ടികളെ ബാധിക്കുന്ന മാതാപിതാക്കളുടെ പെരുമാറ്റങ്ങള്‍ 

  • പങ്കാളിയോട് ഉള്ള ദേഷ്യം നിറഞ്ഞ സന്ദേശങ്ങള്‍ കുട്ടിവഴി കൈമാറുന്നത്. 
  • പങ്കാളിയെപ്പറ്റി കുട്ടിയോട് ആവര്‍ത്തിച്ച് സംശയങ്ങളും ചോദ്യങ്ങളും ചോദിച്ചു കൊണ്ടിരിക്കുന്നത്. 
  • കുട്ടിയുടെ മുമ്പില്‍വെച്ച് പങ്കാളിയെ താഴ്ത്തിക്കെട്ടിയോ പരിഹസിച്ചോ സംസാരിക്കുന്നത്. 
  • പങ്കാളിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നത്. 
  • കുട്ടി പങ്കാളിയെ കുറിച്ച് നല്ലത് പറയുകയോ ചിന്തിക്കുകയോ ചെയ്യുമ്പോള്‍ അത് വിലക്കുന്നത്.

കുട്ടിക്ക് വേണ്ട കാര്യങ്ങള്‍ 

  • അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കുകളില്‍നിന്നും ഒരു സംരക്ഷണം കിട്ടുന്നത്. 
  • അച്ഛനമ്മമാര്‍ തമ്മില്‍ സഹകരണം തുടരുന്നത് 
  • സഹോദരങ്ങളില്‍ നിന്ന് വേണ്ട കൈത്താങ്ങ് ലഭിക്കുന്നത്. 
  • മറ്റ് കുടുംബാംഗങ്ങളുമായി നല്ല സഹകരണവും ബന്ധവും ഉണ്ടാകുന്നത്, അവരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നത്.

കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാം
1. ജീവിതത്തിന്റെ പല മേഖലകളിലും വലിയ മാറ്റങ്ങളും പ്രതിസന്ധികളും നേരിടുന്ന, വല്ലാത്ത അനിശ്ചിതത്വം നിലനില്‍ക്കുന്ന ഏത് സാഹചര്യങ്ങളായാലും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

2. പിരിയാന്‍ തീരുമാനിച്ച വിവരം കുട്ടിയെ എങ്ങിനെ അറിയിക്കാം എന്നതിന്  എളുപ്പവഴികള്‍ ഒന്നുമില്ല. കഴിയുന്നത്ര വസ്തുനിഷ്ഠമായി, കുറ്റപ്പെടുത്തലോ ദേഷ്യമോ കുറ്റബോധമോ ഒന്നുമില്ലാതെ, കുട്ടിയുടെ പ്രായത്തിനും പക്വതക്കും വ്യക്തിത്വത്തിനും അനുയോജ്യമായ രീതിയില്‍, വേണം കാര്യം അവതരിപ്പിക്കാന്‍.

3. കുട്ടിയുടെ നന്മയെക്കരുതി മുന്‍ പങ്കാളിയുമായി ആരോഗ്യകരവും പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതവുമായ ഒരു ബന്ധം തുടരാന്‍ ശ്രമിക്കുക. സുരക്ഷയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഒന്നും ഇല്ലെങ്കില്‍, മാതാപിതാക്കള്‍ ഇരുവരുമായി ആരോഗ്യപരമായ ഒരു ബന്ധം തുടരാന്‍ കുട്ടിക്കുള്ള അവകാശത്തെ ഇരുവരും മാനിക്കുക. കുട്ടിയെ പരസ്പരം കൈമാറുന്ന സാഹചര്യങ്ങളില്‍ പരസ്പര ബഹുമാനവും സുരക്ഷിതത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

4. മുന്‍ പങ്കാളിയോട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കുട്ടിയെ ഉപയോഗിക്കാതിരിക്കുക. കാരണം, ഇതൊക്കെ അച്ഛനമ്മമാരില്‍ ഒരാളെ താന്‍ സംരക്ഷിക്കേണ്ടതുണ്ട്, സഹായിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള ഉത്തരവാദിത്തബോധങ്ങള്‍ കുട്ടിയില്‍ ഉളവാക്കാം. അതിനുള്ള മനോവികാസം അവര്‍ക്ക് സിദ്ധിച്ചിട്ടുണ്ടാവുന്നില്ല താനും. മുതിര്‍ന്നവരുടെ ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതില്‍ ഇടപെടാനുമുള്ള പക്വതയോ പരിചയമോ അവര്‍ക്ക് ആയിട്ടുണ്ടാവില്ല. ഇതൊക്കെ അവസാനം അവരെ കുറ്റബോധത്തിലും സ്വയംപഴിയിലും ചെന്നെത്തിക്കാം.

