‘അണ്ഡം ശീതീകരിക്കുന്ന പ്രക്രിയ ശാരീരികമായി വല്ലാതെ തളർത്തി, വേദനകൊണ്ട് ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നു’

അകാൻഷ രഞ്ജൻ കപൂർ | PTI
അകാൻഷ രഞ്ജൻ കപൂർ | PTI

ഗിൽറ്റി (Guilty), മോണിക്ക ഓ മൈ ഡാർലിംഗ് (Monica, O My Darling), റേ (Ray), എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അകാൻഷ രഞ്ജൻ കപൂർ. തന്റെ അണ്ഡം ശീതീകരിച്ചതിനെക്കുറിച്ചും (Egg Freezing), അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അവരിപ്പോൾ. സോഹ അലി ഖാൻ്റെ പോഡ്‌കാസ്റ്റായ 'ഓൾ എബൗട്ട് ഹെർ' (All About Her) പുതിയ എപ്പിസോഡിലാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം?

രണ്ട് പ്രധാന കാരണങ്ങളാണ് അകാൻഷ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം AMH (Anti-Mullerian Hormone) പരിശോധന നടത്തിയിരുന്നു. സ്ത്രീകളിലെ അണ്ഡത്തിൻ്റെ അളവ് (Ovarian Reserve) പരിശോധിക്കാനുള്ള രക്തപരിശോധനയാണിത്. അകാൻഷയുടെ പ്രായത്തിന് അനുസരിച്ചുള്ളതിനേക്കാൾ Ovarian Reserve കുറവാണെന്ന് അന്ന് കണ്ടെത്തി. ഭക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അങ്ങേയറ്റം ശ്രദ്ധാലുവായ തനിക്ക് ഇത് വലിയൊരു തിരിച്ചറിവായിരുന്നു എന്നും അവർ പറഞ്ഞു.

ചുറ്റുമുള്ള പലരും ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുന്നതും, പ്രത്യേക കാരണങ്ങളില്ലാത്ത വന്ധ്യതാ പ്രശ്നങ്ങൾ (Unexplained Infertility) നേരിടുന്നതും കണ്ട്, തന്റെ ഭാവി സുരക്ഷിതമാക്കാൻ എടുത്ത തീരുമാനമാണിതെന്നും താരം പറഞ്ഞു.

"ഇതൊരു പേടിയല്ല, മറിച്ച് എന്റെ ഭാവിയിലേക്ക് ചെയ്യേണ്ട ഒന്നാണെന്ന തിരിച്ചറിവാണ് ഇത് ചെയ്യാൻ കാരണം. ഇതൊരു ഇൻഷുറൻസ് പോലെയാണ്," ആകാൻഷ പറഞ്ഞു.

വേദനയും ബുദ്ധിമുട്ടുകളും

അണ്ഡം ശീതീകരിക്കുന്ന പ്രക്രിയ ശാരീരികമായി തന്നെ വല്ലാതെ തളർത്തിയെന്ന് താരം വെളിപ്പെടുത്തി.

മിക്കവർക്കും ഇത്രയധികം വേദന ഉണ്ടാകാറില്ലെങ്കിലും, തനിക്ക് നേരെ നിൽക്കാൻ പോലും കഴിയാത്തത്ര വേദനയുണ്ടായിരുന്നു.

വയറിനുള്ളിൽ ഒരു വലിയ ബലൂൺ ഉള്ളതുപോലെയും അത് എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകുമെന്നുമുള്ള തോന്നലായിരുന്നു. രണ്ടാഴ്ചയോളം സ്വയം ഇഞ്ചക്ഷനുകൾ എടുക്കേണ്ടി വന്നു. വേദന കാരണം രണ്ട് മൂന്ന് ദിവസം നടക്കാൻ പോലും കഴിഞ്ഞില്ലെന്നും താരം ഓർക്കുന്നു.

പ്രായത്തെക്കുറിച്ച്

നിലവിൽ 32 വയസ്സുള്ള അകാൻഷ, ഇത് കുറച്ചുകൂടി നേരത്തെ ചെയ്യാമായിരുന്നു എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഇരുപതുകളുടെ തുടക്കത്തിലോ മധ്യത്തിലോ ആണ് അണ്ഡങ്ങൾ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കുകയെന്നും എങ്കിലും വൈകിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Akansha Ranjan Kapoor reveals her decision to undergo egg freezing at 32., Low AMH levels prompted the medical procedure as a form of fertility insurance., The process involved physical challenges, including severe pain and self-administered injections., The actress advocates for early fertility testing to secure future family planning.