കൊളസ്‌ട്രോള്‍ മരുന്ന് എത്രകാലം കഴിക്കണം? അമിതവണ്ണം കൊളസ്‌ട്രോളിന് ഇടയാക്കുമോ?

ജീവികളുടെ കോശകലകളിലും ശരീരഭിത്തികളിലും കാണുന്ന കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ഇത് ഒരു മോശം കാര്യമല്ല. പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്.
ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന
മാറിയ ചുറ്റുപാടില്‍ 20 വയസ്സ് കഴിഞ്ഞാലുടന്‍ കൊളസ്‌ട്രോള്‍ സ്‌ക്രീനിങ് തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ലിപ്പിഡ് പ്രൊഫൈല്‍ പരിശോധനയാണ് സ്‌ക്രീനിങില്‍ പ്രധാനം. പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്തവര്‍ വര്‍ഷത്തിലൊരിക്കല്‍ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധിക്കണം.
എത്രകാലം മരുന്നു കഴിക്കണം
കൊളസ്‌ട്രോള്‍ മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കേണ്ടവയാണ്. ജീവിതച്ചിട്ടകള്‍ പാലിച്ച് കൃത്യമായി മരുന്നു കഴിക്കുന്നവര്‍ക്ക് കൊളസ്‌ട്രോള്‍ നില നിയന്ത്രണത്തിലായാല്‍ മരുന്ന് നിര്‍ത്താന്‍ കഴിയും. എത്രകാലത്തിനുള്ളില്‍ മരുന്ന് നിര്‍ത്താം എന്ന് തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും വരുത്തുന്ന നല്ല മാറ്റങ്ങള്‍ ഇതില്‍ പ്രധാനമാണ്.
മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍
സ്റ്റാറ്റിന്‍ മരുന്നിന് പൊതുവെ പാര്‍ശ്വഫലം കുറവാണ്. വളരെ അപൂര്‍വമായി ചിലരില്‍ പേശിവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവ കാണാറുണ്ട്. അതിനനുസരിച്ച് മരുന്നിന്റെ ഡോസ് ക്രമീകരിക്കുകയാണ് ചെയ്യുന്നത്.
മരുന്നുമാത്രം പോരാ
മരുന്നിനെപ്പോലെ പ്രധാനമാണ് ജീവിത ശൈലിയിലെ മാറ്റങ്ങളും. മാംസാഹാരം കുറയ്ക്കുന്നത് കൊളസ്‌ട്രോള്‍ നില നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും.
- എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവയും നിയന്ത്രിക്കണം. പകരം പച്ചക്കറികളും സാലഡും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്ന ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. നത്തോലി പോലുള്ള മത്സ്യങ്ങള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ സ്രോതസ്സുകളാണ്.
വ്യായാമങ്ങള്‍ ശീലിക്കാം
എല്ലാദിവസവും മുപ്പതു മുതല്‍ നാല്‍പ്പത്തിയഞ്ചുമിനിറ്റു വരെ നടക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും നടത്തം തുടരണം. നീന്തലും സൈക്ലിങുമെല്ലാം നല്ല വ്യായാമങ്ങളാണ്. കാല്‍മുട്ടുവേദനയുള്ളവര്‍ക്ക് ഇരുന്നുള്ള പരിശീലനങ്ങളും ചെയ്യാം.
Content Highlights: cholesterol medications and time cholesterol controlling food