മാരത്തണിന് തലേദിവസം ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ; മികച്ച പ്രകടനത്തിന് ഈ മുൻകരുതലുകൾ

ഓട്ടത്തോടുള്ള താൽപര്യം വർധിച്ചതോടെ മാരത്തണുകളിൽ പങ്കെടുക്കാനും ദീർഘദൂരം ഓടാനും തയാറെടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ശാരീരികക്ഷമതയ്ക്കൊപ്പം മാനസികമായ കരുത്തും ആത്മവിശ്വാസവും പരീക്ഷിക്കുന്നതാണ് മാരത്തൺ. ആദ്യമായി മാരത്തണിൽ പങ്കെടുക്കുന്നവരായാലും പരിചയസമ്പന്നരായ ഓട്ടക്കാരായാലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. പ്രത്യേകിച്ച് മത്സരത്തിന്റെ തലേദിവസം ഭക്ഷണം, ഉറക്കം, വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മാരത്തണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന ഒൻപത് നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് വിദഗ്ധർ.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാം
മാരത്തണിന് രണ്ടോ മൂന്നോ ദിവസം മുൻപുതന്നെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വർധിപ്പിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ ഗ്ലൈക്കോജൻ സംഭരിക്കാൻ സഹായിക്കും. ഓട്ടത്തിനിടെ ആവശ്യമായ ഊർജം ലഭിക്കാനും ഊർജനില നിലനിർത്താനും ഇത് ഉപകരിക്കും. ചോറ്, പാസ്ത, ഉരുളക്കിഴങ്ങ്, ഓട്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ അമിതമായി ഭക്ഷണം കഴിക്കേണ്ടതില്ല.
മറ്റുള്ളവരോടല്ല, നിങ്ങളോടുതന്നെ മത്സരിക്കുക
മാരത്തണിൽ വേഗത്തിൽ ഓടിത്തുടങ്ങാനുള്ള ആവേശം നിയന്ത്രിക്കണം. തുടക്കത്തിൽ തന്നെ പരമാവധി വേഗം കൈവരിക്കാൻ ശ്രമിക്കുന്നത് പിന്നീട് ക്ഷീണത്തിന് കാരണമാകാം. സ്വന്തം ശരീരത്തിന്റെ ശേഷിയും പരിശീലനത്തിലൂടെ കൈവരിച്ച വേഗവും മനസ്സിലാക്കി മുന്നോട്ടുപോകുക. തുടക്കത്തിൽ വേഗം കുറച്ച് സ്ഥിരതയോടെ ഓടുന്നതാണ് നല്ലത്. ഓർക്കുക, മറ്റുള്ളവരെ മറികടക്കുന്നതിനേക്കാൾ പ്രധാനമാണ് ലക്ഷ്യത്തിലെത്തുക എന്നത്.
മനസ്സിനും ശരീരത്തിനും വിശ്രമം നൽകാം
മാരത്തണിന് തലേദിവസം ശരീരത്തിനും മനസ്സിനും വിശ്രമം നൽകണം. അത്താഴത്തിനുശേഷം ഇളംചൂടുള്ള പാൽ, മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ലൊരു ശീലമായിരിക്കും. പാലിൽ അടങ്ങിയ കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ പേശികളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു. പാലിലെ ട്രിപ്റ്റോഫാൻ ഉറക്കത്തെ പ്രോത്സാഹിപ്പിക്കാനും സഹായിച്ചേക്കാം. മഞ്ഞളിലെ കുർക്കുമിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തെ ശാന്തമാക്കി നല്ല ഉറക്കത്തിന് തയ്യാറെടുക്കാൻ ഇത്തരം പാനീയങ്ങൾ സഹായിക്കും.
ഓടുമ്പോൾ കാലടികൾ ശ്രദ്ധിക്കാം
ഓടുമ്പോൾ നീളത്തിൽ ചുവടുവയ്ക്കുന്നതാണോ അതോ ചെറിയ ചുവടുകൾ വയ്ക്കുന്നതാണോ നല്ലത് എന്ന സംശയം പലർക്കുമുണ്ടാകാം. പൊതുവെ സ്വാഭാവികമായും നിയന്ത്രിതമായും ചുവടുകൾ വയ്ക്കുന്നതാണ് ഉചിതം. അമിതമായി കാലുകൾ നീട്ടിവച്ച് ഓടുന്നത് ശരീരത്തിന് കൂടുതൽ സമ്മർദമുണ്ടാക്കാനിടയുണ്ട്. സ്വന്തം ശരീരത്തിന് അനുയോജ്യമായ ചുവടുകളുടെ ദൈർഘ്യവും താളവും കണ്ടെത്തുകയാണ് പ്രധാനം.
