ഗര്‍ഭിണിയാകും മുമ്പ് സ്തനാര്‍ബുദം വന്നാല്‍

ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ പേടിസ്വപ്നമായ രോഗങ്ങളിലൊന്നാണ് സ്തനാര്‍ബുദം. പുരുഷന്മാരെയും ബാധിക്കാറുണ്ടെങ്കിലും സ്തനാര്‍ബുദത്തിന് പ്രധാനമായും ഇരകളാകുന്നത് സ്ത്രീകളാണ്. വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച കൊണ്ടുതന്നെ ചികിത്സയും രോഗമുക്തിയും സാധ്യമാണെങ്കിലും രോഗത്തെ പറ്റിയുള്ള ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. മുമ്പ് പ്രായമായവരിലാണ് രോഗം കൂടുതലും കണ്ടുവന്നിരുന്നതെങ്കിലും ജീവിത ശൈലിയിലുള്ള മാറ്റം കൊണ്ടാകാം ഇപ്പോള്‍ 40 വയസിന് താഴെ പ്രായമുള്ളവരില്‍ സ്തനാര്‍ബുദം സാധാരണമായികൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ യുവതികളിലെ സ്തനാര്‍ബുദങ്ങളെ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്.
പലകാരണങ്ങള്‍കൊണ്ടും സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴാണ് സ്തനാര്‍ബുദമുണ്ടാകുന്നത്. ഹോര്‍മോണുകളിലെ മാറ്റം, കുടുംബ പാരമ്പര്യം, ജീവിതശൈലി എന്നിവയൊക്കെയാണ് അതിലെ ചില കാരണങ്ങള്‍. ഇതില്‍ അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമോ അണ്ഡാശയ ക്യാന്‍സറോ (Overian Cancer) ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലുള്ളവര്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലിയും ഹോര്‍മോണുകളില്‍ വ്യതിയാനമുണ്ടാക്കി സ്തനാര്‍ബുദത്തിലേക്ക് നയിക്കാം. എന്നാല്‍ ഹോര്‍മോണില്‍ മാറ്റമുണ്ടാക്കുന്ന കാരണങ്ങളില്‍ ഒന്നുമാത്രമാണത്.
ഗര്‍ഭിണിയായിരിക്കുമ്പോഴും അതിനായി ശ്രമിക്കുമ്പോഴും യുവതികളുടെ ശരീരം ധാരാളം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്ക് വിധേയമാകാം. ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങളില്‍ സ്വാഭാവിക മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ സ്തനാര്‍ബുദം കണ്ടെത്തുക പ്രയാസമാണ്. എങ്കിലും സ്വയം പരിശോധനയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ ഗൈനക്കോളജിസ്റ്റിനെയോ സര്‍ജനെയോ കണ്ട് സംശയനിവാരണം നടത്തണം. ക്യാന്‍സര്‍ ആണെന്ന് ഉറപ്പുവരുത്തിയാല്‍ ഉടനടി ചികിത്സയും തുടങ്ങേണ്ടതാണ്. ഗര്‍ഭിണിയായി ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ (First Trimester) ആണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് അപകടകരമാകുമെന്നതിനാല്‍ കീമോ, റേഡിയേഷന്‍ തെറാപ്പികള്‍ ഒഴിവാക്കാറാണ് പതിവ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന സ്തനാര്‍ബുദം പൊതുവെ കൂടുതല്‍ അപകടകാരിയായിരിക്കും. അതുകൊണ്ട് ശസ്ത്രക്രിയ ഉള്‍പ്പെടെ കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കുഞ്ഞിന് മുലയൂട്ടാനാവില്ല എന്നതുമാത്രമാകും ചികിത്സ കൊണ്ട് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട്. ഇന്നത്തെ കാലത്ത് അതിന് പരിഹാരമുള്ളതുകൊണ്ടുതന്നെ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാനാവില്ല എന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുകയില്ല.
സ്തനാര്‍ബുദം പകര്‍ച്ചവ്യാധിയല്ല
നേരത്തെ പറഞ്ഞതു പോലെ ഹോര്‍മോണിലെ വ്യത്യാസമാണ് യുവതികളിലെ സ്തനാര്‍ബുദത്തിന് പ്രധാനമായും കാരണമാകുന്നത്. കുട്ടികളുണ്ടാകാന്‍ വൈകിയാല്‍ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നതിന്റെ ഭാഗമായി പല ഹോര്‍മോണ്‍ തെറാപ്പികളും എടുക്കാറുണ്ട്. ഇത് സ്തനാര്‍ബുദത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
- ഹോര്‍മോണ്‍ പോസിറ്റീവ് ബ്രെസ്റ്റ് ക്യാന്‍സര്‍, ഹെര്‍2 (Human epidermal growth factor receptor 2) പോസിറ്റീവ്, ട്രിപ്പിള്‍ 3 നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിങ്ങനെ സ്തനാര്‍ബുദം പലതരത്തിലുണ്ട്. ഏത് ചികിത്സയാണ് വേണ്ടിവരികയെന്നത് രോഗിയുടെ ബയോപ്‌സി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്ടര്‍ നിശ്ചയിക്കുക.
