ദീർഘകാലരോഗങ്ങൾ മൂലമുള്ള മരണം ഇന്ത്യയിൽ കൂടുന്നു, ലോകത്ത് കുറയുന്നു

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

ദീർഘകാലരോഗങ്ങൾ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ലോകത്ത് കുറഞ്ഞുവരികയാണെന്ന വാർത്ത പ്രതീക്ഷാവഹമാണ്. പക്ഷേ, നമ്മുടെ രാജ്യത്തേക്ക് വരുമ്പോൾ സ്ഥിതി അത്ര പന്തിയല്ല. ഇന്ത്യയിൽ കാൻസർ, ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്ക് വർധിക്കുകയാണ്. 2010-നും 2019-നും ഇടയിൽ 185 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് ലാൻസെറ്റ് നടത്തിയ പഠനറിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

152 രാജ്യങ്ങളിൽ ഇത്തരം രോഗങ്ങൾ ബാധിച്ചുമരിക്കുന്ന സ്ത്രീകളുടെ മരണനിരക്കും 147 രാജ്യങ്ങളിൽ പുരുഷന്മാരുടെ മരണനിരക്കും കുറയുകയാണ്. വികസിതരാജ്യങ്ങളിലാണ് മരണനിരക്ക് ഏറ്റവുമധികം കുറഞ്ഞത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണനിരക്ക് കുറഞ്ഞ് ആരോഗ്യനേട്ടത്തിൽ മുമ്പിലുള്ളത് ഡെൻമാർക്ക് ആണ്.

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സാംക്രമികമല്ലാത്ത രോഗങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഇന്ത്യൻ സ്ത്രീകളിൽ വർധിച്ചു. 80 വയസ്സിനു മുൻപ് സാംക്രമികമല്ലാത്ത രോഗങ്ങൾ മൂലം ഇന്ത്യൻ സ്ത്രീകൾ മരിക്കാനുള്ള സാധ്യത 2001-ൽ 46.7 ശതമാനമായിരുന്നു. 2019-ൽ ഇത് 48.7 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ പുരുഷന്മാരിൽ 56 ശതമാനത്തിൽ നിന്ന് 57.9 ശതമാനമായും ഉയർന്നു. ഹൃദ്രോഗവും പ്രമേഹവുമാണ് വർധനവിന് പ്രധാന കാരണങ്ങളെന്ന് ഗവേഷകർ എടുത്തുപറഞ്ഞു.

എന്തുകൊണ്ട് ഇന്ത്യൻ സ്ത്രീകളിൽ അപകടം കൂടുന്നു?

ഇന്ത്യൻ സ്ത്രീകളിൽ അപകടസാധ്യത കൂടുന്നിന് പല ഘടകങ്ങളുണ്ട്. പ്രതിരോധആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യത കുറയുന്നത്, മാറാരോഗങ്ങൾ വൈകിമാത്രം തിരിച്ചറിയുന്നത്, ഉദാസീനമായ ദിനചര്യകളും അനാരോഗ്യകരമായ ഭക്ഷണക്രമവും തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. കൂടാതെ, സ്ത്രീകൾ സ്വന്തം ആരോഗ്യത്തേക്കാൾ കുടുംബത്തിൻ്റെ ആരോഗ്യത്തിന് മുൻഗണന നൽകുന്നു, ഇത് രോഗം മൂർച്ഛിക്കുന്നത് വരെ വൈദ്യസഹായം തേടാൻ വൈകുന്നതിലേക്ക് നയിക്കുന്നു.

കോവിഡ്-19 മഹാമാരിക്ക് മുൻപുള്ള ദശകത്തിൽ, 80 ശതമാനം രാജ്യങ്ങളിലും മാറാരോഗങ്ങൾ മൂലമുള്ള മരണനിരക്ക് കുറഞ്ഞുവെന്ന് പഠനം കണ്ടെത്തി. ഹൃദയസംബന്ധമായ രോഗങ്ങൾ, ചിലതരം അർബുദങ്ങൾ എന്നിവ മൂലമുള്ള മരണങ്ങളിലെ കുറവാണ് ഇതിന് കാരണം. മരണനിരക്കിൽ കാര്യമായ കുറവ് കൈവരിച്ച ദക്ഷിണ കൊറിയ, സിങ്കപ്പൂർ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ വിടവാണ് ഇത് എടുത്തുകാണിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Study reveals increasing death rates from cancer, heart disease, and stroke in India prior to the pandemic, contrasting global trends.