തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, കണ്ണിൽനിന്ന് വെള്ളം വരൽ; ജലദോഷമാണോ അലർജിയാണോ?

മൂക്കൊലിപ്പ്, തുടർച്ചയായ തുമ്മൽ, കണ്ണിൽനിന്ന് വെള്ളം വരൽ... ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ജലദോഷമാണെന്നാണ് പലരും ആദ്യം കരുതുക. ഉടൻതന്നെ അതിനുള്ള മരുന്നുകളും കഴിച്ചുതുടങ്ങും. എന്നാൽ എല്ലാ തുമ്മലും മൂക്കൊലിപ്പും ജലദോഷം കരണമാകണമെന്നില്ല. ചിലപ്പോൾ ശരീരത്തിലെ അലർജി പ്രതികരണമാകാം ഈ ലക്ഷണങ്ങൾക്കു പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്. ജലദോഷവും അലർജിയും മൂക്കിനെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്നതിനാൽ ഇവയുടെ ലക്ഷണങ്ങളിൽ സാമ്യമുണ്ട്. എന്നാൽ കാരണങ്ങളിലും രോഗം നീണ്ടുനിൽക്കുന്ന സമയത്തിലും മറ്റ് അനുബന്ധ ലക്ഷണങ്ങളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. ഇവ തിരിച്ചറിയുന്നത് അനാവശ്യമായി മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കാനും കൃത്യമായ ചികിത്സ തേടാനും സഹായിക്കും.
ലക്ഷണങ്ങൾക്ക് പിന്നിലെ കാരണം തിരിച്ചറിയാം
200-ലധികം വൈറസുകൾ ജലദോഷത്തിന് കാരണമാകാമെന്നാണ് മുംബൈയിലെ വിദഗ്ധ ഡോക്ടർമാർ പറയുന്നത്. സാധാരണയായി ആദ്യത്തെ രണ്ടുമുതൽ മൂന്നുദിവസം വരെ ലക്ഷണങ്ങൾ കൂടുകയും പിന്നീട് ക്രമേണ കുറയുകയും ചെയ്യും. എന്നാൽ അലർജി ഉണ്ടാകുന്നത് മറ്റൊരു വിധത്തിലാണ്. പൊടി, പൂമ്പൊടി, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ ശരീരത്തിൽനിന്നുള്ള താരൻ തുടങ്ങിയ ദോഷകരമല്ലാത്ത വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതാണ് അലർജിക്ക് കാരണം.
അലർജിക്ക് കാരണമാകുന്ന വസ്തുക്കളുമായി സമ്പർക്കം തുടരുന്നിടത്തോളം ലക്ഷണങ്ങളും നീണ്ടുനിൽക്കാം. ചിലരിൽ പ്രത്യേക കാലാവസ്ഥകളിൽ മാത്രവും മറ്റു ചിലരിൽ വർഷം മുഴുവനും അലർജി അനുഭവപ്പെടാം.
തുടർച്ചയായ തുമ്മലും മൂക്കിലെ ചൊറിച്ചിലും: ജലദോഷത്തിലും അലർജിയിലും തുമ്മൽ ഉണ്ടാകാറുണ്ട്. എന്നാൽ തുമ്മലിന്റെ രീതിയും ഒപ്പമുള്ള മറ്റ് ലക്ഷണങ്ങളും ശ്രദ്ധിച്ചാൽ വ്യത്യാസം മനസ്സിലാക്കാം. പൊടി, പൂമ്പൊടി, വളർത്തുമൃഗങ്ങൾ എന്നിവയുമായി സമ്പർക്കത്തിലാകുമ്പോൾ തുടർച്ചയായി തുമ്മൽ വരുന്നത് അലർജിയുടെ സൂചനയാകാം. മൂക്കിലും തൊണ്ടയിലും കണ്ണുകളിലും ചൊറിച്ചിൽ അനുഭവപ്പെടുന്നതും അലർജിയുടെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ജലദോഷത്തോടൊപ്പം തൊണ്ടവേദന, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടാം.