5. മുന്‍പങ്കാളിയെക്കുറിച്ച് അനിഷ്ടവും ദേഷ്യവുമെല്ലാം മനസ്സിലുണ്ടെങ്കിലും അത് കുട്ടിയെ അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഇപ്പോഴും ആ വ്യക്തിയെക്കുറിച്ച് ബഹുമാനവും കുറച്ചൊക്കെ നല്ല അഭിപ്രായവും ഉണ്ട് എന്ന അനുമാനമാകണം കുട്ടിക്കു ലഭിക്കേണ്ടത്. മുന്‍പങ്കാളിയുടെ കൂടെ സമയം ചെലവഴിക്കുന്നതില്‍ നിന്ന് കുട്ടിക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അതിന് അഭിനന്ദിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക.

6. മുന്‍പങ്കാളിയെക്കുറിച്ച് പറ്റുന്നതും നല്ല കാര്യങ്ങള്‍ പറയുക. മൃഗശാലയില്‍ കൊണ്ടുപോകാമെന്നു സമ്മതിച്ചതും കൊണ്ടുപോയതും ആ രക്ഷിതാവിന് ഒരു നല്ല മനസ്സുണ്ടായതു കൊണ്ടാണ്, നിനക്ക് നല്ലൊരു അച്ഛന്‍/അമ്മ ആണുള്ളത് എന്നൊക്കെ പറയാം.

7. ഒരാളുടെകൂടെ താമസിക്കുന്നതിനിടയ്ക്ക് കുറച്ചു ദിവസത്തേക്ക് മറ്റേയാളുടെ കൂടെ കഴിയാന്‍ ചെല്ലേണ്ടിവരുമ്പോള്‍ കുറച്ചു ദിവസത്തേക്ക് കുട്ടി അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നങ്ങള്‍ കാണിക്കുന്നത് സ്വാഭാവികം മാത്രമാണ് എന്നോര്‍ക്കുക.

8. വിവാഹമോചനത്തിന് കുട്ടിയൊരു കാരണമായിരുന്നില്ല, അതു തടയാന്‍ കുട്ടിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല എന്നൊക്കെ ബോദ്ധ്യപ്പെടുത്തുക.

9. കുട്ടിയുമായി തനിച്ചു ചെലവിടാനുള്ള നിശ്ചിത സമയം ദിനചര്യകളില്‍ ഉള്‍പ്പെടുത്തുക. കുട്ടിക്കുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുക. അവര്‍ കാണിക്കുന്ന നല്ല പെരുമാറ്റങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവരെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലുകള്‍ ഏതുമില്ലാതെ അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കുക. ഇത്തരം സമയങ്ങളില്‍ മനസ്സില്‍ പലതരത്തിലുള്ള വികാരങ്ങള്‍ തള്ളിക്കയറി വരുന്നത് നോര്‍മലാണെന്ന് ബോദ്ധ്യപ്പെടുത്തുക. അവരെ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നുണ്ടെന്ന് വ്യക്തമാക്കുക. സംസാരിക്കാതെ മൗനം പാലിക്കാനാണ് താല്പര്യം എങ്കില്‍ അതിനും അനുവദിക്കുക. ഇതൊക്കെ നല്ലൊരു വ്യക്തിബന്ധം പരസ്പരം രൂപപ്പെടാന്‍ സഹായിക്കും. മറ്റുള്ളവരോടു സഹാനഭൂതി കാണിക്കാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടാനുമുള്ള കഴിവുകള്‍ കുട്ടിക്കു പകര്‍ന്നു കൊടുക്കുക. ആവശ്യമെങ്കില്‍ ഇതിനായി വിദഗ്ദ്ധസഹായം തേടുക. 