- കുട്ടികളുണ്ടാകുന്നതിന് മുമ്പ് സ്തനാര്‍ബുദം വന്നാലും ക്യാന്‍സര്‍ ചികിത്സാരീതിക്ക് മാറ്റം വരുത്താറില്ല. എന്നാല്‍, കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ വന്ധ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കുന്ന രീതി അവലംബിക്കാറുണ്ട്. അതിനായി ക്യാന്‍സര്‍ ചികിത്സയോടൊപ്പം ചില ഹോര്‍മോണ്‍ ചികിത്സകളും ചെയ്യാറുണ്ട്. കീമോ തെറാപ്പി എടുക്കുന്ന കാലത്തും അത് കഴിഞ്ഞും ആ ഹോര്‍മോണ്‍ ചികിത്സ തുടരുന്നു.
- ഹോര്‍മോണ്‍ പോസിറ്റീവ് തരത്തില്‍പ്പെട്ട ക്യാന്‍സറുകള്‍ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.
- അതിനാല്‍ ആ രോഗികളോട് കുറച്ച് വര്‍ഷങ്ങളിലേക്ക് മരുന്ന് തുടരാനായി ആവശ്യപ്പെടാറുണ്ട്. ആ മരുന്നുകള്‍ തീരുന്നത് വരെ കുട്ടികളുണ്ടാകാതെ നോക്കാനും നിര്‍ദ്ദേശിക്കാറുണ്ട്.
- മാമോഗ്രാം പോലുള്ള പരിശോധനകള്‍ ഗര്‍ഭിണി ആയിരിക്കെ ചെയ്യാനാകില്ല.
- ഗര്‍ഭിണിയായാല്‍ അള്‍ട്രാസൗണ്ട് ബ്രെസ്റ്റ്, അള്‍ട്രാസൗണ്ട് അബ്‌ഡൊമെന്‍ എന്നിവയിലൊതുങ്ങും ക്യാന്‍സറിന്റെ തുടര്‍പരിശോധനകള്‍. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ സ്തനാര്‍ബുദ ചികിത്സയ്ക്ക് ശേഷം രോഗം പൂര്‍ണമായി സുഖപ്പെട്ടാലും കുറഞ്ഞത് മൂന്നുവര്‍ഷത്തേക്കെങ്കിലും ഗര്‍ഭം ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അര്‍ബുദം എന്നത് ഒരു പകര്‍ച്ചവ്യാധി അല്ല. അതിനാല്‍ ഒരിക്കല്‍ ക്യാന്‍സര്‍ വന്നു സുഖപ്പെട്ട ആള്‍ ഗര്‍ഭിണി ആകുന്നത് കുഞ്ഞിന് ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ല. സ്തനാര്‍ബുദം സുഖപ്പെട്ട ആള്‍ ഗര്‍ഭിണി ആകുമ്പോള്‍ ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയ്‌ക്കൊപ്പം ഓങ്കോളജിസ്റ്റിനെ കൂടി കാണേണ്ടതാണ്. ഇരു ഡോക്ടര്‍മാര്‍ തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കുന്നത് രോഗമുക്തവും ആശങ്കാമുക്തവും സുരക്ഷിതവുമായ ഒരു ഗര്‍ഭകാലവും ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാനുമുള്ള അവസരമൊരുക്കും.
സ്വയംപരിശോധന നല്ലത്
സ്തനങ്ങളിലെ തടിപ്പ്, മുഴ എന്നിവ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. 20 വയസ് കഴിഞ്ഞാല്‍ സ്വയം പരിശോധന നടത്തി ലക്ഷണങ്ങള്‍ കണ്ടെത്തുന്നത് പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ തേടാന്‍ സഹായിക്കും.
- കണ്ണാടിക്ക് മുന്നില്‍ നിന്നോ കിടന്നോ സ്വയം പരിശോധന നടത്താവുന്നതാണ്. ഇരു സ്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും കൈവിരല്‍ കൊണ്ട് തൊട്ടുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും കണ്ടെത്താം.
- വലതുകൈവിരല്‍ കൊണ്ട് ഇടത് സ്തനത്തിലും ഇടത് കൈവിരല്‍ കൊണ്ട് വലതു സ്തനത്തിലും മുലക്കണ്ണ് മുതല്‍ വൃത്താകൃതിയില്‍ മൃദുവായി അമര്‍ത്തി സ്തനങ്ങളിലെ വ്യത്യാസമറിയാം. സ്തനങ്ങള്‍ മുഴുവനായും കക്ഷത്തിന്റെ ഭാഗവും ഇത്തരത്തില്‍ പരിശോധിക്കേണ്ടതാണ്.
- 40 വയസിന് ശേഷം വര്‍ഷത്തിലൊരിക്കല്‍ എന്ന കണക്കില്‍ സ്ത്രീകള്‍ മാമോഗ്രാം ചെയ്യുന്നതും സ്തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
- എല്ലാ മുഴകളും സ്തനാര്‍ബുദമാകണമെന്നില്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടനടി ആരോഗ്യവിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.
Content Highlights: how to treat breast cancer in pregnant woman