ചൂടില്‍ അടിമുടി കൂളാവാം: ഈ വഴികള്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടിമുടി പൊള്ളിക്കുന്ന വേനല്‍ക്കാലം വരവായി. ഈ സമയത്ത് ഭക്ഷണത്തിലും ആരോഗ്യത്തിലും സൗന്ദര്യസംരക്ഷണത്തിലുമെല്ലാം നന്നായി ശ്രദ്ധവെച്ചില്ലെങ്കില്‍ രോഗങ്ങള്‍ പിന്നാലെയത്താം. ചൂടുകാലത്തെ സൗന്ദര്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പല വഴികളുണ്ട്.  

ചര്‍മം തിളങ്ങാന്‍
വരണ്ട ചര്‍മവും, കരിവാളിപ്പും, ചൂടുകുരുവും.. അങ്ങനെ സൗന്ദര്യ പ്രശ്‌നങ്ങളുടെ ഘോഷയാത്രയാണ് ഓരോ വേനല്‍ക്കാലവും. അല്പം ശ്രദ്ധവച്ചാല്‍ വേനലിലും ചര്‍മം തിളങ്ങും. 

  1. പുറത്തുപോയാലും ഇല്ലെങ്കിലും എപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. എസ്പിഎഫ് 30 ല്‍ കൂടിയ ജെല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സണ്‍സ്‌ക്രീന്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് മാത്രം പുറത്തിറങ്ങാം.
  2. രാവിലെ 11 മണിമുതല്‍ വൈകുന്നേരം 4 മണി വരെയുള്ള വെയില്‍ കൊള്ളരുത്. ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് (യു.വി) രശ്മികള്‍ പുറതള്ളുന്ന സമയം കൂടിയാണിത്. ഇത്  ചര്‍മത്തിലെ കോശങ്ങള്‍ക്ക് ഹാനികരമാണ്. ഈ സമയങ്ങളില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങേണ്ട സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുകയാണെങ്കില്‍  ശരീരം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാം. തൊപ്പിയോ കുടയോ കരുതുകയും ചെയ്യുക. 
  3. കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ വേനലില്‍ അത് ഒഴിവാക്കാം. സാധാരണ വെള്ളത്തില്‍ കുളിക്കുക. തണുത്തവെള്ളത്തില്‍ കൃത്യമായ ഇടവേളകളില്‍ മുഖം കഴുകാം
  4. വേനലില്‍ മേക്കപ് ലളിതമായി മതി. മേക്കപ്പിലെ രാസപദാര്‍ഥങ്ങള്‍ സൂര്യപ്രകാശവുമായി പ്രവര്‍ത്തിക്കാനും ചര്‍മത്തെ ദോഷകരമായി ബാധിക്കാനും സാധ്യത കൂടുതലാണ്. വിയര്‍പ്പിലും ചൂടിലും കണ്ണെഴുതാന്‍ വാട്ടര്‍പ്രൂഫ് കാജല്‍ ഉപയോഗിക്കാം. ഗ്ലോസി മേക്കപ്പാണ് വേനല്‍കാലത്ത് നല്ലത്. മാറ്റ് ലിപ്സ്റ്റിക്കിന് പകരം ഗ്ലോസി ലിപ്സ്റ്റികോ ലിപ് ബാമോ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ക്ക് തിളക്കവും ഈര്‍പ്പവും നല്‍കും.
  5. വേനല്‍കാലത്ത് ഗോതമ്പ് ഉല്പന്നങ്ങള്‍, സോഡ, വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ നിയന്ത്രിക്കുക. വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങള്‍ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റമിനുകളുടെയും കലവറയാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായിക്കും. ഇത് ചര്‍മകാന്തി വര്‍ധിപ്പിക്കും.
  6. പുറത്തുപോകുമ്പോള്‍ വെറ്റ് ടവല്‍ അഥവാ വെറ്റ് വൈപ്‌സ് കരുതേണ്ടതാണ്. ഇവ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതിലൂടെ ക്ഷീണമകലുകയും ഉന്‍മേഷം ലഭിക്കുകയും ചെയ്യും.
  7. വേനല്‍ക്കാലത്ത്  ക്രീമി ആയ മോയിസ്ചറൈസേഴ്‌സ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അവയില്‍ അടങ്ങിയിരിക്കുന്ന ഓയില്‍ ചര്‍മത്തില്‍ നിറയുകയും അത് കൂടുതല്‍ വിയര്‍ക്കാന്‍ കാരണമാവുകയും ചെയ്യും. മാത്രമല്ല മുഖത്തെ സുഷിരങ്ങളിലും മറ്റും അടിഞ്ഞുകൂടിയാല്‍ അവ ഇന്‍ഫെക്ഷന് കാരണവുമാകും. വേനല്‍ക്കാലത്ത് ക്ലന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം വെറ്റമിന്‍ സി സെറം ഉപയോഗിക്കുക. 
  8. മുടിയില്‍ എണ്ണമയം കൂടുതല്‍ വേണ്ടേവേണ്ട. അതിനാല്‍ ഓയില്‍ അടങ്ങിയ ഷാംപു, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കുക. ഷാംപു ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ ഇട്ട് കഴുകണം. കഴിയുന്നതും മുടി അഴിച്ചിടാതിരിക്കാന്‍ ശ്രദ്ധിക്കണം. മുടിയില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതും ഒഴിവാക്കാം. 
  9. ശരീരം അമിതമായി വിയര്‍ക്കുന്ന സമയമാണ് വേനല്‍ക്കാലം. വിയര്‍പ്പു മൂലമുള്ള ദുര്‍ഗന്ധം അകറ്റാനായി എപ്പോഴും അനുയോജ്യമായ പെര്‍ഫ്യൂമുകള്‍ കയ്യില്‍ കരുതാം. നന്നായി വെള്ളം കുടിക്കുന്നതും ചിട്ടയായ ഭക്ഷണ ശീലവും വിയര്‍പ്പിന്റെ ദുര്‍ഗന്ധം കുറയ്ക്കും.  
  10. വേനലില്‍ കട്ടികുറഞ്ഞ, അയഞ്ഞ, സിമ്പിളായ ഇളം നിറങ്ങളിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാം. 

വേനലില്‍ പാദങ്ങള്‍ പൂപോലെ
വേനല്‍ക്കാലത്ത് പാദങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്

  • വേനല്‍ക്കാലത്ത് ചെരിപ്പില്ലാതെ പുറത്തിറങ്ങുന്നത് പാദങ്ങളില്‍ വിണ്ടുകീറല്‍, നിറം മങ്ങല്‍, പ്ലാന്റാര്‍ അരിമ്പാറ, റിംഗ്‌വേം, മറ്റ് അണുബാധകള്‍ എന്നിവയ്ക്ക് കാരണമാകാം. ഷൂ ധരിക്കുന്നത് ഒഴിവാക്കുക. ചെരുപ്പ് അല്ലെങ്കില്‍ ഓപ്പണ്‍ടോഡ് ഷൂവാണ് നല്ലത്
  • ധാരാളം വെള്ളം കുടിക്കുന്നത് ചൂട് കാരണം കാലിലുണ്ടാകുന്ന നീര്‍ വീക്കം കുറയ്ക്കും
  • പാദങ്ങളിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. സണ്‍സ്‌ക്രീന്‍ വാട്ടര്‍പ്രൂഫ് ആണെങ്കിലും നീന്തുകയോ വിയര്‍ക്കുകയോ ചെയ്ത ശേഷം വീണ്ടും പുരട്ടണം. കുളി കഴിഞ്ഞതിന് ശേഷം കാലില്‍ അനുയോജ്യമായ മോയിസ്ചറൈസര്‍ പുരട്ടണം. 
  • പെഡിക്യൂര്‍ ചെയ്യുന്നത് പാദങ്ങളെ മനോഹരമാക്കും. വീട്ടില്‍ തന്നെയോ ബ്യൂട്ടിപാര്‍ലറില്‍ പോയോ ആഴ്ചയിലൊന്ന് കാലുകള്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യണം. മൃദചര്‍മത്തെ നീക്കം ചെയ്യാനും പാദങ്ങളുടെ സ്വഭാവിക ഭംഗി നിലനിര്‍ത്താനും ഇത് സഹായിക്കും. 
  • വേനല്‍ക്കാലത്ത് നെയില്‍ പോളിഷിന്റെ ഉപയോഗം കുറയ്ക്കണം. 
  • ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്ന വിയര്‍പ്പ് അടിയാതിരിക്കാന്‍ അക്രിലിക്, സിന്തറ്റിക് മിശ്രിത സോക്‌സുകള്‍ മികച്ചതാണ്. വേനല്‍ക്കാലത്ത് ഇത്തരം സോക്‌സ് ധരിക്കുക.

മുടിക്ക് പൊടിക്കൈകള്‍

  1. ഡ്രൈഹെയര്‍ ഉള്ളവര്‍ ഉലുവ കുതിര്‍ത്തത് മുട്ടയുടെ വെള്ള ചേര്‍ത്ത് പുരട്ടി 10 മിനിട്ടിന് ശേഷം കഴുകാം. 
  2. ഓയിലി ഹെയര്‍ ഉള്ളവര്‍ പയറുപൊടിയോ കടലമാവോ ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. തെയിലവെള്ളം തണുപ്പിച്ചത് മുടിക്ക് നല്ലൊരു കണ്ടീഷണറാണ്. 
  3. കഞ്ഞിവെള്ളം നേര്‍പ്പിച്ചതില്‍ രണ്ടോ മൂന്നോ ചെറിയ ഉള്ളി അരച്ചു ചേര്‍ത്ത ശേഷം രണ്ട് ദിവസം വയ്ക്കുക. ഇത് ഉപയോഗിച്ച് മുടിയില്‍ ധാരകോരുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കും. 
  4. നെല്ലിക്കയിട്ട് തളപ്പിച്ചു തണുപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കും. 

ഈ വഴികള്‍ നോക്കാം

  • തൈരിലോ പാലിലോ കടലമാവ് അല്ലെങ്കില്‍ മുള്‍ട്ടാണിമിട്ടി ചേര്‍ത്ത് അതിലേക്ക് നാരങ്ങാനീര്, ഒലീവ് ഓയില്‍ ഇവ ചേര്‍ത്ത് മിക്‌സ് ചെയ്ത് കൈകളില്‍ പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകാം. കൈകളിലെ കരുവാളിപ്പ് മാറാന്‍ ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം. 
  • പച്ചപപ്പായ തൊലികളഞ്ഞ് കഷണങ്ങളാക്കിയതില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും തൈരു ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് കൈകളിലും കാലുകളിലും പുരട്ടി ഇരുപത് മിനിറ്റിന് ശേഷം കഴുകിക്കളയാം. 
  • ഓരോ നുള്ള് റാഗിപ്പൊടിയും കോഫീ പൗഡറും പാട നീക്കിയ പാലിലോ കൊഴുപ്പു കുറഞ്ഞ തൈരിലോ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുവാളിപ്പ് മാറാന്‍ സഹായിക്കും. 
  • തേങ്ങാവെള്ളത്തില്‍ ഒരു കോട്ടണ്‍ മുക്കി ചൂട് കുരുവുള്ള ഭാഗങ്ങളില്‍ വയ്ക്കുന്നത് നല്ലതാണ്.
  • ഗ്ലിസറിന്‍, തേന്‍, റോസ് വാട്ടര്‍ എന്നിവ മികസ് ചെയ്ത് ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പു നിറം മാറും. 

കടപ്പാട്- ഡോ.റീമ പദ്മകുമാര്‍
റീംസ് ഹെര്‍ബല്‍ ബ്യൂട്ടി സൊല്യൂഷന്‍സ്
തിരുവനന്തപുരം

 

Content Highlights: Beauty and skin care tips for summer