ഉറങ്ങുംമുമ്പുള്ള പെർഫ്യൂം ഉപയോഗം, ഗുണങ്ങൾ എന്തൊക്കെ?

ഒരു പെര്‍ഫ്യൂമിന് നിങ്ങളെ ഉറക്കാന്‍ സാധിക്കുമോ. ഡേറ്റിനു പോകുന്നതു പോലെ ഉറങ്ങാന്‍ പോകുമ്പോഴും പെര്‍ഫ്യൂം അടിക്കുന്നതു ശീലങ്ങളുടെ ഭാഗമായിക്കഴിഞ്ഞു.. ഇത് നന്നായി ഉറങ്ങാന്‍ മനുഷ്യനെ സഹായിക്കുന്നു എന്നു പഠനങ്ങളും പറയുന്നു. ജോലിക്ക് പോകുമ്പോള്‍ പെര്‍ഫ്യൂം അടിക്കുന്നതും ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലേക്കു മാത്രം ഉപയോഗിക്കാന്‍ സ്‌പെഷ്യല്‍ പെര്‍ഫ്യൂമുകള്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നതൊക്കെ ആളുകളുടെ ശീലമാണ്. കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ഫൈനല്‍ ടച്ച് നല്‍കുന്നത് ആ സുഗന്ധങ്ങളാണ്. എന്നാല്‍ ഉറങ്ങും മുമ്പേ പെര്‍ഫ്യൂം ഉപയോഗിക്കുന്നതും ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്.
സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ് ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന അവരുടെ പ്രയപ്പെട്ട ബെഡ് ടൈം പെര്‍ഫ്യൂം. സ്വയം നന്നായി സ്‌മെല്‍ ചെയ്യാന്‍ മാത്രമല്ല പുതു തലമുറ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്. അവരുടെ മൂഡ് മാറ്റാനും പോസിറ്റീവായിരിക്കാനും സെന്റുകള്‍ സഹായിക്കുന്നു. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാമെങ്കിലും പേടി തോന്നുന്ന ഒരു ഇന്റര്‍വ്യൂവിനു പോകും മുമ്പ് ആത്മവിശ്വാസം നല്‍കുന്ന ഒരു സെന്റ് അല്ലെങ്കില്‍ ജോലി കഴിഞ്ഞ വരുമ്പോള്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ മൈല്‍ഡായ സെന്റ് ഉപയോഗിക്കുന്നവരുണ്ട്. പെര്‍ഫ്യൂമുകളുടെ സുഗന്ധത്തിനു ഒരു പ്രത്യേകതയുണ്ട്. അത് നമ്മുടെ ഓര്‍മകളെ ആഴത്തില്‍ സ്വാധീനിക്കും. അതിന്റെ ഗന്ധം നമ്മെ ചില മനോഹര നിമിഷങ്ങളെയോ വ്യക്തികളെയോ ഓര്‍മപ്പെടുത്തും.

നല്ലൊരു പെര്‍ഫ്യൂം ഗന്ധം നിങ്ങളെ ഒരു കുഞ്ഞിനെ പോലെ ഉറങ്ങാന്‍ സഹായിക്കുന്നു എന്നാണ് പുതിയ ശാസ്ത്ര പഠനങ്ങള്‍ പറയുന്നത്.

മനുഷ്യന്റെ ഘ്രാണേന്ദ്രിയം വൈകാരികത ഉണര്‍ത്തുന്ന മസ്തിഷ്‌കഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ അറിയാതെ തന്നെ ചില സുഗന്ധങ്ങള്‍ നമ്മളെ സന്തോഷിപ്പിക്കുകയോ, ശാന്തമാക്കുകയോ, ഗൃഹാതുരത്വമുണര്‍ത്തുകയോ ചെയ്യുന്നത്.

ഇതിന്റെ പ്രാധാന്യം മനസിലാക്കിയ ലോകത്തിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ന്യൂറോസയന്റിസ്റ്റുകളുമായി ചേര്‍ന്ന് ആരോഗ്യത്തിനും ഉറക്കത്തിനുമായി പുതിയ സുഗന്ധങ്ങള്‍ വികസിപ്പിക്കുകയാണ്. ലാവണ്ടര്‍ പോലുള്ള സുഗന്ധങ്ങള്‍ ധാരാളം ബെഡ്‌റൂം പെര്‍ഫ്യൂമുകളില്‍ കാണപ്പെടുന്നു. ഇത് മാനസികമായി നമുക്ക് ഉറങ്ങാനുളള അന്തരീക്ഷം ഒരുക്കുന്നു.

എല്ലാ രാത്രിയും ഒരേ ശീലങ്ങള്‍ പിന്തുടരുന്നത് മസ്തിഷ്‌കത്തിന് 'ഇനി വിശ്രമിക്കാന്‍ സമയമായിരിക്കുന്നു' എന്ന സന്ദേശം നല്‍കും. അതിന് ഉറങ്ങും മുമ്പ് ലൈറ്റ് അണയ്ക്കുന്നത് പോലെ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും സഹായകമാണ്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും തൃപ്തികരമായ ഉറക്കവും സമ്മാനിക്കും.

(ശ്രദ്ധിക്കുക, പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover how perfume before bed can improve sleep quality. Learn about the science behind scents and sleep, Fragrance for Sleep, From Mood Enhancement to Improved Sleep