ടാഗിൽ 'കിരൺ ആമിർ റാവു ഖാൻ', ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നുവെന്ന് സംവിധായിക

സംവിധായിക കിരൺ റാവു, അടുത്തിടെയാണ് അപ്പെൻഡിക്സ് ശസ്ത്രക്രിയക്കു വിധേയയായത്. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണവർ. ഞായറാഴ്ച സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമാണ് കിരൺ പങ്കുവെച്ചത്. അതിലവരുടെ ആശുപത്രി ഐഡി ടാഗിന്റെ ചിത്രം ചർച്ചയായി. കൈയിലണിഞ്ഞ ടാഗിൽ 'കിരൺ ആമിർ റാവു ഖാൻ' എന്നാണ് പേരായി രേഖപ്പെടുത്തിയത്. 2005-ൽ ആമിർ ഖാനും കിരണും വിവാഹിതരായിരുന്നുവെങ്കിലും 2021-ൽ വേർപിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പേര് ആളുകളിൽ കൗതുകമുണ്ടാക്കി. ആശുപത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ട് സോഫയിലിരിക്കുന്ന ചിത്രവും പങ്കുവെച്ചവയിലുണ്ട്.
"2026ലേക്ക് പാർട്ടി മൂഡിൽ പ്രവേശിക്കാൻ ഞാൻ തയ്യാറെടുക്കുകയായിരുന്നു, അപ്പോഴാണ് എന്റെ അപ്പെൻഡിക്സ് അല്പം വിശ്രമിക്കാനും ശ്വാസമെടുക്കാനും നന്ദി പറയാനും എന്നെ ഓർമ്മിപ്പിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിന് നന്ദി. 12 മില്ലീമീറ്റർ വ്യാസമുള്ള അപ്പെൻഡിക്സ് എങ്ങനെയാണ് 10.5 മില്ലീമീറ്റർ കത്തീറ്റർ വഴി പുറത്തുവന്നതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല, ഞാൻ ഡോക്ടർ അല്ലാത്തതുകൊണ്ട് ദൈവത്തിന് നന്ദി."-അവർ കുറിച്ചു.
അലർജി ബാധിച്ച് തടിച്ച് വീർത്ത ചുണ്ടുകൾ കണ്ട് കളിയാക്കാൻ വേണ്ടി വന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും തമാശ രൂപേണ അവർ നന്ദി പറഞ്ഞു. ഒപ്പം പരിചരിക്കാനെത്തിയ ഇറ, ഷെഫാലി തുടങ്ങിയവർക്കും.
"ഞാൻ ഡിസ്ചാർജ് ആയി, വീട്ടിൽ തിരിച്ചെത്തി, പുതിയ വർഷത്തിലേക്ക് സ്വയം ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്. 2025 എനിക്കും എന്റെ ബന്ധുക്കൾക്കും നല്ലതായിരുന്നു, 2026 എല്ലാവർക്കും ദയയുള്ളതും, രസകരവും, സ്നേഹനിർഭരവുമാവുമെന്ന് പ്രതീക്ഷിക്കുന്നു, എന്റെ ആശുപത്രി മുറിയിൽ നിന്നുള്ള കാഴ്ചകൾ, എന്റെ കിം കാർദാഷിയാൻ ചുണ്ടുകൾ, ആശുപത്രി ഐഡി ടാഗിലെ എന്റെ പേര്, ഭക്ഷണം ആസ്വദിക്കുന്ന ഞാൻ: ചിത്രങ്ങൾക്ക് കടപ്പാട് ഷെഫാലി"- എന്നും പറഞ്ഞാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്. ഇറ ഖാൻ, അതിഥി റാവു, കരൺ ജോഹർ, സോയ അക്തർ തുടങ്ങിയവർ വേഗത്തിൽ സുഖം പ്രാപിക്കാൻ കിരണിനെ ആശംസിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Filmmaker Kiran Rao shares a health update after appendix surgery. Recovering well, she thanks her medical team and loved ones from Sir HN Reliance Foundation Hospital.