ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ജീരകം

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ഇന്ത്യന്‍ മസാലകളിലെ പ്രധാനചേരുവയാണ് ജീരകം. രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ജീരകത്തിലെ പ്രധാന രാസവസ്തുവായ കുമിന്‍ആല്‍ഡിഹൈഡാണ് ഇതിന്റെ ഗുണങ്ങള്‍ക്ക് പിന്നിലെ പ്രധാനകാരണം. 

1.     ജീരകം ശീലമാക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിതഭാരമുള്ളവര്‍ മൂന്ന് ഗ്രാം ജീരകപ്പൊടി നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. 
2.     ചീത്ത കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ജീരകം നല്ലതാണ്. 
3.     പ്രമേഹം നിയന്ത്രിക്കാന്‍ ജീരകം ശീലമാക്കാം.  
4.     ഇറിറ്റബിള്‍  ബവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ജീരകം ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. നാലാഴ്ച ക്കാലം ദിവസേന മൂന്ന് ഗ്രാം ജീരകം ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ ഉദരത്തിന്റെ അസ്വസ്ഥതകള്‍, വേദന, അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവയ്‌ക്കെല്ലാം ആശ്വാസം ലഭിക്കും. 
5.      ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ജീരകം. ജീരകം നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം. കോശങ്ങളെ  സംരക്ഷിക്കാനും ജീരകം ശീലമാക്കാം. 
6.     ദിവസേന ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.  
7.     ജീരക എണ്ണയ്ക്ക് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ചര്‍മത്തില്‍ പുരട്ടുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷിക്കും. പ്രതിരോധശക്തി കൂട്ടാനും ജീരകം ശീലമാക്കാം.  
8.     ജീരകത്തിലെ ഉയര്‍ന്ന ഇരുമ്പിന്റെ അളവ് ആര്‍ത്തവസമയത്തെ വിളര്‍ച്ചയില്‍ നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ അസ്വസ്ഥതകള്‍, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയ്ക്കും പരിഹാരമാണ് ജീരകം. 
9.     ജീരകവെള്ളം വയറിളക്കരോഗങ്ങള്‍ ശമിപ്പിക്കും. 
10.      ഡൈജസ്റ്റീവ് ഫൈബറുകളുള്ളതിനാല്‍ ദഹനത്തിനും ജീരകം ശീലമാക്കുന്നത് ഗുണം ചെയ്യും. 
11.     നിത്യേന ഉപയോഗിച്ചാല്‍, കുടല്‍, കരള്‍, ഉദരം എന്നിവ സംബന്ധിച്ച കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയും. 
12.     ജീരകത്തിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഹൃദ്രോഗം, ഓര്‍മ്മക്കുറവ് എന്നിവ വരാനുള്ള സാധ്യത കുറക്കുന്നു. 
13.     ജീരകത്തിലെ മെലാടോണിന്‍ എന്ന ഘടകം സുഖകരമായ ഉറക്കത്തിന് സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മഗ്നീഷ്യം പോലുള്ള ഘടകങ്ങളും ജീരകത്തിലുണ്ട്. 

എങ്ങനെ ഉപയോഗിക്കാം
 

  •      ദിവസവും മൂന്ന് ഗ്രാം ജീരകപ്പൊടിയാണ് ഒരാള്‍ക്ക് ആവശ്യമായി വരുന്നത്. 
  •      മുതിര്‍ന്നവര്‍ക്ക് ജീരകവെള്ളം ശീലമാക്കാം. ഇത് സ്ത്രീകളില്‍ വിളര്‍ച്ച പോലുള്ളവ കുറയ്ക്കാന്‍ സഹായിക്കും. 
  •      ഗര്‍ഭിണികള്‍ക്ക് മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകം ഉപയോഗിക്കാം. മുലപ്പാലുല്പാദനം വര്‍ധിപ്പിക്കാനും ജീരകം നല്ലതാണ്. 
  •      ഉണരുമ്പോള്‍ തന്നെ ജീരകവെള്ളം കുടിക്കുന്നത് ദഹനം വര്‍ധിപ്പിക്കാന്‍, ഗ്യാസ്ട്രിക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍... എല്ലാം സഹായിക്കും. 
  •      തൈരില്‍ അല്ലെങ്കില്‍ സംഭാരത്തില്‍ ജീരകപ്പൊടി മിക്‌സ് ചെയ്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കും. 

ശ്രദ്ധിക്കാന്‍

  •      മൂന്ന് ഗ്രാമില്‍ കൂടുതല്‍ ജീരകപ്പൊടി ദിവസേന ഉപയോഗിക്കുന്നത് രക്തത്തിന്റെ കട്ടികുറയ്ക്കും. 
  •      അമിതമായി ജീരകം ഉപയോഗിച്ചാല്‍ ഗര്‍ഭമലസാനുള്ള സാധ്യതകൂടും. വന്ധ്യതാസാധ്യതയുമുണ്ടാവാം. 
  •      ജീരകത്തിന്റെ അമിത ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്നതിനും കാരണമാകാം. ചിലര്‍ക്ക് ജീരകം അലര്‍ജ്ജിയാവാറുമുണ്ട്.

ജീരാ റൈസ്

ചേരുവകള്‍
ബസുമതി അരി    :    ഒരു കപ്പ്
കറുവയില    :    ഒന്ന്
കറുവപ്പട്ട    :    ഒരു ചെറിയ         കഷണം
ഗ്രാമ്പൂ    :    അഞ്ചെണ്ണം
ഏലയ്ക്ക    :    രണ്ടെണ്ണം
ജീരകം    :    രണ്ട് ടീസ്പൂണ്‍
പച്ചമുളക്    :    രണ്ടെണ്ണം
ഉപ്പ്    :    ആവശ്യത്തിന്
നെയ്യ്    :    ഒരു ടേബിള്‍         സ്പൂണ്‍
മല്ലിയില     : ഒരു ടേ. സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ബസുമതി അരി വേവിച്ച് മാറ്റി വയ്ക്കുക. ചൂടായ പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് കറുവയില, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചോറ് ചേര്‍ത്ത് കുഴഞ്ഞു പോകാതെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. അഞ്ചുമിനിറ്റ് ചെറുതീയില്‍ അടച്ചുവെച്ച് വേവിച്ചശേഷം മല്ലിയില തൂവി അടുപ്പില്‍ നിന്നിറക്കാം. 

തയ്യാറാക്കിയത്
റിന്റാ റോണി
സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

 

Content Highlights: health benefits of cumin seeds