നാൽപതുകൾക്ക് ശേഷം ടോൺഡ് കൈകൾ സ്വന്തമാക്കാം: ജ്യോതികയുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ

Photo:Instagram
Photo:Instagram

ജ്യോതികയുടെ ഫിറ്റ്‌നെസ് രഹസ്യങ്ങളറിയാൻ ആരാധകർക്ക് ആകാംക്ഷയേറെയാണ്. നടിയുടെ ഏറ്റവും പുതിയ പ്രൈം വീഡിയോ ചിത്രം ‘സിസ്റ്റ’ത്തിന്റെ പ്രമോഷൻ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ മുത്തുകൾ പതിപ്പിച്ച കോർസെറ്റും സ്‌കർട്ടും അണിഞ്ഞെത്തിയ താരം, തന്റെ ഫിറ്റ്നസ്സിലൂടെയും ടോൺഡ് ആയ കൈകളിലൂടെയും ആരാധകരുടെ കൈയടിനേടുകയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടർന്നാൽ നാൽപതുകളിലും കരുത്തുറ്റ ശരീരം സ്വന്തമാക്കാനാകുമെന്ന് ജ്യോതിക വീണ്ടും തെളിയിക്കുകയാണ്.
കൈവണ്ണം കുറച്ച് ടോൺഡ് ആകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽമതി…
സ്‌ട്രെങ്തനിങ് വ്യായാമങ്ങൾ: പ്രായം കൂടുമ്പോൾ പേശികളുടെ ബലം നിലനിർത്താൻ സ്‌ട്രെങ്ത് ട്രെയിനിങ് അനിവാര്യമാണ്. ഷോൾഡർ പ്രസ്സ്, ബൈസെപ് കേൾ, ട്രൈസെപ് ഡിപ്‌സ്, റോസ് തുടങ്ങിയ വ്യായാമങ്ങൾ കൈകളുടെയും തോളുകളുടെയും പേശികളെ ശക്തിപ്പെടുത്തും.

വെയ്റ്റ് ട്രെയിനിങ്ങിനെ ഭയക്കേണ്ടതില്ല: വളരെ കുറഞ്ഞ ഭാരമുള്ള ഡംബെല്ലുകൾ മാത്രം ഉപയോഗിക്കുന്നത് മതിയാകില്ല. ശരീരത്തിന്റെ ശേഷിക്കനുസരിച്ച് ക്രമേണ ഭാരം വർധിപ്പിക്കുന്നത് പേശികളുടെ വളർച്ചയ്ക്കും കൈകളുടെ ആകൃതി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

കോമ്പൗണ്ട് എക്‌സർസൈസുകൾ: പുഷ്-അപ്പ്, പ്ലാങ്ക്, ഡംബെൽ റോ തുടങ്ങിയ വ്യായാമങ്ങൾ ഒരേസമയം ഒന്നിലധികം പേശി ഗ്രൂപ്പുകളെ പ്രവർത്തിപ്പിക്കുന്നു. ഇതിലൂടെ കൈകൾക്കൊപ്പം നെഞ്ച്, പുറംഭാഗം, തോളുകൾ എന്നിവയും ബലപ്പെടും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം: വ്യായാമത്തിനുശേഷം പേശികളുടെ പുനരുജ്ജീവനത്തിനും വളർച്ചയ്ക്കും പ്രോട്ടീൻ ആവശ്യമാണ്. മുട്ട, മത്സ്യം, കോഴിയിറച്ചി, പാൽ ഉൽപന്നങ്ങൾ, പരിപ്പ്, പയർവർഗങ്ങൾ, ടോഫു, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

ശരിയായ പോസ്ചർ നിലനിർത്തുക: കുനിഞ്ഞിരിക്കുന്ന ശീലം തോളുകളുടെ ഭംഗിയെയും ശരീരഘടനയെയും ബാധിക്കും. പുറംഭാഗത്തെ പേശികളെ ബലപ്പടുത്തുന്നതിനായി ഇരിക്കുന്ന പൊസിഷൻ ശരിയാണെന്നുറപ്പുവരുത്തുക.

റെസിസ്റ്റൻസ് ബാൻഡുകൾ ഉപയോഗിക്കാം: സന്ധികൾക്ക് അധിക സമ്മർദം നൽകാതെ കൈകളെയും തോളുകളെയും ശക്തിപ്പെടുത്താൻ റെസിസ്റ്റൻസ് ബാൻഡുകൾ സഹായിക്കും. ദീർഘ ഇടവേളയ്ക്ക് ശേഷം വ്യായാമം തുടങ്ങുന്നവർക്ക് ഇത് മികച്ചൊരു മാർഗമാണ്.

മൊബിലിറ്റി വ്യായാമങ്ങൾ മറക്കരുത്: ഷോൾഡർ മൊബിലിറ്റി എക്‌സർസൈസുകളും സ്‌ട്രെച്ചിങ്ങും തോളുകളുടെ ചലനശേഷി വർധിപ്പിക്കുകയും വേദനയും മുറുക്കവും കുറയ്ക്കുകയും ചെയ്യും.

വ്യായാമം മുടക്കല്ലേ: ഒരു ദിവസം വ്യായാമം ചെയ്തതുകൊണ്ട് ഫലം പ്രതീക്ഷിക്കാനാകില്ല. ആഴ്ചയിൽ സ്ഥിരമായി കുറച്ച് സമയമെങ്കിലും പരിശീലനത്തിനായി മാറ്റിവെച്ചാൽ മാസങ്ങൾക്കുള്ളിൽ മാറ്റം കാണാൻ സാധിക്കും.

ആവശ്യത്തിന് വിശ്രമം: വ്യായാമം ചെയ്തതിന് പിന്നാലെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കണം. പേശികളെ പുനരുജ്ജീവിപ്പിക്കാനും പരിക്കുകൾ ഒഴിവാക്കാനും ഇത് പ്രധാനമാണ്. ദിവസവും ഏഴ് മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.

പ്രായം ഒരു തടസമല്ല: 40-കളിലും 50-കളിലും ശരീരത്തെ കരുത്തുറ്റതും ആരോഗ്യകരവുമായി നിലനിർത്താൻ കഴിയുമെന്ന് ജ്യോതികയുടെ ഫിറ്റ്നസ് യാത്ര ഓർമിപ്പിക്കുന്നു. തടി കുറയ്ക്കുക എന്ന ലക്ഷ്യത്തിനപ്പുറം, കരുത്തും ആരോഗ്യവുമുള്ള പേശികളും വളർത്തുക എന്ന സമീപനമാണ് വേണ്ടത്. സ്ഥിരമായ വ്യായാമം, സമീകൃതാഹാരം, മതിയായ വിശ്രമം എന്നിവയിലൂടെ ഏത് പ്രായത്തിലും ആരോഗ്യകരമായ ശരീരം സ്വന്തമാക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: jyothika-fitness-secrets-toned-arms-after-40