ഓസെംപിക് എടുക്കുമ്പോൾ മുടി കൊഴിയുന്നുണ്ടോ? പാർശ്വഫലങ്ങളെപ്പറ്റി അറിയാം

ശരീരഭാരം കുറയ്ക്കുന്നതു സംബന്ധിച്ച് അടുത്തിടെ നടന്ന ചർച്ചകളിൽ നിങ്ങൾ ഓസെംപിക്കി (ozempic) നെക്കുറിച്ച് കേട്ടിരിക്കും. പ്രമേഹത്തിനുള്ള മരുന്നാണെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ ട്രെൻഡ് ആയി മാറിയ ഒന്നാണ് ഓസെംപിക്. എന്നാൽ ഓസെംപിക് ഉപയോഗിക്കാൻ തുടങ്ങിയശേഷം മുടി കൊഴിയുന്നതായി ഒട്ടേറെപ്പേർ പരാതിപ്പെടുന്നുണ്ട്, ഗൂഗിളിലും ഒട്ടേറെപ്പേർ ഇതിനെപ്പറ്റി തിരയുന്നുണ്ട്. ഓസെംപിക് മുടികൊഴിച്ചിൽ ഉണ്ടാക്കുമോ എന്ന് പരിശോധിക്കാം.
ഓസെംപിക് എന്താണ്?
ഓസെംപിക് യഥാർഥത്തിൽ ടൈപ്പ് 2 പ്രമേഹം ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ള ഒരു മരുന്നാണ്. ഇതിൽ സെമാഗ്ലൂട്ടൈഡ് അടങ്ങിയിരിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ അതിന്റെ "പാർശ്വഫലങ്ങളിൽ" ഒന്ന് ശരീരഭാരം കുറയുക എന്നതാണ്, പലപ്പോഴും വളരെ വേഗത്തിലാണ് ശരീരഭാരം കുറയുന്നത്. അതുകൊണ്ടുതന്നെ പ്രമേഹചികിത്സയ്ക്കപ്പുറം ഭാരം കുറയ്ക്കുന്നവർക്കിടയിൽ ഇത് പ്രചാരം നേടി. ദഹനം മന്ദഗതിയിലാക്കൽ, വിശപ്പ് കുറയ്ക്കൽ, വയറുനിറഞ്ഞതായി തോന്നുക എന്നിവയിലേക്കും ഇത് നയിക്കുന്നുണ്ട്. പക്ഷേ, ശരീരം പെട്ടെന്നുള്ള, നാടകീയമായ മാറ്റങ്ങളെ ഇഷ്ടപ്പെടാറില്ലെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഓസെംപിക്കിന്റെ നേരിട്ടുള്ള പാർശ്വഫലമല്ലെങ്കിൽ കൂടി, മുടികൊഴിച്ചിലിനും കാരണമാകുന്നു.
ഓസെംപിക്കുമായി ബന്ധപ്പെട്ട മുടികൊഴിച്ചിൽ സാധാരണയായി ടെലോജൻ എഫ്ലൂവിയം എന്നറിയപ്പെടുന്ന ഒരു താൽക്കാലിക കൊഴിച്ചിലാണ്. വളർച്ച, വിശ്രമം, കൊഴിച്ചിൽ തുടങ്ങിയ ഒരു ചക്രത്തിലൂടെയാണ് സാധാരണഗതിയിൽ മുടി കടന്നുപോകുന്നത്. എന്നാൽ ശരീരം ശാരീരികമോ മാനസികമോ ആയ സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോൾ അത് കൂടുതൽ മുടിയിഴകളെ ഒന്നിച്ച് "കൊഴിച്ചിൽ" ഘട്ടത്തിലേക്ക് തള്ളിവിട്ടേക്കാം. അതാണ് ടെലോജൻ എഫ്ലൂവിയം.
മരുന്നുകളിലൂടെയോ, കഠിനമായ ഡയറ്റിലൂടെയോ, അസുഖത്തിലൂടെയോ വേഗത്തിൽ ശരീരഭാരം കുറയുമ്പോൾ ശരീരം മറ്റെന്തിനേക്കാളും അതിജീവനത്തിന് മുൻഗണന നൽകുന്നു. അതായത് നിങ്ങളുടെ ഹൃദയം, തലച്ചോറ്, അവയവങ്ങൾ പോലുള്ള അവശ്യ പ്രവർത്തനങ്ങളിൽ അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പോഷകക്കുറവും സാധാരണയാണ്. പ്രോട്ടീൻ, ഇരുമ്പ്, അല്ലെങ്കിൽ അവശ്യ വിറ്റാമിനുകൾ തുടങ്ങിയവ ആരോഗ്യകരമായ മുടിക്ക് വളരെ പ്രധാനമാണ്.
അതുകൊണ്ടുതന്നെ, മരുന്നെടുക്കുമ്പോൾ ഡയറ്റ് കഠിനമാക്കാതിരിക്കാം. മുട്ട, പയറ്, പനീർ, പരിപ്പ് എന്നിവ ഭക്ഷണത്തിലുൾപ്പെടുത്താം, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ, വിറ്റാമിൻ ഡി - ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിൽ ഒരു പങ്കുവഹിക്കുന്നു. മുറുക്കിയുള്ള ഹെയർസ്റ്റൈലുകൾ, ചൂടേൽക്കുന്ന തരത്തിലുള്ള സ്റ്റൈലിങ്, കഠിനമായ ട്രീറ്റ്മെന്റുകൾ എന്നിവ ഒഴിവാക്കാം. കൊഴിച്ചിൽ അമിതമായി തോന്നുന്നുവെങ്കിൽ, ഒരു പ്രൊഫഷണലുമായി സംസാരിക്കുന്നത് നല്ലതാണ്. അതേസമയം, പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം താൽക്കാലിക മുടികൊഴിച്ചിലിനേക്കാൾ വലുതാണെന്ന് ഓർക്കണം. മരുന്നെടുത്ത് തുടങ്ങിയാൽ ഡോക്ടറുമായി സംസാരിക്കുന്നതിന് മുമ്പ് മരുന്ന് നിർത്തുകയോ മാറ്റുകയോ ചെയ്യരുത്. മിക്കവർക്കും
ഈ മുടികൊഴിച്ചിൽ താൽക്കാലികമാണ്. ശരീരം മാറ്റങ്ങളുമായി പൊരുത്തപ്പെടുമ്പോൾ കൊഴിച്ചിൽ നിന്ന് പുതിയ മുടി വളരാൻ തുടങ്ങും.
(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ozempic does not directly damage hair follicles; hair loss is linked to rapid weight loss., Telogen Effluvium is a temporary shedding phase triggered by physical stress., Nutritional deficiencies during weight loss often exacerbate hair thinning., Prioritize protein and essential vitamins to support hair health during treatment., Consult a healthcare professional before altering medication regimens.