അല്പം ശ്രദ്ധമതി, സങ്കീര്‍ണ്ണമായ ഗര്‍ഭധാരണവും പ്രസവവും ഒഴിവാക്കാം

സ്ത്രീകളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളില്‍ ഒന്നാണ് ഗര്‍ഭധാരണവും പ്രസവവും. എന്നാല്‍ ഗര്‍ഭധാരണത്തിലോ പ്രസവത്തിലോ പ്രസവത്തിന് ശേഷമോ ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അതുവരെയുള്ള ആഹ്ലാദവും പ്രതീക്ഷയുമെല്ലാം ആശങ്കകള്‍ക്ക് വഴിമാറ്റപ്പെടും. ഇത്തരത്തില്‍ സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുന്ന നിരവധിയായ ഘടകങ്ങളുണ്ട്. ഇവയില്‍ പ്രായം, ജനിതകമായ ഘടകങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കുക എളുപ്പമല്ല. എന്നാല്‍, സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുന്ന പല ഘടകങ്ങളേയും ഫലപ്രദമായി അതിജീവിക്കാന്‍ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും മരുന്നുകളുടെ ശരിയായ ഉപയോഗത്തിലൂടെയും കൃത്യമായ പ്ലാനിങ്ങിലൂടെയുമൊക്കെ സാധിക്കും.
സങ്കീര്‍ണ്ണതയ്ക്കുള്ള സാധ്യതകള്‍
ഇനി പറയുന്ന കാര്യങ്ങള്‍ അമ്മയ്ക്കുണ്ടെങ്കില്‍ ഗര്‍ഭധാരണവും പ്രസവവും സങ്കീര്‍ണ്ണമാവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം.
- പ്രമേഹം, രക്താതിസമ്മര്‍ദം, തൈറോയിഡ് പോലുള്ള രോഗാവസ്ഥയുള്ളവര്‍.
- നേരത്തെ ഗര്‍ഭം അലസിപ്പോകുന്നത് പോലെയുള്ള ബുദ്ധിമുട്ടുണ്ടായവര്‍.
- ഒരു ഗര്‍ഭധാരണത്തില്‍ രണ്ടോ അതിലധികമോ കുഞ്ഞുങ്ങള്‍ ഉള്ളവര്‍
- പുകവലി, മദ്യപാനം, ലഹരി ഉപയോഗം, അമിതവണ്ണം മുതലായവയുള്ളവര്‍
- 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന ഗണത്തിലേതെങ്കിലും ഒന്നിലോ അതില്‍ കൂടുതലോ ബാധകമായ വ്യക്തിക്ക് ഗര്‍ഭധാരണം സങ്കീര്‍ണ്ണമാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ല, ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയാല്‍ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകളെ ഒരു പരിധിവരെ അതിജീവിക്കാന്‍ കഴിയും.
ഗര്‍ഭധാരണത്തിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മുകളില്‍ പറഞ്ഞ സാധ്യതകളുള്ള വ്യക്തിയാണെങ്കില്‍ ഗര്‍ഭധാരണത്തിന് തീരുമാനമെടുക്കുമ്പോള്‍ ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം സ്വീകരിക്കുക.
- സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ മനസ്സിലാക്കാന്‍ പ്രീ-പ്രഗ്‌നന്‍സി ഹെല്‍ത്ത് ചെക്കപ്പ് ചെയ്യുക.
- സങ്കീര്‍ണ്ണതകള്‍ തടയുന്നതിന് ഗര്‍ഭധാരണത്തിന് മൂന്ന് മാസം മുന്‍പ് ആവശ്യമായി വരികയാണെങ്കില്‍ ഫോളിക് ആസിഡ് ഗുളിക കഴിക്കണം.
- അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുക
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താം
- പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉറപ്പുവരുത്തുക.
- മാംസം, ബേക്കറി ഉല്‍പ്പന്നങ്ങള്‍, കോള, ജംഗ് ഫുഡ് തുടങ്ങിയവ ഒഴിവാക്കുക.
