പ്രസവശേഷം 24 കിലോ കൂടി; മധുരം, വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കി ഭാരം കുറച്ചു

മെഹർ, ഗുരീഖ് എന്നിങ്ങനെ രണ്ടുമക്കളാണ് നേഹ ധൂപിയയ്ക്കും അങ്കദ് ബേദിക്കും. ജീവിതത്തിലെ പല ഘട്ടങ്ങളിലും ബോഡി ഷെയിം ചെയ്യപ്പെട്ടിട്ടുണ്ട് നേഹ. എങ്കിലും ആ സമ്മർദങ്ങളൊന്നും തന്റെ കരിയറിനെയും ജീവിതത്തെയും ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കാറുമുണ്ട്. അതിനൊപ്പം ബോഡി പോസിറ്റിവിറ്റിയുടെ വക്താവുമാണവർ.
ഇപ്പോഴിതാ പ്രസവശേഷം താൻ ബോഡി ഷെയിമിങ്ങിന് നിരന്തരം ഇരയായിരുന്നതായി പറയുകയാണ് താരം. പ്രസവശേഷം 23 കിലോ ഭാരം കൂടിയെന്നും അതിനുശേഷം രൂക്ഷമായ ട്രോളിങ്ങിന് വിധേയയായെന്നും അവർ വെളിപ്പെടുത്തുന്നു. ''ഒരു അമ്മയായിക്കഴിഞ്ഞാൽ, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിങ്ങളുടെ ആഖ്യാനം പൂർണമായും മാറുന്നു. മറ്റെല്ലാറ്റിനും പുറമെ, അത് നിങ്ങളെ വിലയിരുത്തുന്നത് മറ്റൊരു വിധത്തിലായിരിക്കും. എന്റെ ഭാരത്തിന്റെ പേരിലും മറ്റും എനിക്ക് ധാരാളം ട്രോളിങ് സഹിക്കേണ്ടി വന്നു. കുറച്ച് ഭാരം കൂടിയതുകൊണ്ട് ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് തോന്നി. എനിക്ക് 23 കിലോ കൂടിയാൽ എന്താണ് പ്രശ്‌നം? നിങ്ങൾ എന്നെ കൊല്ലുമോ?''
അതിനുശേഷം ചിട്ടയായ ജീവിതത്തിലൂടെ ഭാരം കുറച്ചാണ് അവർ കരിയറിലേക്ക് തിരിച്ചെത്തിയത്. കർശനമായ ഭക്ഷണക്രമം പിന്തുടരുക എന്നതല്ല, മറിച്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള സമഗ്രമായ സമീപനം സ്വീകരിക്കുക എന്നതാണ് വേണ്ടതെന്ന് നേഹ പറയുന്നു. ''സത്യം പറഞ്ഞാൽ, കുറുക്കുവഴികളില്ല, എളുപ്പവഴികളുമില്ല, സ്ഥിരത പുലർത്തുക, കഠിനാധ്വാനം ചെയ്യുക''.
അന്നത്തെ തന്റെ ഭക്ഷണക്രമവും അവർ വിവരിച്ചു. പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ, ഗ്ലൂട്ടൻ എന്നിവ കൂടുതലും ഒഴിവാക്കി. ''നേരത്തെ ഭക്ഷണം കഴിക്കുമായിരുന്നു. ഏഴുമണിയാവുമ്പോഴേക്കും അത്താഴം കഴിക്കും. അതിനുശേഷം വെള്ളം മാത്രം. ചില ദിവസങ്ങളിൽ 14 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കും. അങ്ങനെയൊക്കെയാണ് ഒരുവർഷം കൊണ്ട് 23 കിലോ കുറച്ചത്''.
കരിയറിലും അമ്മയായശേഷം മാറ്റങ്ങളുണ്ടായെന്ന് നേഹ പറയുന്നു. ''നിങ്ങൾ ഒരു അമ്മയാകുമ്പോൾ, അതുപോലുള്ള വേഷങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ തുടങ്ങും. നിങ്ങളുടെ ഫിറ്റ്‌നസിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം. അതിനൊപ്പം പലതരത്തിലുള്ള മാനസികസമ്മർദങ്ങളും നിയന്ത്രിക്കണം. ടൈം മാനേജ്‌മെന്റിന്റെ കാര്യത്തിൽ ശ്രദ്ധവേണം. അതെല്ലാം നിങ്ങൾ തന്നെ ചെയ്യണം. ആരും നിങ്ങളെ അതിനായി തയ്യാറാക്കില്ല''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neha Dhupia shares her inspiring post-pregnancy weight loss journey, overcoming body shaming and embracing a healthier lifestyle