ഭാരം കുറയ്ക്കാന്‍ ഇനി 6-6-6 ടെക്‌നിക്ക് പ്രയോഗിക്കാം

പ്രതീകാത്മകചിത്രം, പി.ജയേഷ്
പ്രതീകാത്മകചിത്രം, പി.ജയേഷ്

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പിന്തുടരാവുന്ന വ്യായാമമുറയാണ് നടത്തം. ശരീരാരോഗ്യം മെച്ചപ്പെടുത്തുക, ഭാരം കുറയ്ക്കുക, ജിമ്മിൽ പോവാൻ വയ്യ, എന്നാൽ വ്യായാമം ചെയ്യുകയും വേണം...ഇങ്ങനെ പല ഉദ്ദേശ്യത്തിലാണ് ആളുകൾ നടക്കാനിറങ്ങുന്നത്‌. ജിമ്മില്‍ പോകുന്നതിനോ, മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതിനോ ഉള്ള പ്രയാസങ്ങളൊന്നും നടത്തത്തിനില്ല. രാവിലെയോ, വൈകുന്നേരമോ നിങ്ങളുടെ സമയം പോലെ നടക്കാനിറങ്ങുന്നത് ശരീരത്തെയും മനസിനെയും ഒരുപോലെ ആരോഗ്യമുള്ളതാക്കുന്നു. ഭാരം കുറയ്ക്കാനാണ് നടത്തം ശീലമാക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് 6-6-6 ടെക്നിക് പ്രയോഗിക്കാം.

എന്താണ് 6-6-6
വേഗത്തിലുള്ള ഓട്ടവും, നടപ്പും തുടങ്ങുന്നതിന് മുന്‍പ് ശരീരത്തിന് ഒരു വാം അപ്പ് നല്‍കേണ്ടതുണ്ട്. അതുകൊണ്ട് നടത്തം തുടങ്ങുന്നതിന് മുന്‍പ് ആദ്യത്തെ ആറ് മിനിറ്റ് കൈകാലുകള്‍ ഇളക്കി, ശരീരത്തിന് ഒരു മുന്നറിയിപ്പ് നല്‍കാം. ആദ്യത്തെ ആറ് മിനിട്ടിന് ശേഷം അടുത്ത അറുപതു മിനിറ്റ് കൈകള്‍ വീശി തുടര്‍ച്ചയായി നടക്കണം. ഇത് ഹൃദയനിരക്ക് ഉയര്‍ത്തി കലോറി കുറയ്ക്കാന്‍ സഹായിക്കും.

അവസാനത്തെ ആറ് മിനിട്ട് ആദ്യത്തേത് പോലെ വേഗം കുറച്ച്, വ്യായാമം നിര്‍ത്താന്‍ പോവുകയാണെന്ന് ശരീരത്തോട് പറയുക. ഹൃദയമിടിപ്പ് സാധാരണ നിലയിലെത്തിച്ച്, ശരീരത്തെ ഒന്ന് തണുപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. മൊത്തം 72 മിനിട്ടുകള്‍ എടുക്കുന്ന ഈ വ്യായാമരീതിയാണ്  6-6-6 ടെക്നിക്.

6-6-6 നടത്തത്തിന്റെ ഗുണങ്ങള്‍

  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ സ്ഥിരത വര്‍ധിപ്പിക്കുന്നതിനും കലോറി കുറയ്ക്കുന്നതിനുമെല്ലാം ഈ ടെക്നിക് സഹായിക്കുന്നു.
  • കൈവീശിയുള്ള നടത്തം രക്തയോട്ടം നിയന്ത്രിച്ച് രക്തസമ്മര്‍ദം കുറയ്ക്കുന്നു.
  • പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഏറെ ഗുണം ചെയ്യുന്നു.
  • ആഴത്തിലുള്ള ഉറക്കം ലഭിക്കാനും വിഷാദസാധ്യത കുറയ്ക്കാനും കാരണമാകുന്നു.
  • മാനസികാരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: lose weight with the 6-6-6 walking technique