10. അതേസമയം അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. കുട്ടിയുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുക. കൃത്യമായ നിര്‍ദ്ദേശങ്ങളും നിയമങ്ങളും അതിര്‍വരമ്പുകളും തീരുമാനിക്കുക. ഇതൊക്കെ എല്ലാ വികാരങ്ങളും ഓക്കെയാണ് എന്നാല്‍ എല്ലാ പെരുമാറ്റങ്ങളും ഓക്കെയല്ല എന്ന സന്ദേശം കുട്ടിക്കു കിട്ടാനും, മനോസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും, അവര്‍ ചീത്ത കൂട്ടുകെട്ടുകളിലോ ലഹരിയിലോ മറ്റും അഭയം തേടുന്നതു തടയാനും സഹായിക്കും.

11. പെട്ടെന്നുതന്നെ മറ്റൊരു ബന്ധത്തിലേക്ക് എടുത്തു ചാടാതിരിക്കുന്നതാണ് കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. വിശേഷിച്ചും പുതിയ പങ്കാളിക്കും മക്കള്‍ ഉണ്ടെങ്കില്‍ അത് കുട്ടികളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കാം. തന്റെ കൂടെ അവശേഷിച്ച രക്ഷിതാവിന്റെ സ്‌നേഹം പകുത്തു പോവുകയാണ് എന്ന അറിവ് കുട്ടികളില്‍ നഷ്ടബോധം സൃഷ്ടിക്കാം. വിവാഹമോചനത്തിനു ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാന്‍ കുട്ടിക്ക് സമയം കിട്ടിയതിനുശേഷം മാത്രം പുതിയൊരു ബന്ധത്തിലേക്കു കടക്കുന്നതാകും കുട്ടിക്കും പുതിയ ബന്ധത്തിനും നല്ലത്.

12. പ്രായത്തിന് അനുസൃതമായ വിവരങ്ങള്‍ കുട്ടിക്കു നല്‍കിക്കൊണ്ടിരിക്കുന്നത് തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്ക കുറയാനും മാറ്റങ്ങളോട് കൂടുതല്‍ നന്നായി പൊരുത്തപ്പെടാനും സഹായിക്കും. എന്തൊക്കെ കാര്യത്തില്‍ മാറ്റങ്ങള്‍ വരും, എന്തൊക്കെ കാര്യത്തില്‍ മാറ്റങ്ങള്‍ വരില്ല എന്നതിനെയൊക്കെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുന്നത് തന്നെത്തന്നെയും മാതാപിതാക്കളെയും സഹോദരങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സാധനസാമഗ്രികളെയും മറ്റു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എല്ലാം കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കും. 

13. കുട്ടിയുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ കഴിയുന്നത്ര ലഘൂകരിക്കാന്‍ ശ്രമിക്കുക. സാദ്ധ്യമെങ്കില്‍ പഴയ സ്‌കൂളില്‍ത്തന്നെ തുടരാന്‍ അനുവദിക്കുക. വളര്‍ത്തുമൃഗങ്ങളെ ഒപ്പംകൂട്ടാന്‍ അനുവദിക്കുക, മറ്റു ബന്ധങ്ങള്‍ കഴിയുന്നതും തുടരാന്‍ സഹായിക്കുക എന്നിവയും നല്ല നടപടികള്‍ ആകും. പുതിയ ജീവിതക്രമങ്ങള്‍ കുട്ടിയുടെ പഴയ ശീലങ്ങളെയും ഇഷ്ടങ്ങളെയും വല്ലാതെ ബാധിക്കാത്ത രീതിയിലാകാന്‍ ശ്രദ്ധിക്കുന്നതും നന്നാകും.

14. സ്വന്തം മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കാനും ആവശ്യത്തിന് ഉറങ്ങാനും ആഹാരം കഴിക്കാനുമെല്ലാം ശ്രദ്ധിക്കുന്നത് തന്നെയും കുട്ടിയെയും കൂടുതല്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. തങ്ങള്‍ക്കോ കുട്ടിക്കോ ആവശ്യമെങ്കില്‍ മാനസികബുദ്ധിമുട്ടുകള്‍ക്കുള്ള വിദഗ്ദ്ധസഹായം തേടുക.

തയ്യാറാക്കിയത്: ഡോ. ഷാഹുല്‍ അമീന്‍, 
സൈക്യാട്രിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി
അസോസിയേറ്റ് എഡിറ്റര്‍, ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി
www.mind.in
 

Content Highlights: parental divorce or separation and childrens mental health