മുലപ്പാലിനോളം ഗുണങ്ങളുണ്ട് വെളിച്ചെണ്ണയില്‍; പിന്നെന്തിനാണ് ഈ കുറ്റപ്പെടുത്തല്‍

മലയാളിയുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ് വെളിച്ചെണ്ണ. ലോകത്തിന്റെ ഏതു കോണില്‍ പോയാലും വെളിച്ചെണ്ണ തേച്ചുള്ള കുളിയും വെളിച്ചെണ്ണ ചേര്‍ത്തുള്ള കറികളും മലയാളിയുടെ ഗൃഹാതുരത്വം കൈവിടാത്ത ശീലങ്ങളില്‍ ചിലതാണ്. പിന്നെയെങ്ങിനെയാണ് വെളിച്ചെണ്ണ വില്ലനാകുന്നത്? ഇത്രയും അപകടമാണെങ്കില്‍, ആരോഗ്യകരമായ ഭക്ഷണപാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുന്‍തൂക്കം കൊടുത്തു?
ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോള്‍ കൊഴുപ്പ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വര്‍ദ്ധിപ്പിക്കുന്നതിനാണ് എണ്ണകള്‍ ഉപയോഗിക്കുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണകള്‍ ഇന്നു വിപണിയില്‍ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയില്‍ തരം തിരിക്കാം. പൂരിത എണ്ണകളും (മൃഗങ്ങളുടെ കൊഴുപ്പില്‍ നിന്നുള്ളവ) അപൂരിത എണ്ണ (സസ്യ എണ്ണകള്‍)കളും.
വെളിച്ചെണ്ണയുടെ
സവിശേഷ ഗുണങ്ങള്‍
മുലപ്പാലില്‍ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസ്സാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കു ന്നതിനും ശരീരത്തിന് ബലം നല്‍കാനും സഹായിക്കുന്നു.
കാന്‍സര്‍ പ്രതിരോധം
തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഒരു ടിസ്പൂണ്‍ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിനു സഹായിക്കുന്നതായി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍സര്‍ രോഗിയുടെ ശരീരത്തില്‍ പേശികളുടെ വിഭജനം അതിവേഗത്തില്‍ നടക്കുന്നതിനാല്‍ കീറ്റോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉല്‍പ്പാദനത്തെ മന്ദഗതിയിലാക്കി കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു.
എപ്പോഴാണ് അപകടകാരിയാകുന്നത്?
അപൂരിത എണ്ണയില്‍ പെട്ടത് ആണെങ്കിലും വെളിച്ചെണ്ണയില്‍ പൂരിത എണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. പാമോയില്‍, വനസ്പതി, മാംസാഹാരം, പാല്‍ , പാക്കറ്റ് ഫുഡ്‌സ് എന്നിവയാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണക്കാര്‍ എങ്കിലും വെളിച്ചെണ്ണയുടെ അമിത പ്രയോഗവും പ്രശ്‌നമായേക്കാം. ഇതോടൊപ്പം മാറിയ ജീവിത രീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണ രീതികളും ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു. കൊളസ്‌ട്രോളിന്റെ പേരില്‍ വെളിച്ചെണ്ണയെ പഴിചാരുന്നതില്‍ അര്‍ഥമില്ല.
ഹെല്‍ത്തിയായി
ഉപയോഗിക്കാം
നിയന്ത്രിത അളവില്‍ വെളിച്ചെണ്ണയും, ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേര്‍ത്ത മിക്‌സഡ് ഓയില്‍ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്. ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം. നിരവധി സവിശേഷ ഗുണങ്ങള്‍ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പറഞ്ഞു ഒഴിവാക്കാതെ, നിയന്ത്രിത അളവില്‍ ബുദ്ധിപൂര്‍വ്വം പോഷകപ്രദമായി ഉപയോഗിക്കുക.
അനു മാത്യു
ഡയറ്റീഷ്യന്‍
എസ് യു ടി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം
Content Highlights: Is coconut oil is good for health