നഖത്തിൽ നിറവ്യത്യാസമോ വരകളോ കാണുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യതകളേറെ

വൃത്തിയുള്ള നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. കേടായ നഖങ്ങള്‍ ആരോഗ്യത്തെ മാത്രമല്ല ജീവിത നിലവാരത്തെയും ബാധിക്കാറുണ്ട്. നഖങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
എങ്ങനെയാണ് നഖങ്ങള്‍ കേടാകുന്നത്?
1. ട്രോമ/ ആഘാതം - നിരന്തരം കൈകാലുകള്‍ നനയുന്ന ജോലി ചെയ്യുന്നവര്‍, അതായത് അടുക്കളയില്‍, കൃഷിയിടത്തില്‍, തുണി കഴുകുന്നവരില്‍, കഠിനമായ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരില്‍, കൃത്യമായി നഖം പരിചരിക്കാത്തവരില്‍ (നഖം വെട്ടാതെയിരുന്നാല്‍ നഖത്തിന്റെ അഗ്രഭാഗത്ത് വിള്ളല്‍ വീഴാം)
2. പോഷകാഹാരക്കുറവ് - വൈറ്റമിന്‍ (എ, ബി, സി, ഡി, ഇ), മിനറല്‍സ് (സിങ്ക്, അയണ്‍) എന്നിവയുടെ കുറവ് മൂലവും നഖം കേടാകാന്‍ സാധ്യതയുണ്ട്.
3. പാരമ്പര്യം - നഖം അസാധാരണമായി വളരുന്നതിന് കാരണമാകാം.
4. അസുഖങ്ങള്‍ - പ്രമേഹം, തെെറോയിഡ്, സോറിയാസിസ്, അലോപ്പീസിയ ഏരിയേറ്റ, ലൈക്കന്‍ പ്ലാനസ് എന്നീ രോഗങ്ങള്‍ നഖ വളര്‍ച്ചയെ ബാധിക്കാം.
അപകട ഘടകങ്ങള്‍
1. പ്രായം - പ്രായമായവരില്‍ നഖം കട്ടിയാകാനും നിറവ്യത്യാസം വരാനും വളയാനും ഉള്ള സാദ്ധ്യതയേറെയാണ്.
2. സാധാരണയായി അടുക്കള ജോലികള്‍ (പാത്രം കഴുകുക, കറിക്കരിയുക, മീന്‍, ഇറച്ചി എന്നിവ വൃത്തിയാക്കുക, വീട് തുടയ്ക്കുക, തുണി കഴുകുക) ചെയ്യുന്നത് സ്ത്രീകളായതിനാല്‍ മാത്രമല്ല ജനിതക ഘടകവും സ്ത്രീകളില്‍ നഖം കേടാകാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു.
3. തണുപ്പ് സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും മഴ കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും നഖം കേടാകാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങള്‍
- നിറവ്യത്യാസം - കറുക്കുക, വെളുക്കുക, പച്ച / നീല നിറമാവുക.
- കട്ടി കൂടുക / കുറയുക.
- നഖം പൊടിഞ്ഞു പോവുക.
- നഖം വളയുക.
- നഖത്തിനു ചുറ്റും നീര് / വേദന.
- നഖത്തില്‍ കുഴികള്‍, നീണ്ട വരകള്‍ പ്രത്യക്ഷപ്പെടുക.
ചികിത്സ തുടങ്ങേണ്ടത് എപ്പോള്‍?
കേടായ നഖം ഉണ്ടാകുന്നത് എന്ത് കാരണത്താലാണെന്ന് കണ്ടുപിടിക്കാന്‍ നഖം ചുരണ്ടി പരിശോധിക്കുകയോ നഖങ്ങൾ ബയോപ്സി ചെയ്തു നോക്കുകയോ ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചതിനുശേഷം ചികിത്സിക്കുന്നതാണ് ഉചിതം. നഖം വളരെ പതുക്കെ വളരുന്നതുകൊണ്ട് 6 മാസം മുതല്‍ 1 വര്‍ഷം വരെ ചികിത്സിക്കേണ്ടതായി വരും.
ചികിത്സാരീതികള്‍ എന്തൊക്കെ?
1. പോഷകാഹാരക്കുറവ് പരിഹരിക്കുക.
2. ഫംഗസ് അണുബാധ ഉണ്ടെങ്കില്‍ ആന്റിഫങ്കല്‍ ചികിത്സ നല്‍കുക.
3. സോറിയാസിസ്, ലൈക്കന്‍ പ്ലാനസ് മുതലായ രോഗങ്ങള്‍ക്ക് സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുക.
4. ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അത് ചെയ്യുക.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
1. സമീകൃതാഹാരം
2. കൃത്യമായ നഖ പരിചരണം
3. മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക
4. ഗ്ലൗസ് ധരിക്കുക
5. ഈര്‍പ്പം പറ്റാതെ നോക്കുക
6. തുടക്കത്തിലെ ചികിത്സിക്കുക, തനിയെ ചികിത്സിക്കാതെ ഡോക്ടറുടെ സേവനം തേടുക.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് സൗന്ദര്യത്തോടോപ്പം ആരോഗ്യവുമുള്ള നഖങ്ങള്‍ സ്വന്തമാക്കാം
(പട്ടം എസ് യു ടി യിലെ കൺസണ്‍ട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മറ്റോളജിസ്റ്റുമാണ് ലേഖിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover symptoms ,effective treatments, and essential prevention tips for healthy nails.