അമിത വണ്ണം കുറയ്ക്കുമോ, വന്ധ്യതയകറ്റുമോ ചേന?

വളരെ എളുപ്പത്തില്‍ കൃഷിചെയ്യാന്‍ സാധിക്കുന്നതും ഏറെ ഗുണങ്ങള്‍ ഉള്ളതുമായ പച്ചക്കറിയാണ് ചേന. സദ്യവട്ടങ്ങളില്‍ മാറ്റിനിര്‍ത്താനാവാത്ത കിഴങ്ങുവര്‍ഗം കൂടിയാണിത്. ഇലയും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്.
- ചേനയില്‍ അടങ്ങിയ നാരുകള്‍ (റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്) ദഹനപ്രക്രിയയെ സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ പോഷിപ്പിച്ച് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു.
- ആന്റി ഓക്‌സിഡന്റുകളുടെ (ഫിനോള്‍സ്, ഫ്‌ളവനോയ്ഡ്, വിറ്റാമിന്‍ സി) കലവറയാണ് ചേന. ഇവ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം തടഞ്ഞ് കാന്‍സര്‍ പോലുള്ള രോഗാവസ്ഥകളെ ചെറുക്കുന്നു. ജീവകങ്ങളുടേയും അമിനോ ആസിഡുകളുടേയും ശരിയായ ആഗിരണത്തിന് സഹായിക്കുന്നു.
- വിറ്റാമിന്‍ ബി-5, ഫോളേറ്റ്, വിറ്റാമിന്‍ ഡി എന്നിവയും ഗ്ലൂക്കോമെനാന്‍ എന്ന ഘടകവും രോഗപ്രതിരോധശേഷിക്കും ശരീരവളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
- ചേനയിലെ ഗ്രെലിന്‍ ഹോര്‍മോണ്‍ വേഗത്തില്‍ വയറുനിറഞ്ഞ തോന്നല്‍ ഉളവാക്കുന്നു. അതിനാല്‍ അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ മറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായി ചേന ഉള്‍പ്പെടുത്താം.
- ചേനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുലവണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിലും കൊളസ്‌ട്രോളിന്റെ അമിതോത്പാദനം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായകരമാണ്.
- ഈസ്ട്രജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ചേനയ്ക്ക് കഴിവുണ്ട്. ഇത് ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും വന്ധ്യത ചികിത്സയിലും ഗുണകരമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
- ഇതിലെ ജിയോസ്‌ഡെനിന്‍ എന്ന ഘടകം ഞരമ്പുകളുടെ ആരോഗ്യത്തിന് സഹായിക്കുകയും അതുവഴി ഓര്‍മശക്തിയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും സുഗമമാക്കുകയും ചെയ്യുന്നു.
- ചേനയില്‍ അടങ്ങിയ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ഉദരപ്രശ്‌നങ്ങളായ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, അള്‍സര്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.
പ്രമേഹവും ചേനയും
മറ്റുകിഴങ്ങുവര്‍ഗങ്ങളെ അപേക്ഷിച്ച് ചേനയില്‍ ഷുഗറിന്റെ അളവ് കുറവാണ്. മാത്രമല്ല ഇതില്‍ നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കൂടുതലുമാണ്. എങ്കിലും പ്രമേഹരോഗികള്‍ ചേന അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. സാധാരണ നിര്‍ദേശിച്ചിട്ടുള്ള മറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പകരമായി ചേന ഉപയോഗിക്കുന്നതുകൊണ്ട് ദോഷമില്ല.
(തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)
Content Highlights: advantages of elephant foot yam