ഹെപ്പറ്റൈറ്റിസ് സി ദീർഘകാല കരൾ രോഗങ്ങൾക്കും കരൾ കാൻസറിനും ഇടയാക്കാം

ഇന്ന് ജൂലായ് 28, ലോകം ഒരുമിച്ചു കരളിനെ സംരക്ഷിക്കാൻ നിലകൊള്ളുന്ന ദിനം. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ ഇത്തവണത്തെ സന്ദേശം - 'Let's Break It Down' എന്നതാണ്. അതായത് പ്രശ്നത്തെ വിഭജിച്ചു മനസ്സിലാക്കുകയും അതിന് ലളിതമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക.
ഹെപ്പറ്റൈറ്റിസ്
കരളിന് (Liver) ഉണ്ടാകുന്ന നീർക്കെട്ട് (inflammation) സൂചിപ്പിക്കുന്ന പൊതുപദമാണ് ഹെപ്പറ്റൈറ്റിസ്. പല കാരണങ്ങളാൽ ഇത് ഉണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ടത് വൈറൽ ഹെപ്പറ്റൈറ്റിസ് ആണ്.
ഓരോ ഹെപ്പറ്റൈറ്റിസ് വൈറസിനെയും മനസ്സിലാക്കാം.
ഹെപ്പറ്റൈറ്റിസ് എ (HAV)
മലിനജലം, ഭക്ഷണം എന്നിവ വഴിയാണ് പകരുന്നത്. ഇത് പൊതുവെ ഗുരുതരമല്ല. വാക്സിൻ ലഭ്യമാണ്. നല്ല ശുചിത്വം പാലിച്ചാൽ പ്രതിരോധിക്കാനും കഴിയും.
ഹെപ്പറ്റൈറ്റിസ് ബി (HBV)
രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയുമാണ് ഇത് പകരുന്നത്. ദീർഘകാല കരൾ രോഗങ്ങൾക്കും കരൾ കാൻസറിനും വരെ ഹെപ്പറ്റൈറ്റിസ് ബി ഇടയാക്കാം. വാക്സിനേഷൻ തന്നെയാണ് മുഖ്യ പ്രതിരോധ മാർഗം. HBV പോസിറ്റീവ് ആയിട്ടുള്ള അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞിന് ജനിച്ച ഉടൻ വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണ്.
ഹെപ്പറ്റൈറ്റിസ് സി (HCV)
രക്തത്തിലൂടെയാണ് പകരുന്നത്. (ഉദാഹരണത്തിന് അണുനശീകരിക്കാത്ത സൂചികൾ). ദീർഘകാല കരൾ രോഗങ്ങൾക്കും കരൾ കാൻസറിനും ഇടയാക്കാം. ഇതിന് വാക്‌സിൻ ലഭ്യമല്ല. എന്നാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ഡി (HDV)
എച്ച്ബിവി ഉള്ളവർക്ക് മാത്രമാണ് ഇത് പകരുന്നത്.
ഹെപ്പറ്റൈറ്റിസ് ഇ (HEV)
മലിനജലത്തിലൂടെയാണ് പകരുന്നത്. ഗർഭിണികളിൽ ഗുരുതരമായി മാറിയെന്നുവരാം. ശുദ്ധജലം മാത്രം കുടിക്കുക, ഭക്ഷണശുചിത്വം പാലിക്കുക എന്നിവ പ്രധാനമാണ്. പ്രതിരോധ മരുന്ന് ലഭ്യമല്ല.
ലക്ഷണങ്ങൾ
- ക്ഷീണം, പനി, വയറുവേദന, ഛർദ്ദി, ഭക്ഷണത്തോടുള്ള വിമുഖത എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.
- മഞ്ഞപ്പിത്തം- മൂത്രവും കണ്ണും മഞ്ഞപടർന്ന് കാണുക
Liver function test(LFT) ബ്ലഡ് ടെസ്റ്റിൽ സാധാരണ ബിലിറൂബിൻ 1-1.5g/dl താഴെയാണ് ഉണ്ടാവുക. അതിനുമുകളിൽ വരുമ്പോഴാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.
എന്നാൽ ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നുമില്ലാതെ രോഗം ദീർഘകാലത്തേക്ക് തുടരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് പരിശോധനയും നിരീക്ഷണവും അത്യന്താപേക്ഷിതമാണെന്ന് പറയുന്നത്.
സ്ത്രീകളിൽ കൂടുതൽ ജാഗ്രത വേണം.
ഗർഭകാല ഹെപ്പറ്റൈറ്റിസ് പ്രത്യേകിച്ച് HEV ഗർഭിണികളിൽ ഗുരുതര ഭീഷണിയാണ്.
എച്ച്ബിവി പോസിറ്റീവ് ആയിട്ടുള്ള അമ്മമാർ, കുഞ്ഞിന്റെ സംരക്ഷണത്തിന് പ്രസവ സമയത്ത് എച്ച് ബി വി വാക്സിൻ + ഇമ്യൂൺ ഗ്ലോബുലിൻ എടുക്കേണ്ടത് ആവശ്യമാണ്.
സ്ത്രീകൾക്ക് ലൈംഗികബന്ധത്തിലൂടെയും എച്ച് ബി വി പകരാൻ സാധ്യത കൂടുതലാണ്.
സൂക്ഷിക്കേണ്ടത്
എല്ലാ സ്ത്രീകളും ഗർഭകാലത്ത് ആദ്യത്തെ സന്ദർശനത്തിൽ തന്നെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ ടെസ്റ്റുകൾ ചെയ്യേണ്ടതാണ്.
രോഗം തടയാം
- വാക്‌സിനേഷനുകൾ കൃത്യമായി എടുക്കുക.
- ശുദ്ധജലം കുടിക്കുക.
- വ്യക്തിശുചിത്വം പാലിക്കുക.
- സുരക്ഷിത ലൈംഗികബന്ധം നിർബന്ധമാക്കുക.
- അണുനശീകരിച്ച ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക.
- എച്ച് ബി വി പരിശോധന നടത്തുക.
(ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹെപറ്റോളജിസ്റ്റാണ് ലേഖകൻ)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn about Hepatitis A, B, C, D & E, symptoms, transmission, prevention, and treatment. World Hepatitis Day 2024.