നമ്മളേക്കാൾ കൂടുതൽ മദ്യം കഴിച്ചിട്ടും അവരുടെ കരളിന് വലിയ തകരാറുകൾ സംഭവിക്കാത്തത് എന്തുകൊണ്ടാവും?

മനുഷ്യരും മദ്യവും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. സാംസ്കാരികവും സാമൂഹികവും ജൈവികവുമായ നിരവധി ഘടകങ്ങൾ ഇതിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇന്ന് 'ഫാറ്റി ലിവർ' (കരൾവീക്കം) എന്ന രോഗവുമായി മല്ലിടുകയാണ്. എന്നാൽ യൂറോപ്യന്മാർ നമ്മളേക്കാൾ കൂടുതൽ മദ്യം ഉപയോഗിച്ചിട്ടും അവരുടെ കരളിന് വലിയ തകരാറുകൾ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ ജനിതകവും, ജീവിതശൈലീപരവുമായ കാരണങ്ങൾ ഡോക്ടർ ഹർഷ് വ്യാസ് വ്യക്തമാക്കുന്നു.
തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ, 37 വയസ്സുള്ള ഒരു ഇറ്റാലിയൻ പൗരന്റെയും ഒരു ഇന്ത്യക്കാരന്റെയും കരളിന്റെ അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ടുകൾ അദ്ദേഹം താരതമ്യം ചെയ്തു. ആഴ്ചയിൽ 2-3 ദിവസം മദ്യപിക്കുന്ന യൂറോപ്യന്റെ കരൾ, മദ്യപിക്കാത്ത ഇന്ത്യക്കാരന്റേതിനേക്കാൾ ആരോഗ്യകരമാണെന്ന് അദ്ദേഹം കണ്ടെത്തി. ഇതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഒന്നാമത്തെ കാരണം ജനിതക ഘടകങ്ങളാണ്. യൂറോപ്യന്മാരുടെ ശരീരത്തിൽ മദ്യത്തെ വിഘടിപ്പിക്കുന്ന ആൽക്കഹോൾ ഡീഹൈഡ്രോജനൈസ് , ആൽഡിഹൈഡ് ഡീഹൈഡ്രോജനൈസ് എന്നീ എൻസൈമുകളുടെ പ്രവർത്തനം വളരെ മികച്ചതാണ്. ഏഷ്യൻ വംശജരിൽ ഇത് താരതമ്യേന കുറവാണ്. അതിനാൽ, മദ്യപാനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങൾ (Toxic metabolites) യൂറോപ്യന്മാരുടെ ശരീരത്തിൽ നിന്ന് പെട്ടെന്ന് പുറന്തള്ളപ്പെടുന്നു. എന്നാൽ ഇന്ത്യക്കാരുടെ ശരീരത്തിൽ ഈ വിഷാംശങ്ങൾ കൂടുതൽ സമയം നിലനിൽക്കുന്നു.
രണ്ടാമതായി ഭക്ഷണക്രമം. യൂറോപ്യന്മാരുടെ ഭക്ഷണത്തിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും, ഒലിവ് ഓയിൽ, മത്സ്യം എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പും, ഉയർന്ന അളവിൽ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. നേരെമറിച്ച്, ഇന്ത്യൻ ഭക്ഷണരീതി പ്രധാനമായും റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളെ ആശ്രയിച്ചുള്ളതാണ്. നമ്മുടെ ഭക്ഷണത്തിൽ പ്രോട്ടീന്റെയും നല്ല കൊഴുപ്പിന്റെയും അളവ് വളരെ കുറവാണ്.
വ്യായാമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. തന്റെ ഇറ്റാലിയൻ രോഗി ദിവസവും 30-40 മിനിറ്റ് വ്യായാമത്തിന് പുറമെ 5 മുതൽ 6 കിലോമീറ്റർ വരെ നടക്കാറുണ്ടെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും കൃത്യമായി വ്യായാമം ചെയ്യുന്നവരല്ല. ഒരു ദിവസം 5 കിലോമീറ്റർ പോലും നടക്കാൻ പലർക്കും സാധിക്കാറില്ല.
ചുരുക്കത്തിൽ, യൂറോപ്യന്മാരുടെ മികച്ച ജീവിതശൈലിയും, ഭക്ഷണക്രമവും, മദ്യം കരളിലുണ്ടാക്കുന്ന ചെറിയ പരിക്കുകളെപ്പോലും വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ ഇന്ത്യക്കാരുടെ മോശം ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം മദ്യപിച്ചില്ലെങ്കിൽ പോലും ഫാറ്റി ലിവർ വരാനുള്ള സാധ്യത കൂടുതലാണ്.
(ശ്രദ്ധിക്കുക, മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why Europeans have healthier livers despite higher alcohol consumption. Explore genetic, diet, and lifestyle factors explained by Dr. Harsh Vyas.