- ഫിറ്റ്നസ്സ് വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും ശരിരഭാരം അനുയോജ്യമായി നിലനിര്‍ത്താനും സാധിക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പതിവായി ചെയ്യുക.
- മദ്യപാനം, പുകവലി, രാസലഹരികളുടെ ഉപയോഗം, തുടങ്ങിയവ ഒഴിവാക്കുക.
- യോഗ, മെഡിറ്റേഷന്‍, ശ്വസനവ്യായാമങ്ങള്‍ തുടങ്ങിയവ പതിവായി പിന്‍തുടരുക.
ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുക, നിയന്ത്രണവിധേയമായി തുടരുക...
- പ്രമേഹ ബാധിതയാണെങ്കില്‍ മധുരവും, കാര്‍ബോഹൈഡ്രേറ്റും പരിമിതപ്പെടുത്തുകയും പ്രമേഹം നിയന്ത്രണ വിധേയമാണെന്ന് ഉറപ്പ് വരുത്താന്‍ സ്ഥിരമായി പരിശോധിക്കുകയും ചെയ്യുക.
- രക്താതിസമ്മര്‍ദമുള്ള വ്യക്തിയാണെങ്കില്‍ ഉപ്പിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയും സ്ഥിരമായി പരിശോധിച്ച് നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
- തൈറോയിഡ് സംബന്ധമായ തകരാറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി പിന്‍തുടരുക.
ഗര്‍ഭധാരണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഗൈനക്കോളജിസ്റ്റിനെ കൃത്യമായി സന്ദര്‍ശിച്ച് കുഞ്ഞിന്റെ വളര്‍ച്ചയും മറ്റ് സങ്കീര്‍ണ്ണതാ സാധ്യതകളും വിലയിരുത്തി സുരക്ഷിതമാണെന്ന് ഉറപ്പുരുത്തുക.
- അയേണ്‍, കാത്സ്യം എന്നിവ ഉള്‍പ്പെടെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ വൈറ്റമിന്‍സും സപ്ലിമെന്റുകളും നിര്‍ബന്ധമായും കഴിക്കുക.
- അണുബാധ, ജനിതക തകരാറുകള്‍, ഗര്‍ഭധാരണസമയത്തെ പ്രമേഹം എന്നിവ കൃത്യമായി സ്‌ക്രീന്‍ ചെയ്യുക.
- എല്ലാ വാക്സിനേഷനുകളും കൃത്യമായി സ്വീകരിക്കുക.
ഗര്‍ഭധാരണ സമയത്തെ സങ്കീര്‍ണ്ണതകളെ കുറിച്ച് ബോധവതിയാവാം
- കഫീന്റെ അമിതമായ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
- വിഷവസ്തുക്കള്‍, മലിനമായ അന്തരീക്ഷം, അപകട സാധ്യതയുള്ള കെമിക്കലുകള്‍ തുടങ്ങിയവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
- അനാവശ്യമായ മരുന്നുകള്‍ കഴിക്കരുത്. ഡോക്ടറുടെ നിര്‍ദേശത്തിനനുസരിച്ച് മാത്രം മരുന്നുകള്‍ കഴിക്കുക.
ഗര്‍ഭധാരണവും പ്രസവവും സങ്കീര്‍ണ്ണമാക്കുന്ന മഹാഭൂരിപക്ഷം ഘടകങ്ങളെയും കൃത്യമായ മുന്‍കരുതലുകളോടെ സമീപിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കും. സ്വയം ചികിത്സയും, മറ്റുള്ളവരുടെ നിര്‍ദേശത്തിനനുസരിച്ചുള്ള ചികിത്സാരീതികള്‍ സ്വീകരിക്കലും ഒഴിവാക്കുക. വിദഗ്ദ്ധനായ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശം മാത്രം സ്വീകരിക്കുന്നതാണ് ഇതില്‍ പ്രധാനം.
Content Highlights: healthy habits and happy pregnancy tips to prevent complications