മോണയുടെ ആരോഗ്യവും പല്ലുകളുടെ ശുചിത്വവും നിസ്സാരമാക്കാറുണ്ടോ? ഹൃദയാരോഗ്യത്തെ തകർക്കുന്ന ശീലങ്ങൾ...

ഹൃദ്രോഗങ്ങൾ പെട്ടെന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നവയല്ല. ദിനംപ്രതി തുടരുന്ന കൊച്ചു കൊച്ചു ശീലങ്ങളാണ് വർഷങ്ങൾക്കിപ്പുറം നമ്മുടെ ഹൃദയാരോഗ്യത്തെ നിർണ്ണയിക്കുന്നത്. അറിയാതെയാണെങ്കിലും നമ്മൾ ദിവസവും തുടരുന്ന ചില നിസ്സാര ശീലങ്ങൾ ഹൃദയത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടത്രെ.
ലക്ഷണങ്ങൾ പുറത്തുവരുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദയത്തിന് കേടുപാടുകൾ വരുത്തിവെക്കുന്ന പ്രധാന ശീലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കാർഡിയോളജിസ്റ്റും ഹാർട്ട്-ട്രാൻസ്പ്ലാന്റ് സ്പെഷ്യലിസ്റ്റുമായ ഡോ. ഡിമിത്രി യാരനോവ്.
അപൂർണ്ണമായ ഉറക്കം
ശരീരത്തിനാവശ്യമായ വിശ്രമവും ശക്തി വീണ്ടെടുക്കലുമെല്ലാം നടക്കുന്നത് ഉറക്കത്തിലാണ്. കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്കും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുന്നതിനും കാരണമാകും. ഇൻസുലിൻ പ്രതിരോധം വർദ്ധിക്കുകയും രക്തസമ്മർദ്ദം കൂടുകയും ചെയ്യാം. ഇത് ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തിന് പൂർണ്ണമായി റീസെറ്റ് ചെയ്യാനുള്ള സമയം നൽകിയില്ലെങ്കിൽ അതിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഡേക്ടർ മുന്നറിയിപ്പ് നൽകുന്നു.
നിരന്തരമായ മാനസിക സമ്മർദ്ദം
ചെറിയ സ്ട്രെസ്സുകൾ സാധാരണയാണെങ്കിലും, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തെ എപ്പോഴും ബുദ്ധിമുട്ടിക്കും. ഇതുവഴി ഹൃദയമിടിപ്പ് ഉയർന്ന നിലയിൽ തുടരുക, നാഡീവ്യവസ്ഥയ്ക്ക് ആവശ്യമായ വിശ്രമം ലഭിക്കാതെ വരിക എന്നീ പ്രശ്നങ്ങളുണ്ടാകും. ദഹനം, ഉറക്കം, ആഹാരക്രമം എന്നിവയുടെ താളംതെറ്റാം.
'എനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല'
തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് പലരും പറയാറുണ്ട്. ആരോഗ്യരംഗത്തെ ഏറ്റവും വലിയ മിഥ്യാധാരണയാണിത്. ഉയർന്ന രക്തസമ്മർദ്ദം (High BP) സൈലന്റ് കില്ലറെന്നാണ് അറിയപ്പെടുന്നത്. കൊളസ്ട്രോൾ, പ്രീ-ഡയബറ്റിസ്, പ്രമേഹം തുടങ്ങിയവ യാതൊരു ബാഹ്യ ലക്ഷണങ്ങളും കാണിക്കാതെ തന്നെ ശരീരത്തിൽ ഉണ്ടാകാം. അതിനാൽ ലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ രക്തപരിശോധനയും ആരോഗ്യപരിശോധനകളും നടത്തുക.
കുടലിന്റെ ആരോഗ്യം അവഗണിക്കരുത്
നമ്മൾ കഴിക്കുന്ന ഭക്ഷണം കുടലിലെ നല്ല ബാക്ടീരിയകളുടെ നിലനിൽപ്പിനെ സ്വാധീനിക്കുന്നു. കുടലിന്റെ ആരോഗ്യം (Gut Health) തകരാറിലാകുന്നത് കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ശരീരഭാരം എന്നിവയെ നേരിട്ട് ബാധിക്കും. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, ആരോഗ്യകരമായ എണ്ണകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
പല്ലുകളുടെ ശുചിത്വം
പല്ലുകളും ഈറുകളും വൃത്തിയായി സൂക്ഷിക്കാത്തത് വായിൽ ബാക്ടീരിയകൾ പെരുകാനും ഈറുകളിൽ അണുബാധയ്ക്കും കാരണമാകുന്നു. വായിലുണ്ടാകുന്ന അണുബാധ ശരീരത്തിലുടനീളം വീക്കത്തിന് വഴിവെക്കുകയും പ്രതിരോധസംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതും ഫ്ലോസ് ചെയ്യുന്നതും അത്യന്താപേക്ഷിതമാണ്.
നമ്മൾ അനുദിനം ആവർത്തിക്കുന്ന ശീലങ്ങളാണ് ഭാവിയിൽ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം തീരുമാനിക്കുന്നത്. അതിനാൽ നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, പല്ലുകളുടെ ശുചിത്വം എന്നിവ ശീലങ്ങളുടെ ഭാഗമാക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Poor sleep increases cortisol and blood pressure., Chronic stress keeps the nervous system in a constant fight-or-flight state., Lack of symptoms does not mean absence of disease like high BP., Gut health directly impacts cholesterol and blood sugar levels., Poor gum health leads to systemic inflammation affecting the heart.