ആ വിശേഷം വൈകുന്നോ? വന്ധ്യതയ്ക്ക് പിന്നിലെ കാരണങ്ങള്‍ ഇവയാകാം

വിശേഷമൊന്നുമായില്ലേ..? വിവാഹം കഴിഞ്ഞ് പുതുമോടി മായുംമുന്‍പേ ദമ്പതിമാര്‍ നേരിടുന്ന ചോദ്യമാണിത്. കുട്ടികള്‍ ഉടനൊന്നും വേണ്ട എന്ന് തീരുമാനിച്ചവര്‍ക്ക് ഇതത്ര പ്രശ്‌നമാവില്ല. എന്നാല്‍ കുഞ്ഞിനായി ശ്രമിച്ചിട്ടും നടക്കാത്തവര്‍ക്ക് ഇത് വലിയ പ്രയാസമുണ്ടാക്കും.
എന്താണ് വന്ധ്യത
ഒരു വര്‍ഷത്തോളം സ്വാഭാവിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമാവാതെ വരുമ്പോഴാണ് വന്ധ്യതയായി കണക്കാക്കുന്നത്. ഇതില്‍ പങ്കാളികളുടെ പ്രായം പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയും. 35 വയസ്സാകുമ്പോഴേക്കും സ്ത്രീകളിലെ ഗര്‍ഭധാരണ നിരക്ക് കുറഞ്ഞുവരാറുണ്ട്. മാത്രമല്ല പ്രായം കൂടുന്തോറും ലൈംഗിക താത്പര്യവും കുറഞ്ഞേക്കാം. ഇതും വന്ധ്യതയ്ക്ക് കാരണമാണ്.
വന്ധ്യതയുടെ കാരണങ്ങളില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യപങ്കാളിത്തമുണ്ട്. അറിയപ്പെടാത്ത മറ്റ് കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം വൈകിയേക്കാം. സാധാരണഗതിയില്‍ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗര്‍ഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വര്‍ഷത്തിനകമാണെങ്കില്‍ 85 ശതമാനവും. 90 ശതമാനവും ഒന്നര വര്‍ഷത്തിനകവും 95 ശതമാനം രണ്ടുവര്‍ഷത്തിനകവും ഗര്‍ഭം ധരിക്കും.
പുരുഷന്റെ പ്രശ്‌നങ്ങള്‍
ശുക്ലത്തിലെ അപാകതകള്‍, ലൈംഗികബന്ധത്തിലെ അപാകങ്ങള്‍ എന്നിവ പുരുഷവന്ധ്യതയുടെ പ്രധാന കാരണങ്ങളാണ്.
- ബീജമില്ലാത്ത അവസ്ഥ, ബീജത്തിന് ചലനക്കുറവ്, ബീജത്തിന്റെ ആകൃതിയിലുള്ള അപാകങ്ങള്‍ എന്നിവയും പുരുഷവന്ധ്യതയ്ക്ക് ഇടയാക്കാം.
- വൃഷണത്തിലെ അണുബാധ, വൃഷണ കാന്‍സര്‍, വൃഷണത്തിലെ ശസ്ത്രക്രിയ, വെരിക്കോസില്‍, ജനിതക തകരാറുകള്‍, മുണ്ടിനീര് രോഗം എന്നിവയും പ്രത്യുത്പാദനശേഷി കുറയ്ക്കാന്‍ ഇടയാക്കുന്ന കാരണങ്ങളാണ്.
സ്ത്രീകളിലെ പ്രശ്‌നങ്ങള്‍
അണ്ഡവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഒരു ആര്‍ത്തവചക്രത്തില്‍ ഒരിക്കല്‍ ഒരു അണ്ഡം മാത്രമാണ് വിസര്‍ജിക്കപ്പെടുന്നത്. ഇത് കൃത്യമായി നടന്നില്ലെങ്കില്‍ ബീജസംയോഗം നടക്കില്ല. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, ഹൈപ്പര്‍ പ്രൊലാക്റ്റിനേമിയ, അണ്ഡങ്ങളുടെ ഗുണനിലവാരമില്ലായ്മ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാണ്.
- ഗര്‍ഭപാത്രത്തിലെയും അണ്ഡവാഹിനിക്കുഴലിലെയും തകരാറുകളാണ് മറ്റൊരു കാരണം. ഗര്‍ഭപാത്രത്തിനോ അണ്ഡവാഹിനിക്കുഴലിനോ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അണ്ഡത്തിന്റെ സഞ്ചാരം തടസ്സപ്പെടും. അപ്പോള്‍ സ്വാഭാവികമായി ഗര്‍ഭധാരണം നടക്കില്ല.
- ഗര്‍ഭാശയത്തില്‍ കാണുന്ന കാന്‍സര്‍ അല്ലാത്ത കോശവളര്‍ച്ചയെയാണ് ഗര്‍ഭാശയ മുഴകള്‍ (ഫൈബ്രോയിഡ്) എന്നുപറയുന്നത്. ഇതും സ്ത്രീവന്ധ്യതയ്ക്ക് കാരണമാകുന്നു.
- പിറ്റിയൂട്ടറി, ഹൈപ്പോതലാമസ് ഗ്രന്ഥികളുടെ പ്രവര്‍ത്തന തകരാറുമൂലവും അണ്ഡോത്പാദനം നടക്കാതെ വരുന്നു.
- ഗര്‍ഭാശയത്തിനുള്ളിലെ സ്തരമാണ് എന്‍ഡോമെട്രിയം. ഇതിനു സമാനമായ കോശങ്ങള്‍ ഗര്‍ഭാശയത്തിനു പുറമെ വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഈ അവസ്ഥ ബീജസംയോഗത്തെ തടസ്സപ്പെടുത്തും.
തിരിച്ചറിയാം
വന്ധ്യതയുമായി ബന്ധപ്പെട്ട് പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ പരിശോധനകളുണ്ട്. പുരുഷന്‍മാരില്‍ ശാരീരിക പരിശോധനയാണ് ആദ്യം. തുടര്‍ന്ന് ശുക്ലപരിശോധന നടത്തും. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത എന്നിവ തിരിച്ചറിയാനാകും. ആവശ്യമെങ്കില്‍ രക്തപരിശോധനയും അള്‍ട്രാസൗണ്ട് പരിശോധനകളും ചെയ്യാറുണ്ട്.
സ്ത്രീകളില്‍ ഹോര്‍മോണ്‍ നില, ഹീമോഗ്ലോബിന്‍ നില, അണ്ഡവിസര്‍ജന തോത് എന്നിവ മനസ്സിലാക്കാന്‍ രക്തപരിശോധന ചെയ്യും. ചിലരില്‍ ലാപ്രോസ്‌കോപിയും ആവശ്യമായിവരും. ഇവ കൂടാതെ ജനിതക പരിശോധന, പെല്‍വിക് അള്‍ട്രാസൗണ്ട്, തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ് എന്നിവയും നടത്താറുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Understand the common causes of infertility in men and women