രാവിലെ മുട്ട, ഉച്ചയ്ക്ക് ഇലക്കറികളും മാംസവും, ഇടനേരത്ത് നട്‌സ്; ഭക്ഷണം കഴിച്ച് ഭാരം കുറച്ച ആമിർ ഖാൻ

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി സിനിമാതാരങ്ങൾ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് സാധാരണയാണ്. ഭൂമി പട്‌നേക്കർ, അനുഷ്‌ക ഷെട്ടി, പൃഥ്വിരാജ് സുകുമാരൻ, ഫറ ഷിബ്ല...സിനിമയ്ക്കായി ബോഡി ട്രാൻസ്‌ഫോർമേഷൻ വരുത്തിയ താരങ്ങൾ ഏറെയുണ്ട്.
ആമിർ ഖാനും സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 2016-ൽ പുറത്തിറങ്ങിയ 'ദംഗലി'നായി ആമിർ 25 കിലോയാണ് കൂട്ടുകയും പിന്നാലെ കുറയ്ക്കുകയും ചെയ്തത്. മുൻ ഇന്ത്യൻ ഗുസ്തി ചാമ്പ്യനായ മഹാവീർ സിങ് ഫോഗട്ടിന്റെയും മക്കളായ ഗീത ഫോഗട്ടിന്റെയും ബബിതാ കുമാരിയുടെയും കഥ പറയുന്ന സിനിമയാണ് 'ദംഗൽ'. ഗുസ്തിക്കാരനിൽനിന്ന് പരിശീലനകനിലേക്കുള്ള കഥാപാത്രത്തിന്റെ മാറ്റമനുസരിച്ച് ശരീരത്തിലും ആ വ്യത്യാസങ്ങളുണ്ടാവണം. ബോഡി സ്യൂട്ടിട്ട് ശരീരത്തിന് ഭാരം തോന്നിപ്പിക്കുന്നതിനേക്കാൾ, സ്വാഭാവികമായി ഭാരം കൂട്ടുന്നതിനോടായിരുന്നു ആമിറിന് താത്പര്യം. ആറുമാസം കൊണ്ടാണ് 25 കിലോ കൂട്ടിയത്. ഭാരം കൂട്ടിയതിനെക്കുറിച്ച് പിന്നീട് ആമിർ ഇങ്ങനെ പറഞ്ഞു, ''ഭാരം കൂട്ടുന്നത് രസമായിരുന്നു. എനിക്കിഷ്ടമുള്ളതെല്ലാം കഴിക്കാം. ഭാരം കൂട്ടുന്നതിനൊപ്പം തന്നെ ഗുസ്തിപരിശീലനവും മുടങ്ങാതെ കൊണ്ടുപോകണമായിരുന്നു. അത് പ്രയാസമുള്ള കാര്യമായിരുന്നു. ഭാരം കൂടുന്നതിനനുസരിച്ച് ശരീരം വേഗത്തിൽ ചലിപ്പിക്കാൻ പറ്റില്ല. നടക്കുന്നതും ഇരിക്കുന്നതുമെല്ലാം വ്യത്യാസപ്പെടും, ശ്വാസമെടുക്കുന്ന രീതിയിൽ പോലും വ്യത്യാസം വരും'', ആ സമയത്ത് 97 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം.
പ്രായക്കുറവുള്ള കഥാപാത്രത്തിനായി ഭാരം കുറയ്‌ക്കേണ്ടിയിരുന്നു. കഠിനമായ വ്യായാമവും ഡയറ്റും ചെയ്താണ് ആമിർ ഭാരംകുറച്ചത്. ''ഡയറ്റാണ് പ്രധാനം. അതുശരിയല്ലെങ്കിൽ, എത്ര വ്യായാമം ചെയ്താലും കൃത്യമായ ഫലം ലഭിക്കുകയില്ല'', ആമിർ വിശദീകരിക്കുന്നു.
''ഭക്ഷണം കഴിക്കാതിരിക്കുന്നതല്ല ഡയറ്റ്. ചെറിയ ഇടവേളകളിൽ ലഘുവായി ഭക്ഷണം കഴിക്കുന്നതാണ് ഡയറ്റ്'', ആമിർ വിശദീകരിക്കുന്നു. ''ഗജിനിയിൽ അഭിനയിക്കുന്ന സമയത്ത് ഓരോ അരമണിക്കൂർ കൂടുമ്പോഴും ഞാൻ ലഘുവായി എന്തെങ്കിലും കഴിക്കുമായിരുന്നു. പ്രഭാതഭക്ഷണം മുട്ടയായിരുന്നു. ഉച്ചയ്ക്ക് ഇലക്കറികളും മാംസവും, രാത്രിയിൽ ഗ്രിൽ ചെയ്ത മാംസവും സലാഡും. ഇടനേരങ്ങളിൽ നട്‌സ്, പ്രോട്ടീൻ ഷേക്ക് എന്നിവയും. ഓരോ ദിവസവും നാലുലിറ്ററെങ്കിലും വെള്ളവും കുടിച്ചു''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: aamir khan gained and lost 25kg for his role in dangal