‘വിശേഷമൊന്നുമായില്ലേ’? അമ്മയാവാൻ വൈകുമ്പോൾ...

''വിശേഷമൊന്നുമായില്ലേ?'' വിവാഹം കഴിഞ്ഞ് പുതുമോടി മായുംമുൻപേ ചോദ്യം വരുകയായി. ഉയർന്ന വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികസ്ഥിരത, മറ്റ് ലക്ഷ്യങ്ങൾ എന്നിവയെല്ലാമായി ബന്ധപ്പെട്ട് പല ദമ്പതികളും ഗർഭധാരണം കുറച്ചുകാലത്തേക്ക് നീട്ടിവയ്ക്കാറുണ്ട്. വ്യക്തിപരമായ രീതിയിൽ പരിഗണിക്കുകയാണെങ്കിൽ ചില സന്ദർഭങ്ങളിൽ ഇത് അംഗീകരിക്കാൻ സാധിക്കും. എങ്കിലും സ്ത്രീകളുടെ ശരീരത്തിൽ ഗർഭധാരണത്തിന് അനുയോജ്യമായ ഒരു സ്വാഭാവികമായ കാലപരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ഗർഭധാരണം വൈകിപ്പിക്കാൻ തീരുമാനമെടുക്കുന്നവർ അനുബന്ധമായ മറ്റ് ചില കാര്യങ്ങൾക്കൂടി പരിഗണിക്കേണ്ടതുണ്ട്.
പ്രായം പ്രധാനം
സ്ത്രീകളുടെ പ്രജനനശേഷി (Fertility Period) ഏറ്റവും മികച്ച നിലയിലെത്തുന്നത് ഇരുപത് മുതൽ മുപ്പത്തിയഞ്ച് വയസ്സ് വരെയുള്ള കാലയളവിലാണ്. ജീവശാസ്ത്രപരമായി ഗർഭധാരണം നടത്തുന്നതിന് ഏറ്റവും ഉചിതമായ സമയവും ഇതുതന്നെയാണ്. മുപ്പത് വയസ്സ് പിന്നിട്ടാൽ പ്രജനനശേഷിയിൽ ചെറിയ രീതിയിലുള്ള കുറവുകൾ വന്നുതുടങ്ങും. മുപ്പത്തിയഞ്ച് പിന്നിടുന്നതോടെ ഇത് കൂടുതൽ വേഗത്തിലാവുകയും ചെയ്യും. ഈ സമയത്തുള്ള ഗർഭധാരണം ചിലരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം.
പ്രയാസങ്ങൾ പലവിധം
പ്രായംകൂടുന്തോറും ഗർഭധാരണത്തിനുള്ള സാധ്യത കുറയുമെന്നതാണ് പ്രധാനം. പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ ജനിക്കുന്നതുതന്നെ ജീവിതകാലം മുഴുവൻ ആവശ്യമായ അണ്ഡങ്ങളുമായാണ്. പ്രായം കൂടുന്തോറും ഈ അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണമേന്മയിലും മാറ്റങ്ങൾ സംഭവിക്കും. ഇത് ഗർഭധാരണം നടക്കാതിരിക്കാനോ വൈകാനോ കാരണമാവാം. മാത്രമല്ല, ഗർഭധാരണം നടന്നാലും അബോർഷൻ സംഭവിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
വൈകിയുള്ള ഗർഭധാരണം ഗർഭകാല രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇതിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഗർഭകാല പ്രമേഹമാണ്. 35 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഗർഭം ധരിക്കുമ്പോൾ പ്രമേഹത്തിനുള്ള സാധ്യത വർധിക്കുന്നു. രക്താതിസമ്മർദത്തിനുള്ള സാധ്യതയും ഇതേ അനുപാതത്തിൽ വർധിച്ച് കാണാറുണ്ട്. പ്രീ-എക്ലാംപ്സിയ പോലുള്ള രോഗാവസ്ഥകൾക്കും വൈകിയുള്ള ഗർഭധാരണം കാരണമാകുന്നു.
