കഴുകിയിട്ടും തല വൃത്തിയാവാത്ത തോന്നലാണോ? തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ ഇനി പ്രശ്നമാവില്ല

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

താരന്‍, കേള്‍ക്കുമ്പോള്‍ തന്നെ പലരെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ശല്യം അനുഭവിച്ചിട്ടില്ലാത്തവരും ഉണ്ടാവില്ല. താരനില്‍ തന്നെ പലവിധമുണ്ട്. എണ്ണമയമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ താരന്‍ ചീകി ഒഴിവാക്കാന്‍ കൂടുതല്‍ പ്രയാസമുള്ളതാണ്. ഇടയ്ക്കിടെ ചീകിയിട്ടും തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതുമാണ്. മഴക്കാലത്താണ് ഈ അവസ്ഥകൂടുതലായി കാണപ്പെടുന്നത്.

പൊടിഞ്ഞുപോകുന്ന സാധാരണ താരനില്‍ നിന്ന് വ്യത്യസ്തമായി, എണ്ണമയമുള്ള താരന്‍ തലയോട്ടിയില്‍ പറ്റിപ്പിടിക്കുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥ ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. തല കഴുകിയ ശേഷവും തലയോട്ടി വൃത്തിയായതായി തോന്നില്ല. 

എന്താണ് ഒട്ടിപ്പിടിക്കുന്ന താരന് കാരണം? ഒട്ടിപ്പിടിക്കുന്ന താരന്റെ കാരണം സെബത്തിന്റെ അമിതമായ ഉത്പാദനമാണ്. ഇത് ഫംഗസുമായി ചേരുമ്പോള്‍ ഉണങ്ങിയ താരന്‍ കട്ടിയുള്ള കൂട്ടങ്ങളായി മാറുമെന്നും വിദഗ്ദര്‍ പറയുന്നു. നഗരങ്ങളിലെ ഈര്‍പ്പമുള്ള കാലാവസ്ഥയും മലിനീകരണവും, ജനിതക കാരണങ്ങളും സ്വാഭാവികമായി എണ്ണമയമുള്ള തലയോട്ടിയും, സ്‌റ്റൈലിങ് ഉല്‍പ്പന്നങ്ങളുടെയും വീര്യം കൂടിയ ക്ലെന്‍സറുകളുടെയും അമിത ഉപയോഗം തുടങ്ങിയവയാണ് സ്വാഭാവികമായ കാരണങ്ങള്‍. ഇത്തരത്തിലുള്ള താരനെ അവഗണിക്കുന്നത് നിങ്ങളുടെ തലയോട്ടിക്ക് ദോഷകരമാകും. ചൊറിച്ചില്‍, ചുവപ്പ് എന്നിവ ഇതിന്റെ സാധാരണ പ്രത്യാഘാതങ്ങളാണ്.

ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് അവിശ്വസനീയമായ ഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന താരന്‍ അകറ്റുന്ന ഷാംപൂകള്‍ വിപണിയില്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഈ പൊതുവായ അവകാശവാദങ്ങളെല്ലാം ഒട്ടിപ്പിടിക്കുന്ന, കൂട്ടം കൂടുന്ന തരം താരനില്‍ ഫലപ്രദമായേക്കില്ല. അതിനാല്‍ ആന്റിഫംഗല്‍ ഗുണങ്ങളോടൊപ്പം ആഴത്തില്‍ വൃത്തിയാക്കുന്ന ചേരുവകളുള്ള ഷാംപൂ തിരഞ്ഞെടുക്കണം. 

ഓക്‌സിജനേറ്റഡ് ചാര്‍ക്കോള്‍ നിങ്ങളുടെ ഷാംപൂവില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഘടകമാണ്. ആഴത്തില്‍ വൃത്തിയാക്കാനും വിഷാംശം നീക്കം ചെയ്യാനുമുള്ള കഴിവുണ്ട് ഇതിന്. ഉയര്‍ന്ന ആഗിരണ ശേഷി കൊണ്ട്, തലയോട്ടിയിലെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുത്താതെ അധിക എണ്ണ, അഴുക്ക്, അടിഞ്ഞുകൂടിയ വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

അതുപോലെ തന്നെയാണ് പൈറോക്ടോണ്‍ ഓളമൈന്‍. ഇത് താരന്‍ വീണ്ടും വരുന്നത് കുറയ്ക്കുകയും കാലക്രമേണ ആരോഗ്യമുള്ള തലയോട്ടി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഷാംപൂ വാങ്ങുമ്പോള്‍ അടുത്ത തവണ ഈ ഘടകങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താവുന്നതുമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: get rid of stubborn oily dandruff with the right shampoo. Learn about causes, effective ingredients like charcoal and piroctone olamine, and tips for a healthy scalp.