നന്നായി വ്യായാമം ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ! ലളിതമായ ഈ ശീലം പരീക്ഷിക്കൂ

സ്ഥിരമായി ജിമ്മിൽ പോകുന്നുണ്ട്, കഠിനമായ വർക്കൗട്ടുകളും ചെയ്യുന്നു, സമീകൃതാഹാരം കഴിക്കാനും ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും വയറിലെ കൊഴുപ്പ് മാത്രം കുറയുന്നില്ല! ഇത്രയും കഠിനാധ്വാനമൊന്നും വയർ കുറയ്ക്കാൻ സഹായിക്കുന്നില്ല എന്ന് കാണുമ്പോൾ നിരാശ തോന്നുക സ്വാഭാവികമാണ്. എന്നാൽ ഈ പ്രശ്നത്തിനുള്ള പരിഹാരം നിങ്ങളുടെ ദിനചര്യയിൽ വരുത്തുന്ന വളരെ ലളിതമായ ഒരു മാറ്റമാണ്.
ന്യൂട്രീഷ്യനിസ്റ്റും കൈറോപ്രാക്ടറുമായ ഡോ. എറിക് ബെർഗ് (Dr Eric Berg), മെയ് 16-ന് പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, വയറിലെ കഠിനമായ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ വഴി എന്താണെന്ന് വിശദീകരിക്കുന്നു.
വയറിലെ കൊഴുപ്പ്
ശരീരഭാരം കുറയുന്നതിന്റെ 20 ശതമാനം മാത്രമാണ് വ്യായാമം കൊണ്ട് സാധ്യമാകുന്നത്, ബാക്കി 80 ശതമാനവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ്. അതുകൊണ്ടാണ് ഭക്ഷണരീതിയിൽ മാറ്റം വരുത്താതെ മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിച്ചാലും വിചാരിച്ച ഫലം ലഭിക്കാത്തത്.
കൊഴുപ്പ് ഉരുകുന്നത് ശരീരത്തിലെ ഹോർമോണുകളുടെ, പ്രത്യേകിച്ച് 'ഇൻസുലിൻ' ഹോർമോണിന്റെ അളവ് സന്തുലിതമായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇൻസുലിന്റെ അളവ് ഉയർന്നു നിൽക്കുമ്പോൾ, ശരീരം കൊഴുപ്പ് സംഭരിക്കാൻ തുടങ്ങും. ഇത് അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടിലാക്കും.
"കൊഴുപ്പ് കുറയുന്നത് (പ്രത്യേകിച്ച് വയറിലെ കൊഴുപ്പ്) 80 ശതമാനവും ഭക്ഷണക്രമത്തെ ആശ്രയിച്ചാണ്. 15 ശതമാനം മാത്രമാണ് വ്യായാമത്തിൽ നിന്ന് ലഭിക്കുന്നത്. അതായത്, വ്യായാമം കൊണ്ട് മാത്രം നിങ്ങൾക്ക് വയർ കുറയ്ക്കാനാകില്ല. കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇൻസുലിൻ പോലുള്ള ചില ഹോർമോണുകളുടെ അളവ് വളരെ കുറച്ചു നിർത്തണം എന്നതാണ്. കാരണം, ഇൻസുലിൻ കൂടുമ്പോൾ കൊഴുപ്പ് കുറയുന്ന പ്രക്രിയ തടസ്സപ്പെടുന്നു," ഡോ. ബെർഗ് പറയുന്നു.
എന്താണ് ചെയ്യേണ്ടത്?
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ വ്യായാമം ഇൻസുലിൻ അളവ് കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം. ഇതിനായി 'ഫാസ്റ്റഡ് സ്റ്റേറ്റിൽ' (ഭക്ഷണം കഴിക്കുന്നതിന് മുൻപ്/ഉപവാസ അവസ്ഥയിൽ) നടക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് നടക്കുമ്പോൾ, ശരീരം ഇൻസുലിനോട് കൂടുതൽ നന്നായി പ്രതികരിക്കുകയും (insulin-sensitive), അടുത്തിടെ കഴിച്ച കാർബോഹൈഡ്രേറ്റുകൾക്ക് പകരം ശരീരത്തിൽ നേരത്തെ സംഭരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജത്തിനായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
"ഇൻസുലിൻ കുറയ്ക്കാനും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനുമുള്ള ഏറ്റവും മികച്ച വഴി: വെറും വയറ്റിൽ നടക്കുക. ഇതിനർത്ഥം നിങ്ങൾ തീർച്ചയായും ഫാസ്റ്റിങ് ചെയ്യണം എന്നാണ്. കാരണം ഈ അവസ്ഥയിൽ നടക്കുമ്പോൾ ഇൻസുലിൻ നില മെച്ചപ്പെടുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് ഒരേസമയം ഇല്ലാതാവുകയും ചെയ്യും. ഇത് വയറിലെ ഭാഗങ്ങളിൽ കൂടുതൽ മാറ്റം കൊണ്ടുവരും."
ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ. മെഡിക്കൽ ഉപദേശത്തിന് പകരമല്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exercise accounts for only 20% of weight loss, while diet contributes 80%., High insulin levels prevent the body from burning stored fat., Fasted walking is the most effective method to improve insulin sensitivity., Intermittent fasting is essential for targeting stubborn abdominal fat.