കോണിപ്പടികൾ കയറി ശരീരഭാരം കുറച്ച ഫറാ ഖാൻ; ഒപ്പം പൂളിലെ നടത്തവും വ്യായാമവും

ഫറ ഖാൻ / AFP
ഫറ ഖാൻ / AFP

ബോളിവുഡിലെ മുൻനിര കൊറിയോഗ്രഫറും സംവിധായികയുമായ ഫറാ ഖാൻ 61-ാം ജൻമദിനം ആഘോഷിക്കുകയാണ്. കുട്ടികളുണ്ടാവുന്നതുവരെ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു അവരുടേത്. അതിനുശേഷം അനിയന്ത്രിതമായി ശരീരഭാരം കൂടാൻ തുടങ്ങി. 50 വയസ്സിനുശേഷമാണ് ഫറ, ഭാരം കൂടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നീട് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളായി. ആ യാത്രയെക്കുറിച്ച് ഫറ തന്നെ പലപ്പോഴും സംസാരിച്ചു. പല യാത്രകളിലും തന്റെ ഭർത്താവിനെ മകനായി പലരും തെറ്റിദ്ധരിച്ചുവെന്നും അതിനുശേഷമാണ് സ്വയം ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏഴുവർഷം കൊണ്ടാണ് ഫറ ശരീരഭാരം കുറച്ചത്. ആ ശ്രമത്തിൽ പല വെല്ലുവിളികളും നേരിട്ടതായും ഫറ പറയുന്നു.

''പ്രസവംകഴിഞ്ഞ് 4-5 വർഷങ്ങൾക്കുശേഷവും എന്റെ ശരീരം പഴയതുപോലെയായില്ല. ചർമം അയഞ്ഞുതൂങ്ങിക്കിടന്നു. ഒടുവിൽ ടമ്മി ടക്ക് സർജറി നടത്തേണ്ടി വന്നു''. അതിനൊപ്പം വിറ്റാമിൻ ഡ്രിപ്പുകളും ലിംഫാറ്റിക് മസാജുകളും തന്നെ സഹായിച്ചുവെന്ന് ഫറ വെളിപ്പെടുത്തുന്നു.

അപാർട്ട്‌മെന്റിന്റെ കോണിപ്പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനൊപ്പം ഹൈഡ്രോ വർക്കൗട്ടുകളും ഭാരം കുറയ്ക്കാൻ സഹായിച്ചു. അക്വാട്ടിക് വർക്കൗട്ട്, പൂൾ എക്‌സർസൈസ് എന്നൊക്കെയാണ് ഹൈഡ്രോ വർക്കൗട്ടുകൾ അറിയപ്പെടുന്നത്. ''പൂളിലൂടെ നടക്കുന്നതും ജമ്പിങ് ജാക്കുകളും അതിലുൾപ്പെടുന്നു''.

മുംബൈയിൽ ഒരു കെട്ടിടസമുച്ചയത്തിൽ 35-ാം നിലയിലാണ് ഫറയും കുടുംബവും താമസിക്കുന്നത്. ലിഫ്റ്റിന് പകരം താൻ കോണിപ്പടികൾ ഉപയോഗിച്ചുതുടങ്ങിയതാണ് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയതെന്ന് അവർ പറയുന്നു. ''ആദ്യദിവസം രണ്ടുനിലകൾ വരെ കയറി. അതിനുശേഷം ലിഫ്റ്റ് ഉപയോഗിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഓരോ നിലകൾ കൂട്ടി. അങ്ങനെ രണ്ടുനിലയെന്നത് മൂന്നും നാലുമൊക്കെയായി''. അത് തന്റെ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, തന്നിലെ ഉദാസീനതയും ഇല്ലാതാക്കിയെന്ന് അവർ അവകാശപ്പെടുന്നു.

50 വയസ്സിനുശേഷമാണ് ചർമത്തിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചതെന്ന് ഫറ പറയുന്നു. ''ഒരു സ്‌കിൻ ഡോക്ടറെ കണ്ടു. മുടിയുടെ ആരോഗ്യത്തിനായുള്ള ഹെയർ വിറ്റാമിനുകൾ എടുക്കാൻ തുടങ്ങി''.

ഭക്ഷണശീലങ്ങളിലും മാറ്റംവരുത്തി. ലഘുഭക്ഷണങ്ങളിലാണ് അവർ ശ്രദ്ധകൊടുത്തത്. സലാഡുകൾ കൂടുതലായി ഉൾപ്പെടുത്തി. സംസ്‌കരിച്ച ഭക്ഷണവും പഞ്ചസാരയും ഒഴിവാക്കി. രാത്രി ഏഴുമണിക്കാണ് ഫറാ ഖാൻ അത്താഴം കഴിക്കുന്നത്.

ഒട്ടേറെ സിനിമകളിൽ നൃത്തസംവിധാനം നിർവഹിച്ച ഫറ, 'മേം ഹൂ നാ' എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായികയാവുന്നത്. അതുകഴിഞ്ഞ് ഓം ശാന്തി ഓം, തീസ് മാർ ഖാൻ ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. കഴിഞ്ഞവർഷം മുതൽ വ്‌ളോഗിങ്ങിലും സജീവമാണ് അവർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood choreographer Farah Khan shares her inspiring 7-year journey to lose weight by climbing stairs and doing hydro workouts after childbirth