ഓട്ടത്തിനായുള്ള ലക്ഷ്യങ്ങൾ മനസ്സിൽ ഉറപ്പിക്കാം
മാരത്തണിന് മുൻപ് ഓട്ടത്തിലൂടെ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് സ്വയം വിലയിരുത്താം. എങ്ങനെ ഓടണം, എങ്ങനെയുള്ള അനുഭവമാണ് പ്രതീക്ഷിക്കുന്നത്, എന്താണ് ലക്ഷ്യം തുടങ്ങിയ കാര്യങ്ങൾ എഴുതിവയ്ക്കുന്നത് നല്ലതാണ്. ഇത് ആശങ്ക കുറയ്ക്കാനും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. സമയപരിധിക്കുള്ളിൽ ഓടിയെത്തുക എന്നതുമാത്രമാകരുത് ലക്ഷ്യം. സ്വന്തം കഴിവിന്റെ പരമാവധി പ്രകടനം കാഴ്ചവയ്ക്കാനും ശ്രമിക്കാം.
പരിചയമില്ലാത്ത ഭക്ഷണങ്ങൾ പരീക്ഷിക്കരുത്
മാരത്തണിന് തലേദിവസം പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാനുള്ള സമയമല്ല. പതിവായി കഴിക്കുന്നതും ദഹനപ്രശ്നങ്ങളുണ്ടാക്കാത്തതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. പുതിയ ഭക്ഷണങ്ങൾ വയറിന് അസ്വസ്ഥതയോ ദഹനപ്രശ്നങ്ങളോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഓട്ടത്തിന് മുൻപ് ശരീരത്തിന് അനുയോജ്യമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് നല്ലത്.
ലഘുഭക്ഷണങ്ങൾ മുൻകൂട്ടി തയ്യാറാക്കാം
മാരത്തണിന് മുൻപുള്ള ഭക്ഷണക്രമം മാത്രമല്ല, ഓട്ടത്തിനിടയിൽ കഴിക്കേണ്ട ലഘുഭക്ഷണങ്ങളെക്കുറിച്ചും ധാരണ വേണം. ദീർഘദൂര ഓട്ടത്തിനിടെ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ കാർബോഹൈഡ്രേറ്റുകൾ പ്രധാനമാണ്. ഓരോ മണിക്കൂറിലും ഏകദേശം 30 മുതൽ 90 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് ആവശ്യമായി വന്നേക്കാം. ഓട്ടത്തിന്റെ ദൈർഘ്യം, വേഗം, പരിശീലനനില എന്നിവ അനുസരിച്ച് അളവിൽ മാറ്റമുണ്ടാകും. കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് വെള്ളവും സോഡിയവും ലഭിക്കുന്ന ഭക്ഷണപാനീയങ്ങൾ തിരഞ്ഞെടുക്കാം. എനർജി ജെല്ലുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, പഴങ്ങൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഇവയെല്ലാം പരിശീലനത്തിനിടെ പരീക്ഷിച്ച് ശരീരത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കിയശേഷം മാത്രം മത്സരദിവസം ഉപയോഗിക്കുക.
പ്രിയപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കാം
മാരത്തൺ എന്നത് ശാരീരികക്ഷമത മാത്രമല്ല, മാനസികമായ കരുത്തും ആവശ്യപ്പെടുന്ന അനുഭവമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ വലിയ പ്രചോദനമാകും. ഓട്ടത്തിനിടെ പ്രിയപ്പെട്ടവർ നൽകുന്ന പ്രോത്സാഹനം അവസാന കിലോമീറ്ററുകളിലെ ക്ഷീണം മറികടക്കാൻ സഹായിച്ചേക്കാം. പോസിറ്റീവായ ചിന്തകളും ആത്മവിശ്വാസവും നിലനിർത്താനും ശ്രമിക്കുക.
ഉറക്കത്തിന് പ്രാധാന്യം നൽകാം
മാരത്തണിന് തലേദിവസം നല്ല ഉറക്കം ലഭിക്കുന്നത് പ്രധാനമാണ്. എന്നാൽ മത്സരത്തിന്റെ തലേന്ന് മാത്രം ഉറക്കത്തിന് പ്രാധാന്യം നൽകിയാൽ പോരാ. അതിന് മുൻപുള്ള ദിവസങ്ങളിലും മതിയായ ഉറക്കം ഉറപ്പാക്കണം. ഓട്ടത്തെക്കുറിച്ചുള്ള ആശങ്കയും ആവേശവും കാരണം ഉറക്കം തടസ്സപ്പെടാം. ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാം. ശാന്തമായ അന്തരീക്ഷം ഒരുക്കി നേരത്തേ ഉറങ്ങാൻ ശ്രമിക്കാം. നല്ല ഉറക്കം ശരീരത്തിന് വിശ്രമം നൽകുന്നതിനൊപ്പം അടുത്ത ദിവസത്തെ ഓട്ടത്തിനായി മനസ്സിനെ ഒരുക്കുകയും ചെയ്യും.
മാരത്തണിന് മുൻപുള്ള ദിവസങ്ങളിൽ പുതിയ ഭക്ഷണക്രമങ്ങളോ വ്യായാമരീതികളോ പരീക്ഷിക്കരുത്. പരിശീലനകാലത്ത് ശരീരത്തിന് അനുയോജ്യമായെന്ന് ഉറപ്പാക്കിയ ശീലങ്ങൾ തുടരുന്നതാണ് സുരക്ഷിതം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi