വേദനയും രക്തസ്രാവവും കഠിനമാവുന്ന ഡിസ്‌മെനോറിയ ആയിരുന്നെനിക്ക്‌, ശ്രുതിഹാസന്റെ രോഗത്തെപ്പറ്റി അറിയാം

#ഡോ. എസ് മായാദേവി കുറുപ്പ്
ശ്രുതി ഹാസന്‍ | AFP
ശ്രുതി ഹാസന്‍ | AFP

ആര്‍ത്തവത്തിന്റെ തുടക്കകാലം തന്നെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നുവെന്ന് നടിയും കമല്‍ ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. കഠിനമായ ആര്‍ത്തവവേദനയും രക്തസ്രാവവുമുണ്ടാക്കുന്ന ഡിസ്‌മെനോറിയ എന്ന അവസ്ഥയായിരുന്നു താരത്തിന്. 'എനിക്ക് ആര്‍ത്തവം വരുമ്പോഴെല്ലാം സ്‌കൂളില്‍ എല്ലാവരും അതറിയും, എന്റെ അവസ്ഥ മോശമാകുമ്പോള്‍ വീട്ടിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോവും. ഇപ്പോഴും ഞാനതിന്റെ ബുദ്ധിമുട്ട് നേരിടുന്നു. ഒരു നടിയെന്ന നിലയ്ക്ക് സിനിമയില്‍ ഡാന്‍സ് ചെയ്യുമ്പോഴും സ്റ്റണ്ട് ചെയ്യുമ്പോഴുമെല്ലാം ഞാന്‍ ശരീരത്തോട് മല്ലിടുകയാണ്. ഒരുപാട് സ്ത്രീകള്‍ക്ക് ആര്‍ത്തവം നല്ല രീതിയിലല്ല. ആര്‍ത്തവസമയത്ത് വെളുത്ത പാന്റ്‌സ് ഇട്ട് ചാടാനുള്ള ധൈര്യം ഞാന്‍ കാണിക്കില്ലെ'ന്നും താരം പറഞ്ഞു. 

എന്താണ് ഡിസ്‌മെനോറിയ
ഒട്ടേറെ സ്ത്രീകള്‍ക്ക് ഡിസ്‌മെനോറിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വ്യത്യസ്തമായ അനുഭവമാണ് ആര്‍ത്തവകാലം. ചിലര്‍ക്ക് നിര്‍വചിക്കാനാവാത്ത മൂഡ് സ്വിംഗ്‌സ് ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അതിഭീകരമായ വേദനയുടെ നാളുകളാണവ. മറ്റുചിലര്‍ക്ക് സാധാരണ ദിവസങ്ങള്‍ പോലെയും. അടിവയറ്റില്‍ കൊളുത്തിപ്പിടിച്ചതു പോലെയുള്ള വേദന ഇടവിട്ട് അനുഭവപ്പെടുന്ന കഠിനവേദനയാണ് ഡിസ്‌മെനോറിയ അഥവാ ആര്‍ത്തവവേദന എന്നറിയപ്പെടുന്നത്. ആര്‍ത്തവം ആരംഭിക്കുന്നതിന് 24 മുതല്‍ 48 മണിക്കൂര്‍ മുമ്പ് ആരംഭിക്കുന്ന വേദന ആര്‍ത്തവം തുടങ്ങി 48 മണിക്കൂറിനുള്ളില്‍ കുറയുകയാണ് പതിവ്.

വേദനയ്ക്ക് പിന്നില്‍
ശരീരത്തിലെ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസപദാര്‍ത്ഥം ഗര്‍ഭാശയത്തെ ചുരുക്കുമ്പോഴാണ് ആര്‍ത്തവ വേദന അനുഭവപ്പെടുന്നത്. ആര്‍ത്തവസമത്ത് പ്രോസ്റ്റാഗ്ലാന്‍ഡിന്റെ അളവ് കൂടുതലായിരിക്കും. ഈ രാസപദാര്‍ത്ഥത്തിന്റെ അസന്തുലിതാവസ്ഥ അസാധാരണവും അതികഠിനവുമായ ഗര്‍ഭാശയസങ്കോചമുണ്ടാക്കുകയും വേദനയുടെ കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഡിസ്‌മെനോറിയ രണ്ടായി തരംതിരിക്കാം. ആദ്യത്തെ ആര്‍ത്തവം മുതല്‍ അത് നിലയ്ക്കുന്ന കാലം വരെ ഉണ്ടാകുന്ന ആര്‍ത്തവവേദന പ്രൈമറി ഡിസ്മനോറിയ എന്നാണ് അറിയപ്പെടുന്നത്. ചിലരില്‍ ചില രോഗാവസ്ഥയുടെ ഭാഗമായാണ് ഈ വേദന കണ്ടുവരാറുള്ളത്. എന്‍ഡോമെട്രിയോസിസ്, പെല്‍വിക്ക് അവയവങ്ങളിലെ അണുബാധ, ഗര്‍ഭാശയത്തിലെ അണുബാധ, ഗര്‍ഭാശയത്തിലോ അണ്ഡാശത്തിലോ ഉള്ള മുഴ, അസാധാരണമായ ഗര്‍ഭം, ഗര്‍ഭാശയ അറയിലെ അസാധാരണ വളര്‍ച്ച(പോളിപ്‌സ്), അണ്ഡാശയത്തിലെ സിസ്റ്റുകള്‍ എന്നിവയാണ് ഡിസ്‌മെനോറിയയ്ക്ക് കാരണമാകുന്ന രോഗാവസ്ഥകള്‍. ഇത്തരത്തില്‍ വരുന്ന ആര്‍ത്തവവേദന സെക്കന്‍ഡറി ഡിസ്മനോറിയ എന്നറിയപ്പെടുന്നു.

ഡിസ്‌മെനോറിയയുടെ ലക്ഷണങ്ങള്‍

  • അടിവയറ്റിലെ വേദന (ചില സമയത്ത് കൂടുതലാകും)
  • അടിവയറ്റില്‍ കനം തോന്നുക
  • ഇടുപ്പ്, പുറം, തുടയുടെ ഉള്‍ഭാഗം എന്നിവിടങ്ങളില്‍ വേദന
  • ക്ഷീണം, ഓക്കാനം, തലവേദന

ഡിസ്‌മെനോറിയയ്ക്ക് സാധ്യതയുള്ളവര്‍ 

  • 20 വയസിന് താഴെ പ്രായമുള്ളവര്‍ 
  • ആര്‍ത്തവ രക്തസ്രാവം അധികമുള്ളവര്‍
  • അമിതഭാരമുള്ളവര്‍
  • പ്രസവിക്കാത്തവര്‍
  • പുകവലിക്കുന്നവര്‍
  • പാരമ്പര്യമായി ആര്‍ത്തവവേദനയുള്ളവര്‍
  • വളരെ നേരത്തെ ആര്‍ത്തവം തുടങ്ങിയവര്‍ ( 11 വയസിന് മുമ്പ്)

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രൈമറി ഡിസ്മനോറിയ സ്ത്രീകള്‍ക്ക് സാധാരണ ഗതിയില്‍ വേദനയൊഴിച്ച് മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, സെക്കന്‍ഡറി ഡിസ്മനോറിയയെ കരുതലോടെ വേണം നേരിടാന്‍. എന്‍ഡോമെട്രിയോസിസ്, ഗര്‍ഭാശയത്തിലെ അണുബാധ തുടങ്ങിയ രോഗാവസ്ഥകളാണ് ആര്‍ത്തവ വേദനയ്ക്ക് പിന്നിലെങ്കില്‍ കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്. ഇത്തരം രോഗാവസ്ഥകള്‍ പിന്നീട് വന്ധ്യത, എക്‌റ്റോപിക് പ്രഗ്‌നന്‍സി അഥവ ഗര്‍ഭാശയേതര ഗര്‍ഭം എന്ന അവസ്ഥയിലേക്കും നയിക്കും.

എങ്ങനെ തിരിച്ചറിയാം?
വേദന കുറയ്ക്കാന്‍ വീട്ടുവൈദ്യവും മറ്റും പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍, നിങ്ങള്‍ക്ക് മൂന്നുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ആര്‍ത്തവ വേദനയുണ്ടെങ്കില്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അത്ര വേദന ഉണ്ടെങ്കിലും ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. ആര്‍ത്തവചക്രം കൃത്യമായി നിരീക്ഷിച്ച് ഡോക്ടറെ അറിയിക്കേണ്ടതാണ്. തലവേദന, ശക്തമായ ബ്ലീഡിംഗ് തുടങ്ങിയവ ഉണ്ടെങ്കില്‍ അത് നിരീക്ഷിക്കുകയും ഡോക്ടറോട് പറയുകയും വേണം. പ്രാഥമിക പരിശോധനയിലൂടെയും അള്‍ട്രാസൗണ്ട്, ഹിസ്റ്ററോസ്‌കോപ്പി, ലാപ്രോസ്‌കോപ്പി പരിശോധനകളിലൂടെയും ആര്‍ത്തവവേദനയ്ക്ക് പിന്നിലെ യഥാര്‍ഥകാരണം കണ്ടെത്താനാകും. വേദനസംഹാരികളിലൂടെയും ഹോര്‍മോണ്‍ ചികിത്സയിലൂടെയും വേദനയ്ക്ക് കടിഞ്ഞാണ്‍ ഇടാവുന്നതാണ്. അതിന് ഡോക്ടറുടെ കൃത്യമായ മാര്‍ഗനിര്‍ദേശം വേണ്ടതാണ്. പ്രൈമറി, സെക്കന്‍ഡറി ഡിസ്മനോറിയ ചികിത്സിച്ച് ഭേദമാക്കാനാകും.

വേദന നിയന്ത്രിക്കാനുള്ള ചില മാര്‍ഗങ്ങള്‍
നന്നായി വിശ്രമിക്കുക
ചൂടുവെള്ളം നിറച്ച കുപ്പിയോ ഹോട്ട്‌വാട്ടര്‍ ബാഗോ വേദനയുള്ള ഭാഗങ്ങളില്‍ വയ്ക്കുക
കഫൈന്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക
മദ്യപാനവും പുകവലിയും ഒഴിവാക്കുക
അടിവയറും പുറവും മസാജ് ചെയ്യുക
നിത്യവും വ്യായാമം ചെയ്യുക. വ്യായാമം മുടങ്ങാതെ ചെയ്യുന്നവര്‍ക്ക് ആര്‍ത്തവവേദന കുറവാണ് കണ്ടുവരാറുള്ളത്.
യോഗ, അക്യുപങ്ചര്‍, അക്യുപ്രഷര്‍, ശ്വസനവ്യായാമങ്ങള്‍ തുടങ്ങിയവയും ആര്‍ത്തവവേദന കുറയ്ക്കും. ഇഞ്ചി, നട്‌സ്, ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.

(കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക)

Content Highlights: actress shruti haasan painful menstrual cramps dysmenorrhea