'ഞാൻ ബോട്ടോക്‌സിന് എതിര്' എന്ന് കരീന; തീരുമാനമെടുക്കേണ്ടത് നിങ്ങളെന്ന് ആലിയ

ഇക്കഴിഞ്ഞ ദിവസമാണ് ഹിന്ദിതാരം ഷെഫാലി ജെരിവാല മരിക്കുന്നത്. എട്ടുവർഷമായി പ്രായം കുറയ്ക്കാനായി ഷെഫാലി ബോട്ടോക്‌സ് ഇഞ്ചക്ഷനും മരുന്നുകളും എടുക്കാറുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് തലേദിവസം പോലും ഷെഫാലി ശരിയായി ഭക്ഷണം കഴിക്കാതെ, ഇത്തരം മരുന്നുകളും ഇഞ്ചക്ഷനും എടുത്തിരുന്നുവത്രെ. ഷെഫാലിയുടെ മരണത്തോടെ, പ്രായം കുറയ്ക്കാനുള്ള ചികിത്സകളും ബോട്ടോക്‌സ് ഇഞ്ചക്ഷനുമെല്ലാം വീണ്ടും ചർച്ചയാവുകയാണ്.
അതിനിടയിലാണ് താൻ ബോട്ടോക്‌സ് ചികിത്സയ്ക്ക് എതിരാണെന്ന് നടി കരീന കപൂർ വ്യക്തമാക്കിയിരിക്കുന്നത്. ''ഞാൻ സ്വയംസംരക്ഷണം എന്ന കാര്യത്തിലാണ് വിശ്വസിക്കുന്നത്. നമ്മൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരുന്നാൽ, എല്ലാം ശരിയാവും. കൂട്ടുകാർക്കൊപ്പവും കുടുംബത്തിനൊപ്പവും അവധിക്കാലം ആഘോഷിക്കുന്നതും സമയം ചെലവഴിക്കുന്നതുമെല്ലാം സ്വയംസംരക്ഷണത്തിനുള്ള മാർഗങ്ങളാണ്. അതിനുപകരം കത്തിയും സൂചികളും ഉപയോഗിച്ച് പ്രായം കുറയ്ക്കാൻ ശ്രമിക്കുന്നതിന് ഞാൻ എതിരാണ്'', കരീന പറയുന്നു.
നടി മൗനി റോയുടെ സൗന്ദര്യപരീക്ഷണങ്ങളും ഈയടുത്ത് ചർച്ചയായിരുന്നു. മൗനി സോഷ്യൽമീഡിയയിൽ തന്റെ ചില ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ്, അവർ ബോട്ടോക്‌സ് ചികിത്സ നടത്തിയെന്നും അത് പാളിപ്പോയെന്നും അഭ്യൂഹങ്ങൾ പരന്നത്. ചിത്രങ്ങളിലെല്ലാം അവരുടെ മുഖത്ത് കാര്യമായ മാറ്റങ്ങൾ കാണാമായിരുന്നു. എന്നാൽ, ബോട്ടോക്‌സ് ചികിത്സ നടത്തിയെന്ന വാദങ്ങളോട് അവരിതുവരെ പ്രതികരിച്ചിട്ടില്ല.
മുമ്പ് ബോട്ടോക്‌സ് ചികിത്സ നടത്തിയ ആലിയ ഭട്ടിന്റെ മുഖത്ത് കാര്യമായ മാറ്റങ്ങളുണ്ടായെന്ന് രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അന്ന് ആലിയ പറഞ്ഞതിങ്ങനെ, ''കോസ്‌മെറ്റിക് സർജറികളും മറ്റും അവരവരുടെ ചോയ്‌സാണ്. നിങ്ങളുടെ ശരീരം, അതിൽ തീരുമാനമെടുക്കേണ്ടതും നിങ്ങൾ തന്നെ''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: shefali jariwala`s death highlights botox risks and kareena kapoor speaks out against it