വൈകിയുള്ള ഗർഭധാരണം കുഞ്ഞിനെയും ബാധിക്കാം. പ്രായം കൂടുന്തോറും ചിലതരം ജനിതക വ്യതിയാനങ്ങൾക്കുള്ള സാധ്യതയും വർധിക്കുന്നു. കൂടുതൽ വിദഗ്ധ ചികിത്സയും പരിചരണവും ആവശ്യമായി വരും. ഇതിന് പുറമേ നോർമൽ ഡെലിവറിക്കുള്ള സാധ്യത കുറയാനും ഇടയാക്കും. ജനിതകവ്യതിയാനങ്ങളുടെ ഭാഗമായി അപൂർവമായി ഡൗൺസിൻഡ്രോം അവസ്ഥകളോ, ശാരീരിക വൈകല്യങ്ങളോ കുഞ്ഞിൽ പ്രത്യക്ഷപ്പെടാനും സാധ്യതകളുണ്ട്.
പ്ലാൻചെയ്യാം
ഗർഭധാരണത്തെക്കുറിച്ച് നേരത്തേ പ്ലാൻചെയ്യുന്നതാണ് നല്ലത്.
ഗർഭധാരണത്തിന് മുൻപുതന്നെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്താം.
കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പ് നടത്തണം. പതിവായുള്ള സ്കാനിങ്ങും രക്തപരിശോധനകളും വഴി കുഞ്ഞിന്റെ ആരോഗ്യം നല്ലരീതിയിലാണെന്ന് ഉറപ്പാക്കണം.
ശരീരത്തിൽ അണ്ഡങ്ങളുടെ എണ്ണം നേരത്തേ മനസ്സിലാക്കാൻ സഹായിക്കുന്ന ഒവേറിയൻ റിസർവ് ടെസ്റ്റുകൾ ചെയ്തുനോക്കാവുന്നതാണ്.
സ്വാഭാവികമായി ഗർഭധാരണം നടക്കാത്തതാണ് കാരണമെങ്കിൽ പെട്ടെന്നുതന്നെ ഡോക്ടറെ സന്ദർശിച്ച് ആവശ്യമായ പരിശോധനകളും ചികിത്സകളും ആരംഭിക്കണം. ഇത്, കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കാനും ഗർഭധാരണം പരമാവധി വേഗത്തിലാക്കാനും സഹായിക്കും.
ആരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്തുള്ള ഗർഭധാരണത്തിനും ആരോഗ്യമുള്ള ഗർഭകാലയളവിനും സഹായകരമാകും. വ്യായാമവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ പിന്തുടരുക.
ഗർഭധാരണം സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമോ ശാരീരിക പ്രക്രിയയോ അല്ല. ഇതിൽ പുരുഷന്റെ പങ്കും പ്രത്യേകം ഓർമ്മിക്കുക. പരിശോധനകളിൽ ഇരുവരും ഒന്നുപോലെ പങ്കെടുക്കുക.
പ്രധാന പരിശോധനകൾ
ഗർഭധാരണത്തിന് മുൻപ് ഡോക്ടറെ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങളും മറ്റും സ്വീകരിക്കണം. ഈ സമയത്ത് ശാരീരികാവസ്ഥയ്ക്കനുസരിച്ച് ചില പരിശോധനകൾ നിർദേശിക്കപ്പെട്ടേക്കാം. തൈറോയ്ഡ് ഹോർമോണിലെ വ്യതിയാനങ്ങൾ ഗർഭധാരണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഇത് തിരിച്ചറിയാനായി തൈറോയ്ഡ് നില പരിശോധിക്കേണ്ടിവരും. പ്രമേഹവും രക്തസമ്മർദവും നിയന്ത്രണവിധേയമാണെന്ന് ഉറപ്പ് വരുത്തേണ്ടത് ആരോഗ്യകരമായ ഗർഭകാലയളവിന് അനിവാര്യമാണ്. ഇതിനായി ഈ രണ്ട് പരിശോധനകളും സഹായകരമാകും. കൂടാതെ ഹോർമോൺ പരിശോധനകളും ഓവുലേഷൻ പരിശോധനയും അൾട്രാസൗണ്ട് സ്കാനിങ്ങും ഗർഭാശയത്തിന്റെയും ഫലോപ്യൻ ട്യൂബുകളുടെയും പരിശോധനകളും സാഹചര്യത്തിനനുസരിച്ച് ആവശ്യമായി വരും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Fertility naturally declines after age 30 and accelerates after 35., Delayed pregnancy increases risks of gestational diabetes, hypertension, and pre-eclampsia., Advanced maternal age is linked to higher chances of genetic variations in infants., Pre-conception consultations and ovarian reserve tests are vital for planning., Pregnancy is a shared responsibility; both partners should undergo medical screening.