40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ കൊളസ്‌ട്രോളിനെ കരുതിയിരിക്കണം

നമ്മളില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ജീവിതശൈലീരോഗമായ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക ഡയറ്റ് പ്ലാന്‍വരെ നമ്മള്‍ പിന്തുടരാറുണ്ട്. കൊളസ്‌ട്രോള്‍ എന്നത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ ഒരു വിഭാഗമാണ്. കൊളസ്‌ട്രോള്‍ പലതരത്തിലുണ്ട്. ഇതില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ് ചീത്ത കൊളസ്‌ട്രോളായി പറയപ്പെടുന്നത്. സ്ത്രീകളില്‍ 40 വയസ്സ് കഴിഞ്ഞാല്‍ ഈ കൊളസ്‌ട്രോളിന്റെ അളവ് കൂടാറുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിന്റെ കാരണങ്ങളും അതുകാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങള്‍ കാരണം ചീത്ത കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യത പുരുഷന്മാരെ സംബന്ധിച്ച് അധികമാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണം. ആര്‍ത്തവവിരാമ സമയത്ത് ഈ ഹോര്‍മോണിന്റെ അളവ് വളരെയധികം വ്യത്യാസപ്പെടുകയും അതുകാരണം ചീത്ത കൊളസ്‌ട്രോള്‍ സ്ത്രീകളില്‍ കൂടുകയും ചെയ്യുന്നതായി കാണുന്നു. ഇത് പലകാരണങ്ങളില്‍ ഒന്നു മാത്രമാണ്. ഇത് കൂടാതെ വ്യായാമം ഇല്ലായ്മ, അമിതമായ ശരീരഭാരം, ചിട്ടയില്ലാത്ത ഭക്ഷണക്രമം, തൈറോയ്ഡ് മരുന്ന് കഴിക്കുന്നത്...എന്നിവയൊക്കെ കാരണങ്ങളാണ്. പാരമ്പര്യമായും കൊളസ്‌ട്രോള്‍ കണ്ടുവരുന്നു.
കൊളസ്‌ട്രോള്‍ എങ്ങനെ പരിശോധിക്കാം?
ലിപ്പിഡ് പ്രൊഫൈല്‍ എന്ന ടെസ്റ്റ് ആണ് കൊളസ്‌ട്രോള്‍ ഉണ്ടോ ഇല്ലയോ എന്നറിയാനായി ഉപയോഗിക്കുന്നത്. രാവിലെ ഭക്ഷണത്തിനുമുമ്പ് വെറും വയറ്റിലാണ് ഈ ബ്ലെഡ് ടെസ്റ്റ് ചെയ്യേണ്ടത്. ഈ ടെസ്റ്റിന്റെ റിസള്‍ട്ട് വരുമ്പോള്‍ പലതരത്തിലുള്ള കൊളസ്‌ട്രോളിന്റെ അളവ് അറിയാന്‍ സാധിക്കും.
അതില്‍ പ്രധാനമായി ടോട്ടല്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ നല്ല കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് ഇവയൊക്കെ ഉള്‍പ്പെടുന്നു. ഇതില്‍ ടോട്ടല്‍ കൊളസ്‌ട്രോള്‍ എന്നത് മറ്റെല്ലാ കൊളസ്‌ട്രോളിന്റെയും ആവറേജാണ്. മറ്റേതെങ്കിലും കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ടോട്ടല്‍ കൊളസ്‌ട്രോള്‍ കൂടുതലാവാം. ഇതില്‍ സാധാരണയായി ചീത്ത കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ പലതരത്തിലുള്ള അസുഖത്തിന് സാധ്യതകള്‍ ഏറുന്നു. ഉദാഹരണമായി രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നതുവഴി രക്തയോട്ടം കുറയുകയും അങ്ങനെ പലതരത്തിലുള്ള രോഗങ്ങള്‍ക്കും അത് കാരണമാകുന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അസുഖങ്ങള്‍ ഉണ്ടായേക്കാം. അതുപോലെ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം കുറയുമ്പോള്‍ പക്ഷാഘാതം, അപസ്മാരം എന്നിവയ്ക്കും കാരണമായേക്കാം. കാലുകളിലേക്കുള്ള രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുമ്പോള്‍ കാലിലേക്കുള്ള രക്തസഞ്ചാരം കുറയുകയും അങ്ങനെ കാല് വേദന, തരിപ്പ്, ഉണങ്ങാത്ത മുറിവ് ഇവയ്‌ക്കൊക്കെ കാരണമാവും.
കൊളസ്‌ട്രോള്‍ ഉള്ളവര്‍ എന്തൊക്കെ ആഹാരങ്ങള്‍ ഒഴിവാക്കണം?
* പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളായ റെഡ്മീറ്റ് അതായത് മട്ടന്‍, പോര്‍ക്ക്, ബീഫ് ഇവയൊക്കെ ഒഴിവാക്കണം.
* എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക.
* സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതുവഴി കൊളസ്‌ട്രോള്‍, സോഡിയം ഇവയെല്ലാം കൂടാന്‍ സാധ്യതയുണ്ട്.
* കേക്ക്, കുക്കീസ് എന്നിവ ആഹാരത്തില്‍ കുറയ്ക്കുക. ഇതുകൂടാതെ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. സമീകൃതമായ ആഹാരം കഴിക്കുന്നതുവഴിയും കൃത്യമായ വ്യായാമം ചെയ്യുന്നതുവഴിയും ഒരുപരിധിവരെ കൊളസ്‌ട്രോളിനെ നമുക്ക് വരിധിയിലാക്കാന്‍ സാധിക്കും.
* ഇതെല്ലാം ചെയ്തിട്ടും കൊളസ്‌ട്രോള്‍ കുറയുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിച്ച് കൊളസ്‌ട്രോളിനുള്ള മരുന്നുകള്‍ കഴിക്കേണ്ടതാണ്. കൊളസ്‌ട്രോള്‍ ഒരു ജീവിതശൈലി രോഗംകൂടി ആയതിനാല്‍ നമ്മുടെ ദിനചര്യയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ കൊളസ്‌ട്രോള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ നമ്മളെ സഹായിക്കും.
Content Highlights: Managing Cholesterol Levels in Women Over 40