മഞ്ഞപ്പിത്തം; ഐസ്‌ക്യൂബ് തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം

കേരളത്തില്‍ പലയിടത്തും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മലപ്പുറത്തും എറണാകുളത്തും മഞ്ഞപ്പിത്തം ബാധിച്ച് പലരും ചികിത്സയിലുമാണ്. രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. അതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗമുണ്ടാവുന്നത്. പ്രധാനമായും ശുചിത്വക്കുറവ് കാരണമാണ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പനി, ക്ഷീണം, സന്ധിവേദന, മൂത്രത്തിന് മഞ്ഞനിറം, ശരീരത്തിലെ മഞ്ഞനിറം ഇതൊക്കെയാണ് പ്രധാനലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണം. അതിനൊപ്പം രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും പ്രധാനമാണ്.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
- കിണര്‍വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.
- ഫ്രിഡ്ജില്‍നിന്നെടുത്തതോ തണുത്തതോ ആയ ഭക്ഷണം ഒഴിവാക്കുക.
- തുറന്നുവെച്ച ഭക്ഷണവും കഴിക്കരുത്.
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
- വ്യക്തിശുചിത്വം പ്രധാനമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുമുമ്പും കഴിക്കുന്നതിനുമുമ്പും കൈകള്‍ നന്നായി കഴുകി വൃത്തിയാക്കുക. സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.
- ശുചിമുറിയില്‍ പോയശേഷം, സോപ്പോ ഹാന്‍ഡ് വാഷോ കൊണ്ട് കൈകഴുകാനും ശ്രദ്ധിക്കണം.
- കുടിവെള്ളവും ഭക്ഷണവും എപ്പോഴും അടച്ചുവെക്കുക.
- വീടിന്റെ പരിസരങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
- ഐസ് ക്യൂബ് തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
- പാര്‍ട്ടികളില്‍ വെല്‍ക്കം ഡ്രിങ്ക് തയ്യാറാക്കാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക.
- അസുഖം ബാധിച്ചവരും രോഗിയെ ശുശ്രൂഷിക്കുന്നവരും പുറത്തേക്കിറങ്ങരുത്. രോഗം പടരാതിരിക്കാനാണിത്.
- രോഗികള്‍ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണെന്ന് ഉറപ്പുവരുത്തുകയും വേണം.
Content Highlights: how to prevent jaundice