ഗര്‍ഭകാലത്ത് അമിത ബി.പി. നിയന്ത്രിക്കാന്‍ മരുന്ന് കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമോ?

ഗര്‍ഭിണികളിലെ അമിത ബി.പി. വളരെയധികം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. അമിത ബി.പി.യുള്ളവര്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍, ആദ്യമേ തന്നെ ഡോക്ടറെ കാണണം. എന്നിട്ട് കഴിച്ചുകൊണ്ടിരിക്കുന്ന ബി.പി.യുടെ ഗുളിക ഗര്‍ഭാവസ്ഥയിലും തുടരാമോ എന്ന കാര്യത്തില്‍ ഉറപ്പുവരുത്തണം. അതല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ പറ്റുന്ന തരത്തിലുള്ള മരുന്നുകള്‍ എഴുതിവാങ്ങുകയും വേണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. ഗര്‍ഭിണികളില്‍ ബി.പി. ക്രമാതീതമായി വര്‍ധിക്കുമ്പോള്‍, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറയാനുള്ള സാധ്യതയുള്ളതിനാലാണിത്.
അത്തരമൊരവസ്ഥയില്‍ അതിനുവേണ്ട ചികിത്സയും നിര്‍ബന്ധമാണ്. ചിലപ്പോള്‍, ബി.പി. കൂടുതലുള്ള ഗര്‍ഭിണികളില്‍ പെട്ടെന്ന് പ്രസവം വേണ്ടിവരാം. ചിലര്‍ക്കെങ്കിലും 40 ആഴ്ചവരെ കാത്തിരിക്കാന്‍ സാധിക്കാതെ, 36 ആഴ്ച കഴിയുമ്പോള്‍ സിസേറിയന് ചെയ്ത് കുട്ടിയെ പുറത്തെടുക്കേണ്ടതായി വന്നേക്കാം.
ഗര്‍ഭധാരണത്തിനുശേഷം ബി.പി. കൂടുമ്പോള്‍: ഗര്‍ഭിണിയായശേഷം ഏകദേശം ആറുമാസമാകുമ്പോഴാണ് അമിത ബി.പിയുടെ സാധ്യത സാധാരണമായി കാണാറുള്ളത്. ഗര്‍ഭകാലത്ത് ബി.പി. കൂടിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥയാണ് പ്രീ-എക്ലാംപ്സിയ. ഈ സമയത്ത് കൃത്യമായ ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ അത് എക്ലാംപ്സിയ എന്ന സങ്കീര്‍ണമായ അവസ്ഥയിലേക്കെത്താന്‍ സാധ്യതയുണ്ട്. ഈ അവസ്ഥയിലെത്തുമ്പോള് രോഗിക്ക് അപസ്മാരംപോലുള്ള പ്രശ്നങ്ങളും ബോധക്ഷയവുമൊക്കെ സംഭവിക്കാം. ഒപ്പം, ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രശ്നങ്ങളുണ്ടാകാം.
ഇതുപോലെ ഉണ്ടാകാനിടയുള്ള മറ്റൊരു അസുഖമാണ് പോസ്റ്റീരിയല് റിവേഴ്സിബിള്‍ എന്‍സെഫലോപ്പതി സിന്‍ഡ്രോം (PRES- Posterior reversible encephalopathy syndrome). ഇത് തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ്. തലവേദന, അപസ്മാരം, തലകറക്കം, കാഴ്ചക്കുറവ് എന്നിവയൊക്കെ ഈ രോഗികള്‍ക്ക് അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ, ഈ രണ്ട് രോഗാവസ്ഥയും ബി.പി. കൂടുതലുള്ള ഗര്ഭിണികളിലില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
Content Highlights: High blood pressure during pregnancy