മൂക്കിൽനിന്ന് വരുന്ന സ്രവത്തിന്റെ സ്വഭാവം ശ്രദ്ധിക്കാം: തുടർച്ചയായി വെള്ളംപോലെ തെളിഞ്ഞ സ്രവം മൂക്കിൽനിന്ന് വരുന്നത്, പ്രത്യേകിച്ച് തുമ്മലും ചൊറിച്ചിലും ഒപ്പമുണ്ടെങ്കിൽ, അലർജിയുടെ സൂചനയാകാം. അലർജിക്ക് കാരണമാകുന്ന വസ്തുക്കളുമായി സമ്പർക്കം തുടരുന്നിടത്തോളം മൂക്കൊലിപ്പും നീണ്ടുനിൽക്കാമെന്ന് വിദഗ്ധർ പറയുന്നു.
ജലദോഷത്തിലും മൂക്കൊലിപ്പ് ഉണ്ടാകാം. എന്നാൽ അണുബാധയുടെ ഘട്ടങ്ങൾക്കനുസരിച്ച് മൂക്കടപ്പും മൂക്കിൽനിന്നുള്ള സ്രവത്തിന്റെ സ്വഭാവവും മാറാം. അതിനാൽ മൂക്കൊലിപ്പ് മാത്രം കണ്ട് അലർജിയാണെന്ന് ഉറപ്പിക്കാനാവില്ല.
പനിയും ശരീരവേദനയുമുണ്ടോ?: അലർജി സാധാരണയായി പനിയോ ശരീരവേദനയോ ഉണ്ടാക്കാറില്ല. എന്നാൽ വൈറസ് അണുബാധ മൂലമുള്ള ജലദോഷത്തിൽ ഇവ അനുഭവപ്പെടാം. അതേസമയം, മൂക്കിലെ ചൊറിച്ചിലിനും തുടർച്ചയായ തുമ്മലിനുമൊപ്പം കണ്ണുകൾ ചുവന്ന് വെള്ളം വരുന്നതും ശ്രദ്ധിക്കണം. ഇത് അലർജിക് കൺജങ്ക്റ്റിവൈറ്റിസ് എന്ന കണ്ണിലെ അലർജി പ്രശ്നത്തിന്റെ ലക്ഷണമാകാം.
എപ്പോഴാണ് ലക്ഷണങ്ങൾ കൂടുന്നത്?: ലക്ഷണങ്ങൾ ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധിക്കുന്നതും അലർജി തിരിച്ചറിയാൻ സഹായിക്കും. വീട് വൃത്തിയാക്കുമ്പോഴോ പൊടിപടലങ്ങൾ നിറഞ്ഞ സ്ഥലങ്ങളിൽ പോകുമ്പോഴോ വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുമ്പോഴോ ചില പ്രത്യേക കാലാവസ്ഥകളിലോ തുമ്മലും മൂക്കൊലിപ്പും ആവർത്തിക്കുന്നുണ്ടെങ്കിൽ പരിസ്ഥിതിയിലെ ഘടകങ്ങൾ മൂലമുള്ള അലർജിയാകാം കാരണം. ഒരേ സാഹചര്യങ്ങളിൽ വീണ്ടും വീണ്ടും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?: തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, കണ്ണിൽനിന്ന് വെള്ളം വരൽ തുടങ്ങിയവയെ വീണ്ടും ജലദോഷമാണെന്ന് കരുതി അവഗണിക്കരുത്. ഉറക്കത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന തരത്തിൽ ലക്ഷണങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം. രണ്ടാഴ്ച കഴിഞ്ഞിട്ടും ലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ പരിശോധന നടത്തണം. ശ്വസിക്കാൻ ബുദ്ധിമുട്ട്, നിർജലീകരണം, നീണ്ടുനിൽക്കുന്ന പനി തുടങ്ങിയവയുണ്ടെങ്കിലും വൈദ്യസഹായം തേടണം.
ലക്ഷണങ്ങളുടെ സ്വഭാവവും ആവർത്തിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തിയശേഷം ഡോക്ടർ അലർജി പരിശോധന നിർദേശിച്ചേക്കാം. അതുപോലെ, സാധാരണ ജലദോഷത്തിന് ആന്റിബയോട്ടിക്കുകൾ പതിവായി കഴിക്കരുത്. വൈറസ് അണുബാധകളെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് കഴിയില്ല.
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi