'ഹോട്ട് വൺസിൽ' പങ്കെടുക്കാത്തതിന് കാരണം പറഞ്ഞ് ആൻ ഹാത്‌വേ, 'എനിക്ക് പ്രസവവേദന നേരത്തേയുണ്ടായേക്കാം'

ആൻ ഹാതവേ | AFP
ആൻ ഹാതവേ | AFP

ഹോളിവുഡ് താരം ആൻ ഹാത്‌വേ 43-ാം വയസ്സിൽ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇക്കൊല്ലം ജൂണിൽ ഭർത്താവ് ആദം ഷുൽമാനുമൊത്ത് അവർ സന്തോഷവാർത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ജനപ്രിയ ഷോയായ 'ഹോട്ട് വൺസിൽ' ഇത്തവണ താൻ പങ്കെടുക്കാത്തതിന് കാരണം പറയുകയാണ് ആൻ. 

'ഹോട്ട് വൺസിൽ' അതിഥിയായിയെത്തി സ്പൈസി ചിക്കൻ വിങ്സ് ആസ്വദിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഡോക്ടർ അത് അനുവദിച്ചില്ലെന്നും ഒരു പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ആൻ പറഞ്ഞു-പുതിയ സിനിമയുടെ പ്രൊമോഷനായി എനിക്ക് 'ഹോട്ട് വൺസ്' ചലഞ്ച് ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്നു. എന്നാൽ പിന്നീട് ഞാൻ ഗർഭിണിയായി, എനിക്ക് പ്രസവവേദന നേരത്തെ ഉണ്ടായേക്കാം എന്നതിനാൽ അത് ചെയ്യാനാവില്ലെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ ഞാൻ ഇതുവരെ ആ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല, അത് എപ്പോഴാണ് നടക്കുകയെന്ന് എനിക്ക് ഉറപ്പില്ല. ഒരുപക്ഷേ അടുത്ത വർഷം.”

വളരെ സ്പൈസിയായ ചിക്കൻ വിങ്സ് കഴിച്ചുകൊണ്ട് സെലിബ്രിറ്റികൾ അഭിമുഖത്തിൽ പങ്കെടുക്കുന്ന ഷോയാണ് ‘ഹോട്ട് വൺസ്’. 

അതേസമയം, മൂന്നാമത്തെ ഗർഭധാരണം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നോ അതോ യാദൃശ്ചികമായിരുന്നോയെന്ന് ചോദിച്ചപ്പോൾ ആൻ പറഞ്ഞത് തങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു, പക്ഷേ അപ്രതീക്ഷിതമായിരുന്നു എന്നാണ്. "ഞങ്ങൾ ഞെട്ടിപ്പോയി. കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ട് പോയതിൽ അമ്പരന്നു, അതിനാൽ ഞങ്ങൾ ഈ കുഞ്ഞിനെ 'ബസർ-ബീറ്റർ' എന്നാണ് വിളിക്കുന്നത്."-അവർ പറഞ്ഞു.

ഇതിനിടെ, ആനിന്റെ ഗർഭം വ്യാജമാണെന്ന തരത്തിലും ചില പ്രചാരണങ്ങളുണ്ടായിരുന്നു. താരം തമാശയോടെ ഇത് തള്ളിക്കളഞ്ഞു,

ആൻ ഹാത്‌വേയും ആദം ഷുൽമാനും 2012-ലാണ് വിവാഹിതരായത്. നാലാം വർഷം ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. ഗർഭധാരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ഈ ദമ്പതികൾ, 2019-ൽ തങ്ങളുടെ രണ്ടാമത്തെ മകനായ ജാക്കിനെയും സ്വാഗതം ചെയ്തു. വന്ധ്യതയെക്കുറിച്ചുള്ള തന്റെ പ്രശ്നങ്ങളെക്കുറിച്ച് ആൻ എപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവർ ഇങ്ങനെ എഴുതി.

“വന്ധ്യതയുടെയും ഗർഭധാരണത്തിന്റെയും വഴികളിലൂടെ കടന്നുപോകുന്ന എല്ലാവരോടും, എന്റെ രണ്ട് ഗർഭധാരണങ്ങളും എളുപ്പമുള്ള വഴിയിലൂടെ ആയിരുന്നില്ലെന്ന് ദയവായി മനസ്സിലാക്കുക. നിങ്ങൾക്ക് എന്റെ സ്നേഹം നേരുന്നു.”

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anne Hathaway is pregnant with her third child at age 43 in 2026., Her doctor advised against appearing on Hot Ones due to the risk of early labor from spicy food., She hit back at social media trolls claiming her pregnancy bump was fake with the witty line 'Fake hair, real bump'., She is currently promoting her upcoming psychological thriller film adaptation of Verity.